അതെ, നമുക്ക് അവിടെ നിന്ന് തുടങ്ങാം; മാപ്പു പറച്ചിലില്‍ നിന്ന്..
FB Notification
അതെ, നമുക്ക് അവിടെ നിന്ന് തുടങ്ങാം; മാപ്പു പറച്ചിലില്‍ നിന്ന്..
മുഹമ്മദ് സുഹറാബി
Thursday, 6th September 2018, 10:58 pm

History owes apology to the LGBT community. They were made to live a life full of fear.

അതെ, നമുക്ക് അവിടെ നിന്ന് തുടങ്ങാം; മാപ്പു പറച്ചിലില്‍ നിന്ന്..

കുണ്ടനെന്നും ഒമ്പതെന്നും ഫ്‌ളൂട്ടെന്നും ചാന്തുപൊട്ടെന്നും വിളിച്ച് കളിയാക്കി, കൂട്ടങ്ങളില്‍ നിന്നും സൗഹൃദങ്ങളില്‍ നിന്നും നിങ്ങള്‍ മാറ്റി നിര്‍ത്തിയ നിങ്ങളുടെ ഒരു കൂട്ടുകാരനില്ലെ… അവനോട് പോയി മാപ്പു പറയുക.

വ്യത്യസ്തമായതിന്റെ പേരില്‍ നിങ്ങള്‍ വീട്ടില്‍ നിന്നും നാട്ടില്‍ നിന്നും ആട്ടിപ്പായിച്ചപ്പോള്‍ അന്യസംസ്ഥാനങ്ങളില്‍ പോയി പിച്ചയെടുക്കേണ്ടി വന്ന ഒരാളില്ലേ… അയാളെ കണ്ടു പിടിച്ച് മാപ്പു പറയുക.

ഗേയായതിന്റെ പേരില്‍ ജീവനും ജീവിതവും വരെ അപകടത്തിലാക്കുന്ന മരുന്നു കഴിക്കേണ്ടി വന്ന, ചികിത്സ തേടേണ്ടി വന്ന, ഡിപ്രഷനില്‍ മുങ്ങി കഴിയേണ്ടി വന്ന, മാനസിക നില തകരേണ്ടി വന്ന, ഷോക്ക് ട്രീറ്റ്‌മെന്റ് വരെ സഹിക്കേണ്ടി വന്ന പാതിചത്ത ഒരു മകനോ, സഹോദരനോ നിങ്ങള്‍ക്കില്ലേ… അവനോടും പോയി മാപ്പു പറയുക.

ലെസ്ബിയനായതിന്റെ പേരില്‍ വീട്ടു തടങ്കലില്‍ കഴിയേണ്ടി വന്ന, കറക്റ്റീവ് റേപ്പിനിരയാകേണ്ടി വന്ന, വീട്ടിലെയും കുടുംബത്തിലേയും ആണുങ്ങളുടെ ലിംഗങ്ങളെ മുഴുവന്‍ നേരിടേണ്ടി വന്ന, നേരത്തെ പഠിപ്പ് നിര്‍ത്തേണ്ടി വന്ന, നേരത്തെ വിവാഹിതയാകേണ്ടി വന്ന ഒരു കൂട്ടുകാരി നിങ്ങള്‍ക്കില്ലേ … അവളോട് പോയി മാപ്പു പറയുക.

ഒരാശ്വാസ വാക്ക് പറയാന്‍ ഒരാള്‍ പോലും ഇല്ലാത്ത, പ്രതീക്ഷകളില്ലാത്ത ലോകത്ത് ഒറ്റപ്പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്ന ഒരപരിചിതനില്ലേ… അയാളോട് മാപ്പു പറയുക. ട്രാന്‍സ്‌ജെന്ററായത് കൊണ്ടു മാത്രം പോലീസിന്റെ മര്‍ദ്ദനമേറ്റ ആ ഫേസ്ബുക്ക് സുഹൃത്തില്ലേ, അവളോട് പോയി മാപ്പ് പറയുക. ഒരു രാത്രി അപരിചിതര്‍ പീഡിപ്പിച്ച് കൊന്ന് ഓടയില്‍ കളഞ്ഞ് ചീഞ്ഞളിഞ്ഞ് കിട്ടിയ ഒരു മൃതദേഹമില്ലേ… അതിനോട് മാപ്പ് പറയുക.

പള്ളിക്കൂടങ്ങളില്‍ നിന്നും ജോലിസ്ഥലങ്ങളില്‍ നിന്നുമെല്ലാം ഇറക്കി വിട്ട് ജീവിക്കാന്‍ കൊള്ളാത്തവരാക്കി മാറ്റിയവരില്ലേ… അവരോട് മാപ്പ് പറയുക. അവരുടെ അതിജീവനങ്ങളെ അശ്ലീലങ്ങളും വിലകുറഞ്ഞ തമാശകളുമാക്കി വിറ്റില്ലേ… അതിനു മാപ്പ് പറയുക. “ഇവര്‍ക്ക് കഴപ്പാണോ??” എന്ന് ചോദിച്ചതിനു, അവരുടെ കൂടെ മുദ്രാവാക്യം വിളിക്കാന്‍ മടിച്ചതിനു അവരോട് മാപ്പു പറയുക.

പേടിച്ച് പേടിച്ച് ജീവിച്ച് ചത്ത ഓരോ ജീവിതങ്ങളോടും മാപ്പു പറയുക.

ലിസ്റ്റ് നീണ്ടു നീണ്ടു പോവുകയാണ് സുഹൃത്തുക്കളേ…
ചുറ്റും അനീതി നടന്ന നേരത്ത് മിണ്ടാതെ ഇരുന്നതിനു വരെ നിങ്ങള്‍ മാപ്പു ചോദിക്കേണ്ടതുണ്ട്. അന്തസ്സോടെ, മാന്യതയോടെ, സ്വാഭിമാനത്തോടെ ജീവിക്കാനും പ്രണയിക്കാനും അനുവദിക്കാതിരുന്ന ഒരു സമൂഹത്തിന്റെ ഭാഗമായി ഇരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആ ചരിത്രത്തില്‍ നിന്ന് മാറി നില്‍ക്കാനാകില്ല. ജീവിക്കുന്നവരും മരിച്ചവരും പാതി മരിച്ചവരും വരെ നിങ്ങള്‍ക്ക് മാപ്പപേക്ഷിക്കേണ്ടവരുടെ ലിസ്റ്റിലുണ്ട്. അതു കൊണ്ട് ഇന്നു തന്നെ തുടങ്ങിക്കോളൂ…

നിങ്ങള്‍ നിഷേധിച്ച ജീവിതം എന്തായാലും നിങ്ങള്‍ക്ക് തിരികെ നല്‍കാനാകില്ല. ചരിത്രം വന്നു മാപ്പു പറഞ്ഞാലും, അനീതിയുടെ ചരിത്രം ഞങ്ങള്‍ മറക്കുകയുമില്ല.

മുഴുവന്‍ പോരാളികള്‍ക്കും മഴവില്ലുമ്മകള്‍.. അഭിവാദ്യങ്ങള്‍