കസ്റ്റഡി പീഡനം: നീതി കിട്ടാന്‍ ചെയ്യേണ്ടത്
കേരളത്തിലെ സാഹചര്യത്തില്‍ പൊലീസ്, ഫോറസ്റ്റ് വിഭാഗത്തില്‍പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായാണ് ഏറ്റവുമധികം കസ്റ്റഡി മര്‍ദ്ദന പരാതികള്‍ ഉണ്ടാകുന്നത്. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ ചെയ്യുന്ന മറ്റൊരു ക്രൂരത പ്രതിസ്ഥാനത്ത് ഉള്ളവരെ ജാമ്യത്തിനെന്നും, പിഴ അടച്ചു കേസ് തീര്‍ക്കാം എന്നും മറ്റും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തി ഒപ്പിട്ടു വാങ്ങുകയും അത് തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്യുന്നു എന്നതാണ്.
പ്രതികളെ ഭയപ്പെടുത്തി മാനസികമായി ആധിപത്യം സ്ഥാപിക്കുന്നതിനായി അസഭ്യവര്‍ഷവും മര്‍ദ്ദനവും നടത്തി വഴിപ്പെടുത്തുക എന്ന പ്രാചീന അപരിഷ്‌കൃത നടപടികളാണ് ഇപ്പോഴും പലരും പിന്തുടരുന്നത്.
എന്നാല്‍ കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച് ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ രക്ഷപ്പെട്ടു പോവുകയാണ് പതിവ്. അതിന്റെ പ്രധാന കാരണം മര്‍ദ്ദനവിധേയനായ പ്രതിയെ മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയപ്പോള്‍ യാതൊരു പരാതിയും പറഞ്ഞിരുന്നില്ല എന്നതാണ്.
ഇതിന്റെ ഒരു പ്രധാന കാരണം പീഡനത്തിന് ഇരകളായവരും അവരുടെ ബന്ധുക്കളും പൊലീസ്/ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന അഭിഭാഷകരെ ആദ്യം സമീപിക്കുന്നു എന്നതാണ്.
കേസിലും പെടുത്തി തല്ലിച്ചതച്ചാലും തല്ലിയവനും കൂട്ടാളികളും നിര്‍ദ്ദേശിക്കുന്ന വക്കീലന്മാരെയാണ് ഭൂരിപക്ഷം ഇരകളും സമീപിക്കുന്നത്. അതിനു കാരണം മാനസികമായി നേടിയ ആധിപത്യം ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ പറയും നിങ്ങള്‍ക്ക് ജാമ്യം പെട്ടെന്ന് കിട്ടാന്‍ …..എന്ന വക്കീലിന്റെ അടുത്ത് പോയാല്‍ മതി എന്ന്. ക്രൈം നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ തന്നെ അവര്‍ നിര്‍ദേശിക്കുന്ന വക്കീലിന് കൈമാറും. ഉദ്യോഗസ്ഥരുടെ ഓശാരത്താല്‍ കേസ് കിട്ടിയ വക്കീല്‍ അതേല്‍പ്പിച്ച ഉദ്യോഗസ്ഥര്‍ക്ക് ക്ഷീണം വരുന്ന യാതൊന്നും ചെയ്യില്ല. അതുകൊണ്ട് തന്നെ കോടതിയില്‍ ആദ്യം ഹാജരാകുമ്പോള്‍ മര്‍ദ്ദനം സംബന്ധിച്ച് പരാതിയോ, തെറ്റിദ്ധരിപ്പിച്ച് ഒപ്പിടുവിച്ച കുറ്റസമ്മതമൊഴികള്‍ക്കെതിരായി retracted സ്റ്റേറ്റ്‌മെന്റോ ആദ്യ അവസരത്തില്‍ അങ്ങിനെയുള്ളവര്‍ നല്‍കാറില്ല.
ഇത് കസ്റ്റഡിയില്‍ വെച്ചുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരായി പിന്നീട് സ്വീകരിക്കേണ്ടി വരുന്ന നടപടികളിലെ ന്യൂനതയായി മാറും.
അതുകൊണ്ട് കേസുകളില്‍ പെടുന്ന പക്ഷം പൊതുജനങ്ങള്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.
1. ഒരു വ്യക്തിക്ക് എതിരായി കേസുകളോ നിയമനടപടികളോ ഉണ്ടാകുന്ന പക്ഷം ഏറ്റവും ആദ്യം നിങ്ങള്‍ക്ക് പരിചയവും വിശ്വാസവുമുള്ള, (നിങ്ങളുടെ നാട്ടില്‍ ഉള്ളവരായാല്‍ അത്രയും നന്ന്,) ഏതെങ്കിലും അഭിഭാഷകനുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിക്കുക. നിയമോപദേശപ്രകാരം മാത്രം തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയക്കാര്‍ ഇടനിലക്കാര്‍ ഏജന്റുമാര്‍ എന്നിവരെ പ്രാരംഭദശയില്‍ സമീപിക്കാതിരിക്കുന്നതാണ് നല്ലത്.
2. ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്ന നിയമസഹായികളെ ഒഴിവാക്കുക. പലപ്പോഴും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഏജന്റ്മാരും കമ്മീഷന്‍ പറ്റുന്ന ഉദ്യോഗസ്ഥരും പറയുന്ന കാര്യങ്ങള്‍, അതായത് ‘…….വക്കീലിനെ ഏല്‍പ്പിച്ചാല്‍ പെട്ടെന്ന് ജാമ്യം കിട്ടും, ……വക്കീല്‍ പുലിയാണ്, നരിയാണ്, ജഡ്ജിയുടെ അടുത്ത ആളാണ്, പ്രോസിക്യൂട്ടറുടെ സുഹൃത്താണ്, അയാളെ ഏല്‍പ്പിച്ചാല്‍ നിങ്ങള്‍ക്ക് ജാമ്യം കിട്ടുന്നത് പോലെ ഞങ്ങള്‍ എഴുതാം,’ തുടങ്ങിയ പ്രലോഭനങ്ങളില്‍ വീഴാതിരിക്കുക. മറ്റുള്ളവര്‍ തീരുമാനിക്കുന്നവരല്ല മറിച്ച് നിങ്ങളോ നിങ്ങളുടെ അടുത്ത ബന്ധുക്കളോ നേരിട്ട് കണ്ട് സംസാരിച്ചു തീരുമാനിച്ച് ഏല്‍പ്പിക്കുന്നവരാകണം നിങ്ങളുടെ അഭിഭാഷകന്‍. നിങ്ങള്‍ ഏര്‍പ്പെടുത്തിയ അഭിഭാഷകന്റെ രീതികളില്‍ താല്‍പര്യം ഇല്ല എങ്കില്‍ ഉടന്‍തന്നെ അയാളുടെ പക്കല്‍ നിന്നും കേസ് മാറ്റി അനുയോജ്യരായവരെ കണ്ടെത്തി കാര്യങ്ങള്‍ ഏല്‍പ്പിക്കുക.
3. കസ്റ്റഡിയില്‍ പീഡനങ്ങളോ മര്‍ദ്ദനങ്ങളോ സംഭവിച്ചാല്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പായി സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിക്കുമ്പോള്‍ പരിക്കുകള്‍ കാണിച്ചു കൊടുക്കുകയും പരിക്കുകള്‍ പറ്റിയ വിധവും മര്‍ദ്ദിച്ചതാരെന്നും ഡോക്ടറോട് പറയുകയും ചെയ്യുക. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ മുന്‍പാകെ ഹാജരാക്കുമ്പോള്‍ തന്നെ പരാതി പറയുക. സാധിക്കുമെങ്കില്‍ അഭിഭാഷകനെ അറിയിച്ച് പരാതി അപ്പോള്‍ തന്നെ എഴുതി നല്‍കുക.
4. കസ്റ്റഡി മര്‍ദ്ദനത്തിനെതിരെ പരാതി പറഞ്ഞാല്‍ വീണ്ടും മറ്റു കേസുകളില്‍ പെടുത്തുമെന്നും, ‘നീ ഞങ്ങളുടെ അടുത്തേക്കാണ് വരുന്നത് എന്നോര്‍മ്മ വേണം’ തുടങ്ങിയ ഉദ്യോഗസ്ഥ വിരട്ടലുകളില്‍ പതറാതിരിക്കുക, അവയെ അവഗണിക്കുക. നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പണിയാണ് ഒരു കേസില്‍ പ്രതിസ്ഥാനത്ത് ചേര്‍ക്കപ്പെടുക എന്നത്. അതിലും വലുതൊന്നും വരാനില്ലാത്തതിനാല്‍ വിരട്ടലുകളില്‍ ഭയന്ന് അവകാശങ്ങളെ മറന്ന് ന്യായമായ പരാതികള്‍ നല്‍കാതിരിക്കരുത്.
എല്ലാ കാര്യങ്ങളിലും തീരുമാനവും തിരഞ്ഞെടുപ്പുകളും നിങ്ങളുടേത് മാത്രമാകണം. നിങ്ങള്‍ക്കെതിരെ കേസെടുത്തവര്‍ ആ കേസില്‍ നിങ്ങളെ സഹായിക്കില്ല എന്ന ബോധ്യം ഉണ്ടാകണം. സത്യം തെളിയിക്കാന്‍ ആവശ്യമായ സംഗതികള്‍ നിങ്ങള്‍ക്ക് ഏറ്റവുമധികം വിശ്വസിക്കാവുന്നവരോട് മാത്രം പങ്കുവെയ്ക്കുക.