Football
'ഇവനെ പടച്ച് വിട്ട കടവുകൾക്ക് പത്തിൽ പത്ത്' മലയാളികളെ വീണ്ടും ആവേശത്തിലാക്കി ഫിഫയുടെ വെടിച്ചില്ല് പോസ്റ്റ്
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jun 28, 06:08 am
Friday, 28th June 2024, 11:38 am

ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ കോപ്പ അമേരിക്കയുടെയും യൂറോകപ്പിന്റെയും ആവേശത്തിലാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ഫിഫ മലയാളത്തില്‍ എഴുതിയ പോസ്റ്റുമായി വീണ്ടും മുന്നോട്ടു വന്നിരിക്കുകയാണ്.

ഫുട്‌ബോളിലെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ ഇതിഹാസങ്ങളുടെ ചിത്രങ്ങള്‍ മലയാളത്തില്‍ എഴുതിയ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു ഫിഫ. അടുത്തിടെ ഇറങ്ങിയ ഫഹദ് ഫാസിലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആവേശത്തിലെ ഹിറ്റ് ഗാനമായ ‘ഇല്ലുമിനാറ്റി’ എന്ന പാട്ടിലെ വരികളായ ‘ഇവനെ പടച്ച് വിട്ട കടവുകള്‍ക്ക് പത്തില്‍ പത്ത്’ എന്ന ക്യാപ്ഷനാണ് ഫിഫ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചത്.

View this post on Instagram

A post shared by FIFA World Cup (@fifaworldcup)

പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ ഇതിഹാസതാരങ്ങളായ ലയണല്‍ മെസി (അര്‍ജന്റീന), റൊണാള്‍ഡീഞ്ഞോ(ബ്രസീല്‍), ഡീഗോ മറഡോണ (അര്‍ജന്റീന), നെയ്മര്‍ (ബ്രസീല്‍), കിലിയന്‍ എംബാപ്പെ (ഫ്രാന്‍സ്), ലൂക്ക മോഡ്രിച്ച് (ക്രൊയേഷ്യ), വെയ്ന്‍ റൂണി (ഇംഗ്ലണ്ട്), സിനദിന്‍ സിദാന്‍ (ഫ്രാന്‍സ്), മെസൂട് ഓസില്‍ (ജര്‍മനി), ടോട്ടി (ഇറ്റലി) എന്നീ താരങ്ങളുടെ ഫോട്ടോയാണ് ഫിഫ പങ്കുവെച്ചത്. പോസ്റ്റിന് താഴെ ധാരാളം രസകരമായ കമന്റുകള്‍ മലയാളികള്‍ രേഖപ്പെടുത്തിയതായി കാണാന്‍ കഴിയും

ഇതിനു മുമ്പും ഇത്തരത്തില്‍ മലയാളത്തില്‍ എഴുതിയ പോസ്റ്റുമായി ഫിഫ പങ്കുവെച്ചിരുന്നു. 2022 ഖത്തര്‍ ലോകകപ്പിന്റെ സമയത്ത് സൂപ്പര്‍താരങ്ങളായ റൊണാള്‍ഡോ, മെസി, നെയ്മര്‍ എന്നിവരുടെ കട്ടൗട്ടുകള്‍ കേരളത്തിലെ പുള്ളാവൂര്‍ പുഴയുടെ തീരത്ത് സ്ഥാപിച്ചിരുന്ന കട്ടൗട്ടുകളുടെ ചിത്രങ്ങളാണ് ഫിഫ തങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

‘മെസി, റൊണാള്‍ഡോ, നെയ്മര്‍ ഇവര്‍ മൂന്നു പേരും ആണെന്റെ ഹീറോസ്, ആരാണ് നിങ്ങളുടെ ഹീറോ?’ എന്ന അടിക്കുറിപ്പോട് കൂടിയായിരുന്നു ഫിഫ ചിത്രം പോസ്റ്റ് ചെയ്തത്.

 

Content Highlight: FIFA Post Malayalam Words With Number 10 Legendary Players