അഫ്ഗാനിസ്ഥാന്റെ തേരോട്ടം; രാജാവും പടയാളിയും റെക്കോഡ് നേട്ടത്തില്‍!
Sports News
അഫ്ഗാനിസ്ഥാന്റെ തേരോട്ടം; രാജാവും പടയാളിയും റെക്കോഡ് നേട്ടത്തില്‍!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 4th June 2024, 11:48 am

ടി-20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് ഉഗാണ്ടയ്ക്ക് എതിരെ 125 റണ്‍സിന്റെ വമ്പന്‍ ജയം.
പ്രൊവിഡന്‍സ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഉഗാണ്ട ഫീല്‍ഡ് തെരഞ്ഞെടുക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 183 റണ്‍സ് ആണ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഉഗാണ്ടയ്ക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു സംഭവിച്ചത്. അഫ്ഗാനിസ്ഥാന്‍ ബൗളിങ് നിരയുടെ മിന്നല്‍ക്രമണത്തില്‍ 16 ഓവറില്‍ 58 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ടീം.

അഫ്ഗാന്‍ ബൗളിങ്ങിലെ ഫസല്‍ഹഖ് ഫറൂസിയുടെ ഗംഭീര പ്രകടനത്തിലാണ് ഉഗാണ്ട ചാരമായത്. നാവറില്‍ വെറും 9 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം 2.25 എന്ന എക്കണോമിയിലാണ് പന്ത് എറിഞ്ഞത്. നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റും മുജീബ് ഉര്‍ റഹ്‌മാന്‍ ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

ഇതോടെ ടി-20 ക്രിക്കറ്റില്‍ അഫ്ഗാന് വേണ്ടി ഒരു തകര്‍പ്പന്‍ നേട്ടമാണ് ഫസല്‍ ഹഖ് ഫറൂസി സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിങ് ഫിഗര്‍ ആവാനാണ് താരത്തിന് സാധിച്ചത്. കൗതുകം എന്താണെന്നാല്‍ ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് അഫ്ഗാനിസ്ഥാന്റെ ക്യാപ്റ്റനും സ്പിന്നറുമായ റാഷിദ് ഖാനാണ്.

അഫ്ഗാനിസ്ഥാന്റെ മികച്ച ബൗളിങ് ഫിഗര്‍, എതിരാളികള്‍

റാഷിദ് ഖാന്‍ – 5/3 – 2017

ഫസല്‍ഹഖ് ഫറൂസി – 5/9 – 2024

കരീം ജന്നത് – 5/11 – വെസ്റ്റ് ഇന്ഡീസ് – 2019

സമിയുള്ള സിന്‍വാരി – 5/13 – കെനിയ – 2013

ഉഗാണ്ടയ്ക്ക് വേണ്ടി 14 റണ്‍സ് നേടി ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് റോബിന്‍സണ്‍ ഒബുയ ആണ്. റിയാസത്ത് അലി ഷാ 11 റണ്‍സും നേടി. ഉഗാണ്ടയുടെ ബൗളിങ് നിരയില്‍ കോസ്‌മോസ് കൈവുട്ടയും ക്യാപ്റ്റന്‍ ബ്രിയാന്‍ മസാബയും രണ്ട് വിക്കറ്റുകള്‍ വീതം നേടിയപ്പോള്‍ ആല്‍ബേഷ് റംജാനി ഒരു വിക്കറ്റ് നേടി.

അഫ്ഗാനിസ്ഥാന്‍ ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസിന്റെയും ഇബ്രാഹിം സദ്രാന്റെയും ഇടിവെട്ട് പ്രകടനത്തിലാണ് ടീം ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിയത്. ഗുര്‍ബാസ് 45 പന്തില്‍ നിന്ന് നാല് സിക്‌സറും 4 ഫോറും അടക്കം 76 റണ്‍സ് ആണ് അടിച്ചുകൂട്ടിയത്. 168.89 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. മറുഭാഗത്ത് 46 പന്തില്‍ നിന്ന് 9 ഫോറും ഒരു സിക്‌സും അടക്കം 70 റണ്‍സ് നേടിയ സദ്രാന്‍ 152.17 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് ബാറ്ററിയത്.

ഇരുവര്‍ക്കും പുറമേ ഉയര്‍ന്ന സ്‌കോര്‍ കണ്ടെത്തിയത് മുഹമ്മദ് നബിയാണ് 16 പന്തില്‍ 14 റണ്‍സ് ആണ് താരം നേടിയത്. മറ്റാര്‍ക്കും തന്നെ രണ്ടക്കം കടക്കാന്‍ സാധിച്ചില്ല.

 

Content Highlight: Fazalhaq Farooqi In Record Achievement