സൂറത്ത്: ഗുജറാത്തില്‍ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക്, അറസ്റ്റിലായി ഒരു മാസത്തിനകം ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കുട്ടികള്‍ക്ക് ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്ന നിയമ പ്രകാരമാണ് സൂറത്ത് പ്രത്യേക കോടതി ശിക്ഷ വിധിച്ചത്.
പ്രത്യക ജഡ്ജി പി.എസ്. കലയാണ് പ്രതിക്ക് മരണം വരെ ജീവപര്യന്തം വിധിച്ചത്. ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ് സ്വദേശി നിഷാദിനെ ഒക്ടോബര്‍ 13നാണ് സൂറത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
പ്രതി സച്ചിന്‍ ജി.ഐ.ഡി.സി ഏരിയയിലെ വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആളൊഴിഞ്ഞ സ്ഥലത്തു നിന്നാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.
നിഷാദ് അറസ്റ്റിലായി പത്ത് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും കുറ്റം ചുമത്തിയ ഒക്ടോബര്‍ 25 മുതല്‍ അഞ്ച് ദിവസത്തിനുള്ളില്‍ കോടതി വിചാരണ പൂര്‍ത്തിയാക്കുകയും ചെയ്തു.
ഗുജറാത്തിലെ ഒരു വിചാരണക്കോടതി ഇത്രയും കുറഞ്ഞ കാലയളവില്‍ വിധി പറയുന്നത് ഇതാദ്യമാണെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ചില ദിവസങ്ങളില്‍ കോടതി അര്‍ധരാത്രി 12 വരെ കോടതി പ്രവര്‍ത്തിച്ചിരുന്നതായി ഒരു അഭിഭാഷകന്‍ പറഞ്ഞു.