ബെംഗളൂരു: ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിന് സാമൂഹ്യ മാധ്യമങ്ങളില്‍ വരെ ഐക്യദാര്‍ഢ്യം ഉയരുന്ന പശ്ചാത്തലത്തില്‍ എം.ഇ.എസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെതിരെ ഫേസ്ബുക്ക് കുറിപ്പുമായി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ.
‘കര്‍ണാടകയിലെ കോളേജുകളില്‍ ഹിജാബ് നിരോധിച്ചതുമായി ബന്ധപ്പെട്ട് ശ്രീമാന്‍ ഫസല്‍ ഗഫൂറിന്റെ വല്ല പ്രതികരണവും വന്നോ എന്നാണ് ഞാന്‍ ഉറ്റുനോക്കുന്നത്.
സംഘികള്‍ക്കും മുമ്പേ അവരേക്കാള്‍ ആവേശത്തോടെ കേരളത്തിലെ കോളേജുകളില്‍ ശിരോവസ്ത്രം നിരോധിച്ച പാരമ്പര്യമുള്ള വ്യക്തിയാണ് ഫസല്‍ ഗഫൂര്‍.
അന്ന് അതിനെതിരെ പ്രതിഷേധിച്ച എന്നെപ്പോലുള്ളവരെ ബോഡി ഷെയ്മിങ് ചെയ്യാനും അതിര് കവിഞ്ഞ് വ്യക്തിഹത്യ നടത്താനുമാണ് ഫസല്‍ ഗഫൂര്‍ ശ്രമിച്ചത്.
തീര്‍ത്തും സ്ത്രീ വിരുദ്ധമായ ഭാഷയില്‍ ബോഡി ഷെയ്മിങ് നടത്തുകയും ഹിപ്പോക്രാറ്റ് എന്ന് എന്നെ അധിക്ഷേപിക്കുകയും ചെയ്ത ഫസല്‍ ഗഫൂറിന് സംഘികള്‍ക്ക് വടി കൊടുത്തതിനെ കുറിച്ച് വല്ലതും പറയാന്‍ ഉണ്ടോ എന്നാണ് ഇനി അറിയേണ്ടത്.
മുസ്‌ലിമായ ഫസല്‍ ഗഫൂറിന് ശിരോവസ്ത്രം നിരോധിക്കാം എങ്കില്‍ ഞങ്ങള്‍ക്ക് എന്തു കൊണ്ട് നിരോധിച്ചു കൂടാ എന്നേ സംഘികള്‍ ഇനി ചോദിക്കാന്‍ ബാക്കിയുള്ളൂ!,’ എന്നാണ് തഹ്‌ലിയയുടെ കുറിപ്പ്.
എം.ഇ.എസ് കലാലയങ്ങളില്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്ന നിഖാബ് ധരിക്കുന്നതിനെതിരെ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് വിവാദമായ സാഹചര്യത്തിലായിരുന്നു ഫസല്‍ ഗഫൂര്‍ തഹ്‌ലിയക്കെതിരെ പരാമര്‍ശം നടത്തിയിരുന്നത്.
നിഖാബ് നിരോധനം എം.ഇ.എസിലേക്ക് വരുന്ന പെണ്‍കുട്ടികളുടെ അവകാശലംഘനമല്ലേ എന്ന് മുമ്പ് ഫാത്തിമ തഹ്‌ലിയ കൈരളിയിലെ ഒരു ചാനല്‍ പരിപാടിയില്‍ ഫസല്‍ ഗഫൂറിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഫസല്‍ ഗഫൂര്‍ തഹ്‌ലിയയുടെ നിലപാടുകള്‍ കാപട്യമാണെന്ന് പറഞ്ഞിരുന്നത്.
‘ഇങ്ങനത്തെ കഥാപാത്രങ്ങളാണ് വിചിത്ര വാദികള്‍. ആ കുട്ടിയെ നോക്കുക. അവര് നല്ല മേക്കപ്പ് എല്ലാം ചെയ്ത് അവരുടെ മുഖമെല്ലാം കാണിച്ച് രാഷ്ട്രീയത്തിലും അല്ലാതെയുമായി നടക്കുന്നുണ്ട്. എന്നിട്ടവര്‍ മറ്റുള്ളവരുടെ മുഖം മറയ്ക്കാന്‍ വേണ്ടി വാദിക്കുകയാണ്. കാപട്യമാണത്,’ എന്നായിരുന്നു ഫസല്‍ ഗഫൂര്‍ തഹ്‌ലിയക്ക് മറുപടി നല്‍കിയിരുന്നത്.
അതേസമയം, എം.ഇ.എസ് കോളേജില്‍ മുഖം മറക്കുന്ന നിഖാബ് ധരിക്കുന്നതിനെതിരെയായിരുന്നു സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍ കര്‍ണാടകയില്‍ കോളേജുകള്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ഹിജാബിനാണ്.
തല മാത്രം മൂടി ശിരോവസ്ത്രം ധരിക്കുന്നതിനെയാണ് ‘ഹിജാബ്’ എന്ന് പറയുന്നത്. കണ്ണ് മാത്രം പുറത്ത് കാണിച്ച്, തലക്കൊപ്പം മുഖം കൂടി മറക്കുന്നതിനെ ‘നിഖാബ്’ എന്നും, കണ്ണും കൂടി മൂടുന്ന രീതിയിലുള്ള വസ്ത്രധാരണത്തെ ‘ബുര്‍ഖ’ എന്നുമാണ് പറയുന്നത്.