ഉടലിന്റെ വിജയം ഒ.ടി.ടി ലക്ഷ്യംവെക്കുന്ന നിര്‍മാതാക്കളെ മാറ്റി ചിന്തിപ്പിക്കട്ടെ; തിയേറ്ററുകളില്‍ നല്ല അനുഭവം സമ്മാനിക്കുന്ന സിനിമയ്ക്ക് സഹകരണമുണ്ടാകുമെന്ന് ഫിയോക്ക്
നവാഗതനായ രതീഷ് രഘുനന്ദന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഉടല്‍ എന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഉടലിന്റെ വിജയം ഒ.ടി.ടി ലക്ഷ്യംവെച്ച് സിനിമയെടുക്കുന്ന നിര്‍മാതാക്കളെ മാറ്റി ചിന്തിപ്പിക്കട്ടെയെന്ന് ഫിയോക്ക് പ്രസിഡന്റ് കെ. വിജയകുമാര്‍. നിര്‍മാതാക്കള്‍ക്ക് ഉടല്‍ പ്രചോദനമാകണമെന്നും ഫിയോക്ക് പത്രക്കുറിപ്പില്‍ പറഞ്ഞു.
‘ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ഉടല്‍ മികച്ച പ്രേക്ഷക പിന്തുണ നേടി വലിയ വിജയത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ക്ക് മികച്ച തിയേറ്റര്‍ അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. എല്ലാ വിധ ത്രില്ലോടും കൂടി ഈ ചിത്രം ആസ്വാദ്യമാകുന്നത് തിയേറ്റര്‍ എക്‌സ്പിരിയന്‍സ് ആയതു കൊണ്ടാണെന്നാണ് കാണികളുടെ പ്രതികരണങ്ങളില്‍ നിന്നും മനസിലാകുന്നത്.
അതിനാല്‍ തന്നെ ആദ്യം നന്ദി പറയേണ്ടത് ഒ.ടി.ടി(OTT) റിലീസായി പ്ലാന്‍ ചെയ്ത ഉടലിനെ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ശ്രീ ഗോകുലം മൂവിസിനോടും ഉടമ ശ്രീ. ഗോകുലം ഗോപാലനോടുമാണ്.
സിനിമ വലുതോ ചെറുതോ എന്നതല്ല, അതിലെ ഉള്ളടക്കമാണ് മുഖ്യം എന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ഉടലിന്റെ വലിയ വിജയം. ഉടല്‍ മാത്രമല്ല പ്രേക്ഷകര്‍ക്ക് തിയേറ്ററുകളില്‍ നല്ല അനുഭവം സമ്മാനിക്കുന്ന ഏതൊരു ചിത്രത്തിനൊപ്പവും എല്ലാവിധ പിന്‍തുണയും സഹകരണവുമായി കേരളത്തിലെ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് (FEOUK) ഉണ്ടാവും.
ഉടലിന്റെ വിജയത്തില്‍ നിന്നും ഊര്‍ജം ഉള്‍ക്കൊണ്ടുകൊണ്ട്, ഒ.ടി.ടി (OTT) ലക്ഷ്യംവെച്ച് അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ നിര്‍മാതാക്കള്‍, ശ്രീ. ഗോകുലം ഗോപാലന്റെ പാത പിന്‍തുടര്‍ന്ന് മാറിചിന്തിക്കട്ടെ എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഉടലിന്റെ പ്രേക്ഷക സ്വീകാര്യത ഇവര്‍ക്ക് അതിനൊരു പ്രചോദനമാകട്ടെ. സ്‌നേഹപൂര്‍വം,’ ഫിയോക്ക് പറഞ്ഞു.
ഇന്ദ്രന്‍സ്, ദുര്‍ഗ കൃഷ്ണ, ധ്യാന്‍ ശ്രീനിവാസന്‍ എന്നിങ്ങനെ പ്രധാന താരങ്ങളുടെ പ്രകടനവും ചിത്രത്തിന്റെ ത്രില്ലിങ്ങ് വയലന്‍സും തന്നെയാണ് തിയേറ്ററുകളില്‍ പിടിച്ചിരുത്തുന്ന ഘടകം എന്നാണ് സിനിമ കണ്ടിറങ്ങിയവര്‍ അഭിപ്രായപ്പെടുന്നത്. കുട്ടിച്ചായനായുള്ള ഇന്ദ്രന്‍സിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.