ചലചിത്ര നയരൂപീകരണ കമ്മറ്റിക്കെതിരെ ഫിലിം ചേമ്പർ; കമ്മിറ്റിയിലേക്ക് വിളിക്കാത്തതിൽ കുഴപ്പമില്ലെന്ന് ജി.സുരേഷ് കുമാർ
Entertainment
ചലചിത്ര നയരൂപീകരണ കമ്മറ്റിക്കെതിരെ ഫിലിം ചേമ്പർ; കമ്മിറ്റിയിലേക്ക് വിളിക്കാത്തതിൽ കുഴപ്പമില്ലെന്ന് ജി.സുരേഷ് കുമാർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 24th July 2023, 9:36 am

പുതിയതായി രൂപം കൊണ്ട ചലച്ചിത്ര നയരൂപീകരണത്തിനുള്ള ഷാജി എൻ.കരുൺ കമ്മിറ്റിക്കെതിരെ ഫിലിം ചേമ്പർ. സിനിമ സംഘടനകളുമായി ആലോചിക്കാതെയാണ് നയരൂപീകരണ കമ്മിറ്റി രൂപീകരിച്ചതെന്നും രാജീവ് രവിയെപോലെ വലിയ ക്യാമറ മാൻ കമ്മിറ്റിയിൽ ഉണ്ടെങ്കിലും നയം രൂപീകരിക്കാൻ അദ്ദേഹത്തിനാകുമോയെന്ന് തനിക്കറിയില്ലെന്ന്‌ ഫിലിം ചേംബറിനെ പ്രതിനിധീകരിച്ച്‌ പ്രസിഡന്റ് ജി.സുരേഷ് കുമാർ പറഞ്ഞു.

‘സിനിമയെ അറിയുന്നവരായി അതിൽ ആകെ ഉള്ളത് ബി. ഉണ്ണികൃഷ്ണൻ മാത്രമാണ്. രാജീവ് രവി കമ്മിറ്റിയിൽ ഉണ്ട്, അദ്ദേഹം ഒരു ക്യാമറ മാൻ ആണ്. നയം രൂപീകരിക്കാൻ അദ്ദേഹത്തിനാകുമോയെന്ന് എനിക്കറിയില്ല.

നയരൂപീകരണ കമ്മിറ്റിയിൽ ഉള്ളത് സിനിമയെപ്പറ്റി കൂടുതൽ അറിയാവുന്നവരാണ് വേണ്ടതെന്നും ഇപ്പോൾ അതിൽ അംഗത്വമുള്ളവർ ഗ്ലാമർ താരങ്ങൾ മാത്രമാണെന്നും സുരേഷ് കുമാർ പറഞ്ഞു.

കമ്മിറ്റിയിൽ ഉള്ളതെല്ലാം ഗ്ലാമർ താരങ്ങളാണ്. മഞ്ജു വാര്യർ, പത്മ പ്രിയ, നിഖില വിമൽ ഇവരൊക്കെയാണ് മറ്റ് അംഗങ്ങൾ. നയ രൂപീകരണത്തിന് ഇൻഡസ്ട്രിയെ അറിയാവുന്ന, അതിനെപ്പറ്റി കാര്യങ്ങൾ ഗ്രഹിച്ച് മനസിലാക്കി പറയാൻ കഴിയുന്നവർ മാത്രമാണ് ഇതിലേക്ക് വരാവൂ. അല്ലാതെ ഗവൺമെന്റിൽ ഒരു താര പ്രഭ ഉണ്ടാക്കാനുള്ള സംഭവം അല്ലല്ലോ നയ രൂപീകരണം. എക്സ്പീരിയൻസ് ഉള്ളവരാണ് ഇതിൽ വേണ്ടത്. എന്നെ വിളിക്കാത്തതിൽ കുഴപ്പമില്ല,’ സുരേഷ് കുമാർ പറഞ്ഞു.

 

കേരളക സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ അംഗം ഷാജി എൻ. കരുൺ ചെയർമാൻ ആയ കമ്മിറ്റിയിൽ ശ്രീമതി മിനി ആന്റണി , ഐ.എ.എസ്. സെക്രട്ടറി ആണ് കൺവീനർ. സന്തോഷ് കുരുവിള, മുകേഷ് എന്നിവരാണ് മറ്റ് അംഗങ്ങൾ.

കമ്മിറ്റി രൂപീകളരിച്ചതിന്റെ ഉദ്ദേശ്യത്തെ ഡബ്ല്യു.സി.സി അഭനന്ദിച്ചെങ്കിലും അതിന്റെ രൂപീകരണം നടപ്പിലാക്കിയ രീതി സംഘടനയെ നിരാശരാക്കുന്നു എന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നും ലച്ചിത്ര നയം രൂപീകരിക്കുന്നതിൽ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമാണെന്നും സോഷ്യൽ മീഡിയയിലൂടെ ഡബ്ല്യു.സി.സി അറിയിച്ചു.

‘കേരള സംസ്ഥാന ചലച്ചിത്ര നയം രൂപീകരിക്കാൻ, ശ്രീ ഷാജി എൻ കരുണിന്റെ നേതൃത്വത്തിൽ ഒരു പുതിയ കമ്മിറ്റി രൂപീകരിച്ചതായുള്ള സർക്കാർ തല വിജ്ഞാപനം കാണുകയുണ്ടായി. സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കാൻ ലക്ഷ്യമിട്ടുകൊണ്ട്, ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ എടുത്ത മുൻകൈയെ ആദ്യമായി ഞങ്ങൾ അഭിനന്ദിക്കട്ടെ. എന്നാൽ അതിന്റെ രൂപീകരണം നടപ്പിലാക്കിയ രീതി ഞങ്ങളെ ഏറെ നിരാശരാക്കുന്നു. ഇത് സംബന്ധിച്ച് ഗൗരവമായ ചില ആശങ്കകൾ പങ്കുവെക്കാൻ WCC ആഗ്രഹിക്കുന്നു.
ഒന്നാമതായി, ഇതിൽ അംഗങ്ങളാണെന്നു പറയുന്ന മുഴുവൻ പേരുടെയും അറിവോടും, സമ്മതത്തോടും കൂടിയാണോ ഇത്തരമൊരു ഗൗരവപ്പെട്ട കമ്മിറ്റി രൂപീകരിച്ചത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു.
രണ്ടാമതായി, ഇത്തരമൊരു സുപ്രധാന സംരംഭത്തിന്റെ ഭാഗമാകാൻ അംഗങ്ങൾ തിരിഞ്ഞെടുക്കപ്പെടുന്നതിന്റെ മാനദണ്ഡം/യോഗ്യത എന്താണെന്നതുമായി ബന്ധപ്പെട്ട വ്യക്തതയില്ലായ്മ ഞങ്ങളെ ഉത്കണ്ഠാകുലരാക്കുന്നു. കൂടാതെ, ചലച്ചിത്ര നയം രൂപീകരിക്കുന്നതിൽ ഈ കമ്മിറ്റിയുടെ പങ്കും, കമ്മിറ്റിയുടെ ഔദ്യോഗിക പദവിയും അവ്യക്തമായി തുടരുന്നു.
അതൊരു നിയമപരമായ ബോഡി ആയിരിക്കുമോ? ഹേമ കമ്മറ്റി റിപ്പോർട്ടിലേത് പോലെ അതിന്റെ ശുപാർശകളും, അർത്ഥവത്തായ നിർദ്ദേശങ്ങളും നടപ്പിലാക്കാതെ പൊടിപിടിച്ച് വിസ്മൃതിയിലായി പോകുമോ? വ്യക്തതയില്ലാത്ത ഇത്തരം നീക്കങ്ങൾ, ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. അതു സംബന്ധിച്ചു ഞങ്ങൾ ആവർത്തിച്ച് ഉന്നയിച്ച ചോദ്യങ്ങളോടുള്ള അവഗണനയായി മാത്രമെ ഈ നീക്കത്തെയും കാണാനാവുന്നുള്ളൂ.
ഏകപക്ഷീയമായി രൂപീകരിക്കപ്പെടുന്ന ഇത്തരം കമ്മിറ്റികൾക്ക്, ഞങ്ങളുടെ ജോലിസ്ഥലത്ത് ആഴത്തിൽ വേരൂന്നിയ പ്രശ്‌നങ്ങൾക്ക് പ്രായോഗികമായ ഒരു പരിഹാരവും വാഗ്ദാനം ചെയ്യാൻ സാധിക്കില്ല എന്ന് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ ഈ വിഷയത്തെ ഗൗരവമായി സമീപിക്കുന്ന, അതിനു തക്കതായ യോഗ്യതയുള്ള, താൽപര്യമുള്ള അംഗങ്ങളുടെ ഒരു കമ്മിറ്റി രൂപീകരിക്കുന്നത് വഴി, പ്രശ്നങ്ങളിൽ ഗുണപരമായ പരിവർത്തനം കൊണ്ടുവരാൻ സാധിക്കുമെന്ന് ഞങ്ങൾ വീണ്ടും ഓർമ്മിപ്പിക്കട്ടെ !
സിനിമാരംഗത്ത് എല്ലാവർക്കും തുല്യമായ ഇടം വളർത്തിയെടുക്കുന്നതിനൊപ്പം, നിയമങ്ങളും, ചട്ടങ്ങളും നടപ്പിലാക്കുന്നതിൽ കൂടി വേണ്ടത്ര ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിലൂടെ മാത്രമേ ഈ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് തുല്യമായ തൊഴിലിടം സൃഷ്‌ടിക്കാൻ നമുക്ക് സാധിക്കുകയുള്ളൂ,’ഡബ്ല്യു.സി.സി കുറിച്ചു.

Content Highlights: Film Chamber members against film policy committee