കൊച്ചി: കോണ്‍ഗ്രസിന്റെ വഴിതടയല്‍ സമരത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ ജോജുവിന് പിന്തുണയുമായി സിനിമ പ്രവത്തകര്‍. കെ.പി.സി..സി. പ്രസിഡന്റ് കെ. സുധാകരന്‍ ജോജുവിനെ ഗുണ്ടാ എന്ന് വിളിച്ചത് ശരിയായില്ലെന്ന് ഫെഫ്ക്കയുടെ അധ്യക്ഷന്‍ ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
ജോജുവിനെ ഇങ്ങനെ ആക്രമിച്ചത് ശരിയായില്ലെന്നും ജോജു പൊതുജനത്തിന് വേണ്ടിയാണ് സംസാരിച്ചതെന്നും അതില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജോജു ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചത് അദ്ദേഹത്തിന്റെ അരികിലുണ്ടായ കീമോ രോഗിയുടെ ബുദ്ധിമുട്ടാണ്. ഇങ്ങനെയൊരു പ്രശ്‌നത്തില്‍ ഇടപെടുമ്പോള്‍ വൈകാരികതയുടെ തലം ഉണ്ടാകുന്നതും അവിടെ വാക്കേറ്റമുണ്ടാകുന്നതും സ്വാഭാവികമാണ്.
ഇതിന്റെ പേരില്‍ ഗുണ്ടാ എന്ന് കെ.പി.സി..സി. പ്രസിഡന്റ് വിളിച്ചതിനും അദ്ദേഹത്തിന്റൈ വാഹനം തല്ലി തകര്‍ത്തതിനും സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പെട്രോളിയം ഉല്പന്നങ്ങളുടെ വില കുറക്കാന്‍ യാത്രക്കാരുടെ വാഹനം തല്ലി പൊളിക്കുകയാണോ പരിഹാരമെന്ന് സംവിധായകന്‍ പത്മകുമാര്‍ ചോദിച്ചു. ജോജു ജോര്‍ജിനെതിരെ നടന്ന ഹീനമായ അക്രമത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടന്‍ ജോജു ജോര്‍ജ് ക്രിമിനലാണെന്നും തറഗുണ്ടയാണെന്നും സുധാകരന്‍ അധിക്ഷേപിച്ചിരുന്നു. ജോജുവിന്റെ വാഹനം തകര്‍ത്തതിനെ ന്യായീകരിച്ചുകൊണ്ടായിരുന്നു സുധാകരന്‍ രംഗത്തെത്തിയത്.