ജില്ലയില്‍ അടുത്തടുത്ത ദിവസങ്ങളിലായി കെട്ടിടങ്ങള്‍ക്ക് തീപിടിക്കുന്നത് തുടര്‍ക്കഥയാകുന്ന സാഹചര്യത്തിലാണ് വടകരയിലെ കെട്ടിടങ്ങളില്‍ അഗ്നിശമനാ സംവിധാനങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി വടകര ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീം വടകര പുതിയ സ്റ്റാന്‍ഡ്, പഴയ സ്റ്റാന്‍ഡ് പരിസരങ്ങളിലെ കെട്ടിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് പ്രതിരോധ സംവിധാനങ്ങളില്ലാതെ പ്രവര്‍ത്തിക്കുന്ന ഇരുപതോളം വന്‍കിട കെട്ടിടങ്ങള്‍ കണ്ടെത്തിയത്.
ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഡയറക്ടര്‍ ജനറലിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു പരിശോധന നടത്തിയത്. നേരത്തെ ഉണ്ടായിരുന്ന ലൈസന്‍സ് പുതുക്കാത്ത 18 കെട്ടിടങ്ങള്‍ക്കെതിരേയും എന്‍.ഒ.സി ലഭിക്കാത്ത രണ്ട് കെട്ടിടവുമാണ് സുരക്ഷിതമല്ലാത്ത അവസ്ഥയില്‍ കണ്ടെത്തിയത്.
ഇത്തരം കെട്ടിടങ്ങള്‍ക്ക് ഫയര്‍ ക്യാബിനറ്റ്, ഫയര്‍ എക്‌സിവിഷറുകള്‍, ഫയര്‍ അലാം, വാള്‍ പോയന്റ്, കണ്‍ട്രോള്‍ പാനലുകള്‍, ഹോഴ്‌സുകള്‍, ഹീറ്റ് ആന്‍ഡ് സ്‌മോക്ക് ഡിറ്റക്ടര്‍, ഫയര്‍ ബ്രിഗേഡിംഗ് ഇന്‍ലെറ്റ്, സ്പ്രിംഗറുകള്‍ എന്നീ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കണമെന്ന നിര്‍ദേശമാണ് കെട്ടിട ഉടമകള്‍ പാടെ അവഗണിച്ചത്. കെട്ടിട നിര്‍മ്മാണത്തില്‍ കര്‍ശനമായി പാലിക്കേണ്ട ഈ നിര്‍ദ്ദേശങ്ങള്‍ നിരാകരിച്ച ഈ കെട്ടിടങ്ങള്‍ക്ക് എങ്ങനെ ലൈസന്‍സ് കിട്ടി എന്നതും ദുരൂഹമാണ്.
ഒരു അപകടമുണ്ടായാല്‍ പ്രതിരോധ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ വന്‍ ദുരന്തങ്ങള്‍ക്ക് വഴിവെക്കുന്നതാണ് കെട്ടിട ഉടമകളുടെ ഈ നടപടി. ചില ലോഡ്ജുകളിലെ മുറികള്‍ വേര്‍തിരിക്കാന്‍ പ്ലൈവുഡ് ഷീറ്റുകള്‍ ഉപയോഗിച്ചതും വൈദ്യുതി മീറ്ററുകളും സ്വിച്ച് ബോര്‍ഡുകളും അപകടാവസ്ഥയില്‍ സ്ഥാപിച്ചതും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ജനങ്ങള്‍ക്ക് ഭീഷണിയാകുന്ന ഇത്തരം കെട്ടിടങ്ങള്‍ക്ക് ഈ സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കണമെന്നും കണ്ടെത്തിയ അപാകതകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് സ്ഥാപനങ്ങളുടെ ഉടമയുടെ പേര് സഹിതം വടകര നഗരസഭയ്ക്ക് ഫയര്‍ഫോഴ്‌സ് അധികൃതര്‍ കത്ത് നല്‍കിയിരിക്കുകയാണ്. വടകര നഗരസഭയ്ക്ക് കീഴില്‍ മാത്രം ഇരുപതോളം കെട്ടിടങ്ങള്‍ ഉള്ളതായാണ് ആദ്യ പരിശോധനയില്‍ കണ്ടെത്തിയത്.
പരിശോധനക്കിടയില്‍ ചില കെട്ടിടങ്ങള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടതായി വടകര സ്റ്റേഷന്‍ ഓഫീസര്‍ ജഗദീഷ് നായര്‍ പറയുന്നു. കെട്ടിട ഉടമകള്‍ പതിനഞ്ച് ദിവസത്തിനകം പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ ഡയറക്ടര്‍ ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത ദിവസങ്ങളില്‍ നഗരത്തിലെ മറ്റു കെട്ടിടങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഫയര്‍ സ്റ്റേഷന്‍ അറിയിച്ചു.
കഴിഞ്ഞ മാസം ഫെബ്രുവരിയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ സംസ്ഥാനത്തെ എല്ലാ വന്‍കിട കെട്ടിടങ്ങളിലും പരിശോധന നടത്താന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ തീരുമാനിച്ചിട്ടുണ്ട്. പരിശോധിച്ച് ജില്ലാ കളക്ടര്‍മാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാണ് തീരുമാനം. ഫയര്‍ എന്‍.ഒ.സി ഇല്ലാത്ത കെട്ടിടങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഉന്നതതലയോഗം തീരുമാനിച്ചിരുന്നു. അനുമതി പുതുക്കാത്തവര്‍ക്കും അഗ്നിശമനാസംവിധാനങ്ങള്‍ കാര്യക്ഷമമാക്കത്തവര്‍ക്കുമെതിരെ നടപടിയെടുക്കാനാണ് തീരുമാനം.
എന്‍.ഒ.സി ലഭിച്ചവര്‍ തന്നെ വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് നോട്ടീസ് നല്‍കാന്‍ ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ALSO READ: പ്രളയാനന്തരം കൊടുംതാപം; കേരളത്തിലെ ജീവനേയും ജീവിതത്തേയും കാലാവസ്ഥാ വ്യതിയാനം ബാധിക്കുന്നതെങ്ങനെ
ഞായറാഴ്ചയാണ് കോഴിക്കോട് പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള മെറ്റല്‍ കടയില്‍ തീപിടുത്തമുണ്ടായത്. റാണി മെറ്റല്‍സിലുണ്ടായ തീ പിടുത്തത്തില്‍ രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലും ഇന്നലെ തീപിടുത്തമുണ്ടായിരുന്നു. കൊച്ചി ബ്രഹ്മപുരം പ്ലാന്റിലും പാലക്കാട് ടൗണിലുമുണ്ടായ തീപിടുത്തങ്ങള്‍ അധികൃതരുടെ അനാസ്ഥയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.
അതേസമയം ദേശീയ മാനദണ്ഡമനുസരിച്ച് ഫയര്‍സ്റ്റേഷനുകളുടെ എണ്ണം സംസ്ഥാനത്ത് നേര്‍പകുതി മാത്രമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഭരണപരമായ തീരുമാനങ്ങള്‍ എടുക്കേണ്ട ജില്ലമേധാവികളായി ഉന്നത ഉദ്യോഗസ്ഥരില്ലാത്തതും പ്രതിസന്ധിയുണ്ടാക്കുന്നു. കഴിഞ്ഞ 55 ദിവസത്തിനിടെ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ചെറുതും വലുതുമായി 567 തീപിടുത്തങ്ങളാണുണ്ടായത്.
WATCH THIS VIDEO: