ന്യൂദല്‍ഹി: കേരള ബ്ലാസ്റ്റേഴ്‌സില്‍ നിന്നും രാജിവെച്ച മലയാളികളുടെ പ്രിയതാരം ഇയാന്‍ ഹ്യൂം ഐ.എസ്.എല്‍ അഞ്ചാം സീസണില്‍ പുണെ സിറ്റി എഫ്‌സിയില്‍ കളിക്കും. ഒരു വര്‍ഷത്തെ കരാറിലാണ് പൂനെ സിറ്റിക്ക് വേണ്ടി കളിക്കാന്‍ ഹ്യൂം എത്തിയിരിക്കുന്നത്.
ഹ്യൂമിനെ ടീമിലെടുത്ത കാര്യം പുണെ ടീം മാനേജ്‌മെന്റാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഒരു വര്‍ഷത്തേക്കാണ് കരാറെങ്കിലും ആവശ്യമെങ്കില്‍ ഒരു വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടെന്നാണ് സൂചന. ഇതോടെ ഇയാന്‍ ഹ്യൂം ഐ.എസ്.എലില്‍ കളിക്കുന്ന മൂന്നാമത്തെ ടീമാകും എഫ്.സി പൂനെ സിറ്റി.
28 ഗോളുകളാണ് 59 മത്സരങ്ങളില്‍ നിന്ന് താരം ഇതുവരെ ഐ.എസ്എലില്‍ നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണില്‍ രണ്ടാം ഘട്ടത്തില്‍ പരിക്ക് മൂലം ഏറിയ പങ്കും താരത്തിനു നഷ്ടമായിരുന്നു. താരം പൂര്‍ണ്ണമായും ആരോഗ്യവാനല്ലെന്ന കാരണത്താലാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരവുമായുള്ള കരാര്‍ പുതുക്കാതിരുന്നതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു.
നേരത്തെ, കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിവരാന്‍ തനിക്ക് താല്‍പര്യമുണ്ടെങ്കിലും മാനേജ്‌മെന്റ് മറിച്ചാണ് തീരുമാനിച്ചതെന്ന് വ്യക്തമാക്കി ഹ്യൂം ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. താന്‍ പുതിയ ടീം തിരഞ്ഞെടുത്തിട്ടില്ലെന്നായിരുന്നു അന്ന് ഹ്യൂം എഴുതിയിരുന്നത്. ഇതിനു പിന്നാലെയാണ് പുണെ സിറ്റിയിലേക്ക് ചേക്കേറാനുള്ള ഹ്യൂമിന്റെ തീരുമാനം.