എവിടെ, വര്‍ഗീയത എവിടെ; ഇലക്ഷന് ശേഷം സീരീസ് നാലാം ഭാഗം
Opinion
എവിടെ, വര്‍ഗീയത എവിടെ; ഇലക്ഷന് ശേഷം സീരീസ് നാലാം ഭാഗം
ഫാറൂഖ്
Friday, 12th July 2024, 7:41 pm

ഈ സീരീസ് തുടങ്ങിയത് മുതല്‍ വരുന്ന ചോദ്യമിതാണ്, കേരളത്തിലെ മുസ്‌ലിം വോട്ടുകള്‍ എങ്ങോട്ട് പോകുന്നു, ക്രിസ്ത്യന്‍ വോട്ടുകള്‍ എങ്ങോട്ട് പോകുന്നു, നായര്‍ വോട്ടുകള്‍ എങ്ങോട്ട് പോകുന്നു, ഈഴവ വോട്ടുകള്‍ എങ്ങോട്ട് പോകുന്നു. എല്ലാവര്‍ക്കും അതാണറിയേണ്ടത്. ഇലക്ഷന്‍ റിസള്‍ട്ട് വന്ന അന്ന് മുതല്‍ ചാനലുകളും നിരീക്ഷകരും അത് തന്നെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഇതത്ര വലിയ വിലയിരുത്തല്‍ വേണ്ട കാര്യമാണോ, ആണെങ്കില്‍ എന്ത് കൊണ്ട്, അല്ലെങ്കില്‍ എന്ത് കൊണ്ടാണ് ഇതില്‍ തന്നെ ചുറ്റി തിരിയുന്നത്. രണ്ടു സാധ്യതകളും പരിശോധിക്കേണ്ടതുണ്ട്.

സമീപകാലത്തെ അഞ്ചു തെരഞ്ഞെടുപ്പുകള്‍ എടുക്കാം. 2014 ലോക്‌സഭ, 2016 നിയമസഭ, 2019 ലോക്‌സഭാ, 2021 നിയമസഭ, 2024 ലോക്‌സഭ. ഇതില്‍, 2014 യു.ഡി.എഫ് തൂത്തു വാരി, 2016 എല്‍.ഡി.എഫ് തൂത്തു വാരി, 2019 യു.ഡി.എഫ് തൂത്തു വാരി, 2021 പിന്നെയും എല്‍.ഡി.എഫ് തൂത്തു വാരി, പക്ഷെ 2024 യു.ഡി.എഫ് തൂത്തു വാരി. ചുരുക്കി പറഞ്ഞാല്‍ കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകള്‍ തൂത്തുവാരലുകളുടേതായിരുന്നു.

അതിന്റെയൊക്കെ വിലയിരുത്തുകളോ?

എല്‍.ഡി.എഫ് തൂത്തു വരുന്ന സമയങ്ങളില്‍ വിലയിരുത്തലുകള്‍ ഇങ്ങനെയാണ്. മുസ്‌ലിംകള്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു, ക്രിസ്ത്യാനികള്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു, നായന്മാര്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു, ഈഴവര്‍ കോണ്‍ഗ്രസിനെ ഉപേക്ഷിച്ചു. ഇനി കോണ്‍ഗ്രസ് പച്ച പിടിക്കില്ല. ഇനിയുള്ള മത്സരം സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മിലായിരിക്കും, കോണ്‍ഗ്രസ്സുകാര്‍ മൊത്തം ബി.ജെ.പിയില്‍ പോകും.

നേരെ എതിര്‍ വിലയിരുത്തലുകളാണ് യു.ഡി.എഫ് തൂത്തു വരുമ്പോള്‍. യു.ഡി.എഫ് തൂത്തു വരുന്ന സമയങ്ങളില്‍ വിലയിരുത്തലുകള്‍ ഇങ്ങനെയാണ്. മുസ്‌ലിംകള്‍ സി.പി.ഐ.എമ്മിനെ ഉപേക്ഷിച്ചു, ക്രിസ്ത്യാനികള്‍ സി.പി.ഐ.എമ്മിനെ ഉപേക്ഷിച്ചു, നായന്മാര്‍ സി.പി.ഐ.എമ്മിനെ ഉപേക്ഷിച്ചു, ഈഴവര്‍ സി.പി.ഐ.എമ്മിനെ ഉപേക്ഷിച്ചു. ഇനി സി.പി.ഐ.എം പച്ച പിടിക്കില്ല. ഇനിയുള്ള മത്സരം കോണ്‍ഗ്രസ്സും ബി.ജെ.പി യും തമ്മിലായിരിക്കും, കോണ്‍ഗ്രസ്സുകാര്‍ മൊത്തം ബി.ജെ.പിയില്‍ പോകും.

കൂട്ടത്തില്‍ ഒരു കാര്യം പറയട്ടെ, ജനസംഖ്യയില്‍ നല്ലൊരു ശതമാനം വരുന്ന ദളിതര്‍ ആരെ ഉപേക്ഷിച്ചു എന്നോ ആരെ സ്വീകരിച്ചു എന്നോ ആരും പറയാറില്ല, അവര്‍ക്ക് സംവരണ സീറ്റിന് പുറത്താരും സീറ്റ് കൊടുക്കാറുമില്ല. ആധുനിക കേരളത്തില്‍ രാഷ്ട്രീയത്തിലായാലും മീഡിയയിലായാലും ദളിതര്‍ ഇപ്പോഴും പന്തിക്ക് പുറത്താണ്. മറ്റൊരു സമയത്ത് വിശദമായി സംസാരിക്കാം. ഇപ്പോള്‍ നമ്മുടെ വിഷയത്തിലേക്ക് തിരിച്ചു വരാം.

സത്യത്തില്‍ മുസ്‌ലീങ്ങളും ക്രിസ്ത്യാനികളും നായന്മാരും ഈഴവരും ഒരു മുന്നണിയെ ഉപേക്ഷിക്കുമ്പോള്‍ എല്ലാവരും ആ മുന്നണിയെ ഉപേക്ഷിച്ചു എന്ന് മൊത്തത്തിലങ്ങ് പറഞ്ഞാല്‍ പോരെ, ഓരോരുത്തരെയും പ്രത്യേകം പ്രത്യേകം എടുത്തു പറയണോ? അതല്ലേ കോമ്മണ്‍ സെന്‍സ്. ബി.ജെ.പി വോട്ട് ഷെയറിനെ കുറിച്ച് പറഞ്ഞതിന് ശേഷം അതിന്റെ ലോജിക്കിലേക്ക് വരാം.

കേരളത്തില്‍ ബി.ജെ.പിക്ക് 15% നടുത്ത് വോട്ട് ഉണ്ട്, കുറച്ചു കാലമായി അതങ്ങനെയാണ്, സ്‌ട്രോങ്ങ് ബേസ് എന്ന് പറയാം, അവരുടെ ഐഡിയോളജിക്കല്‍ വോട്ടര്‍മാര്‍. തെരഞ്ഞെടുപ്പിന്റെ പൊതു അവസ്ഥ അനുസരിച്ചു ആ വോട്ട് ഷെയര്‍ കുറച്ചു മുകളിലേക്ക് വരും , അല്ലെങ്കില്‍ താഴോട്ട് പോകും.

2014 ല്‍ മോദി തരംഗത്തില്‍ ബി.ജെ.പി വോട്ട് മുകളിലേക്ക് പോയി, 2016 ല്‍ താഴോട്ട്, 2019 ല്‍ മുകളിലോട്ട്, 2021 പിന്നെയും താഴോട്ട്, 2024 ല്‍ പിന്നെയും മേലോട്ട്. ഈ സമയത്തൊക്കെ വിലയിരുത്തലുകള്‍ പഴയതു തന്നെ, ഐറ്റം തിരിച്ചും ഇനം തിരിച്ചും. സത്യത്തില്‍ അതിന്റെ അവസ്ഥ ഇങ്ങനെയാണ്, അധികാരത്തില്‍ വരാന്‍ സാധ്യതയുള്ള പാര്‍ട്ടിക്ക് കുറേപേര്‍ വോട്ട് ചെയ്യും.

വളരെയേറെ പേര്‍ക്ക് രാഷ്ട്രീയം ഐഡിയോളജിക്കല്‍ അല്ല ട്രാന്‌സാക്ഷനല്‍ ആണ്. ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ എന്തൊക്കെയോ കിട്ടും എന്ന് ചിന്തിക്കുന്ന വോട്ടര്‍മാര്‍ ഒരു പാടുണ്ട്, പ്രത്യേകിച്ച് വോട്ട് ചെയ്യുന്ന സ്ഥാനാര്‍ഥി മന്ത്രിയാകുമെന്ന് ഉറപ്പുള്ളപ്പോള്‍ പ്രതീക്ഷ കൂടും. ഈ പ്രതീക്ഷയില്‍ പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്ന് രാഷ്ട്രീയക്കാര്‍ വീണ്ടും വീണ്ടും തെളിയിച്ചാലും വോട്ടര്‍മാര്‍ പ്രതീക്ഷിച്ചു കൊണ്ടേയിരിക്കും.

ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ആദ്യ ഘട്ടത്തിലാണ് കേരളത്തില്‍ നടന്നത്. ആ സമയത്തെ മൂഡ് ഒരു കാരണവശാലും തോല്‍പിക്കാന്‍ കഴിയാത്ത ആള്‍ ആണ് മോദി എന്നതായിരുന്നു, 400 കിട്ടുമോ ഇല്ലയോ എന്നത് മാത്രമായിരുന്നു അന്നത്തെ ചര്‍ച്ച. ഈ തെരഞ്ഞെടുപ്പില്‍ മാത്രമല്ല ഇനിയൊരിക്കലും മോദി തോല്‍ക്കില്ല എന്ന തോന്നലില്‍, ബി.ജെ.പിക്കാര്‍ മന്ത്രിയാക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ഥികളുള്ള മണ്ഡലങ്ങളില്‍ ട്രാന്‌സാക്ഷണല്‍ വോട്ടര്‍മാര്‍ നന്നായി ബി.ജെ.പിക്ക് വോട്ട് ചെയ്തു. ഒരാള്‍ മന്ത്രിയുമായി, ആ മണ്ഡലങ്ങളിലുള്ളവര്‍ക്ക് എന്തെങ്കിലുമൊക്കെ കിട്ടുമായിരിക്കും. കിട്ടുമെങ്കില്‍ കിട്ടട്ടെ. ഈ ട്രെന്‍ഡ് അങ്ങനെ പോകുമോ, ബി.ജെ.പി ഇനിയും വോട്ട് കൂട്ടി കൂട്ടി കേരളം ഭരിക്കുമോ. അതാണ് പരിശോധിക്കേണ്ടത് .

ബി.ജെ.പിയുടെ ഐഡലോളജിക്കല്‍ വോട്ടര്‍മാര്‍ അങ്ങനെ തന്നെ തുടരും. 2025 നിയമസഭ ബി.ജെ.പി ഏതായാലും ഭരിക്കും എന്ന് ആരും കരുതാത്തത് കൊണ്ട് ട്രാന്‌സാക്ഷണല്‍ വോട്ടര്‍മാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ല. അടുത്ത രണ്ടുമൂന്ന് നിയമസഭാ തെരഞ്ഞെടുപ്പ് അങ്ങനെ പോകും.

അക്കൗണ്ട് തുറക്കലും പൂട്ടലുമായി അതങ്ങനെ തുടരും. അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് മോദി ഒന്നുകില്‍ മാര്‍ഗ ദര്‍ശക മണ്ഡലില്‍ ആയിരിക്കും, അല്ലെങ്കില്‍ ബൈഡന്റെ അവസ്ഥയിലായിരിക്കും. ഇക്കൊല്ലം കോണ്‍ഗ്രസ്സുകാര്‍ പ്രതിപക്ഷത്തിരിക്കാനാണ് വോട്ട് ചോദിച്ചതെങ്കില്‍ അടുത്ത പ്രാവശ്യം അത് ഭരിക്കാനായിരിക്കും. അതുകൊണ്ട് തന്നെ ബി.ജെ.പിക്ക് അടുത്ത ലോക്‌സഭയിലും ഇപ്പോഴത്തേതിനേക്കാള്‍ വോട്ടൊന്നും കൂടാന്‍ സാധ്യതയില്ല.

അതൊക്കെയാണ് ബി.ജെ.പിയുടെ കേരളത്തിലെ ഹ്രസ്വകാല ഭാവി. ദീര്‍ഘ കാലത്തിലോ? , ബ്രിട്ടീഷ് എക്കണോമിസ്‌റ് ജോണ്‍ മെയ്നാര്‍ഡ് പറഞ്ഞത് പോലെ ദീര്‍ഘകാലത്തില്‍ നമ്മളൊക്കെ മരിച്ചു പോകും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിരിക്കെ എന്ത് കൊണ്ടാണ് മാധ്യമങ്ങള്‍ മുഴുവന്‍ മുസ്‌ലിംകള്‍ അങ്ങോട്ട്, ക്രിസ്ത്യാനികള്‍ ഇങ്ങോട്ട്, നായന്മാര്‍ അങ്ങോട്ട്, ഈഴവര്‍ ഇങ്ങോട്ട് എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇലക്ഷന്‍ കഴിഞ്ഞു ഇത്രയും ദിവസങ്ങളായിട്ടും ആ ചര്‍ച്ച അവസാനിക്കാത്തത്. ഒന്നാമത്തെ കാരണം മാധ്യമങ്ങളുടെ ബിസിനസ്സ്, രണ്ടാമത്തേത് രാഷ്ട്രീയക്കാരുടെ കഴിവ്‌കേടിന് നല്ലൊരു ഒഴിവ്കഴിവ്.

ടെലിവിഷന്‍ ചാനലുകളുടെയും യൂട്യൂബ് ചാനലുകാരുടെയും അജ്‌നമൊട്ടയാണ് വര്‍ഗീയത. കാര്യം അജ്‌നമോട്ട നല്ലതല്ലെന്ന് നാട്ടുകാര്‍ പൊതുവെ വിശ്വസിക്കുന്നുണ്ടെങ്കിലും എല്ലാവര്ക്കും അതിഷ്ടമാണ്, കൂടുതല്‍ അജ്‌നമോട്ട ചേര്‍ക്കുന്ന ഹോട്ടലിലാണ് കൂടുതല്‍ കസ്റ്റമര്‍. അത് തന്നെയാണ് മാധ്യമങ്ങളുടെയും കാര്യം. ടി.ആര്‍.പി യും പ്രേക്ഷകരും ഒന്നുമില്ലാതെ അന്തം വിട്ടിരിക്കുമ്പോള്‍ ചാനലുകള്‍ ചെറുതായി വര്‍ഗീയത ചേര്‍ക്കും, യൂട്യൂബ് ചാനലുകാര്‍ അത് ഡബിള്‍ ആക്കും, കുറച്ചു കാലത്തേക്ക് ജഗപോക. യൂട്യൂബ് ചാനലുകളുടെ വ്യൂവേര്‍ഷിപ് മാത്രം നോക്കിയാല്‍ മതി, വര്‍ഗീയത പറയുന്ന ദിവസങ്ങളില്‍ ഗ്രാഫും വരുമാനവും പൊങ്ങി പൊങ്ങി പോകുന്നത് കാണാന്‍.

രാഷ്ട്രീയക്കാര്‍ക്കും ഇതാണ് ബെസ്‌ററ് സ്ട്രാറ്റജി. മുഴുവന്‍ പരാജയങ്ങളെയും അവര്‍ ഈ വര്‍ഗീയത വച്ചങ്ങ് മറക്കും. എങ്ങനെയാണെന്ന് പറയാം. അതിന് ഷീബയുടെ കഥ കേള്‍ക്കണം. ഈ കോളം ഇലക്ഷന് മുമ്പ് വോട്ടര്‍മാരുടെ പ്രശ്‌നങ്ങളെ പറ്റിയും രാഷ്ട്രീയക്കാരില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നതിനെ പറ്റിയും പലരോടും സംസാരിച്ചിരുന്നു. അതിലൊരാളാണ് ഷീബ. ( https://www.doolnews.com/farooq-writes-about-unemployment-in-india-66-114.html )

ഷീബയുടെ കഥ ഇതിന് മുമ്പ് ഇവിടെ പറഞ്ഞതാണ്. പക്ഷെ ചില കഥകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കഴിയില്ല. എന്റെ നാട്ടുകാരിയായ ഷീബ ( പേരുകള്‍ സ്വകാര്യതക്ക് വേണ്ടി മാറ്റിയിട്ടുണ്ട് ) വടകരയിലെ ഒരു ഷോപ്പില്‍ ജോലി ചെയ്യുകയാണ്. മുന്നൂറ്റമ്പത് രൂപയാണ് ദിവസക്കൂലി . സീസണാണെങ്കില്‍ 400. ഒരു ദിവസം ചെന്നില്ലെങ്കില്‍ അന്ന് കൂലിയില്ല. അന്‍പത് രൂപ ദിവസം ബസ്സ് കൂലിയാകും. ബസ്സിറങ്ങി വീട്ടിലേക്ക് ഓട്ടോറിക്ഷക്ക് അറുപത് രൂപയും.

ഒന്നൊന്നര കിലോമീറ്ററെ ബസ്സിറങ്ങറങ്ങിയാല്‍ ഷീബയുടെ വീട്ടിലേക്കുള്ളു, ‘ഓട്ടോറിക്ഷയില്‍ പോകേണ്ട ദൂരമില്ലല്ലോ’, ഞാന്‍ ചോദിച്ചു. അതിന് ഷീബ പറഞ്ഞ മറുപടി കേട്ടാല്‍ നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാവങ്ങളുടെ കാര്യം വരുമ്പോള്‍ എത്രത്തോളം പരാജയമാണ് എന്ന് മനസ്സിലാവും.

‘ആ വഴിയില്‍ മൊത്തം തെരുവ് പട്ടികളാണ്, ഞാന്‍ നേരം വെളുക്കുന്നതിന് മുമ്പ് ജോലിക്ക്‌പോകുന്നതാണ്, ഇരുട്ടിയാലേ വരൂ, ആ സമയത്ത് അതിലെ നടന്നാല്‍ പട്ടികള്‍ പൊറാട്ട കീറും പോലെ കീറും’ ഷീബ പറഞ്ഞതാണ്. അത് കൊണ്ടാണ് ഓട്ടോറിക്ഷ പിടിക്കുന്നത്.

നല്ല ഒരു ഭക്ഷണം കഴിക്കാനോ, വസ്ത്രം വാങ്ങാനോ പോലും തികയാത്ത ശമ്പളമാണ് ഷീബക്ക് കിട്ടുന്നത്. മിനിമം കൂലിയില്ല, അവധി ദിനങ്ങളില്ല, മെഡിക്കല്‍ ഇന്‍ഷുറന്‍സില്ല, ഒക്കെ പോട്ടെ, മര്യാദക്ക് പട്ടിയെ പേടിക്കാതെ ജോലിക്ക് പോകാനുള്ള ഒരു സംവിധാനം ഷീബക്ക് ഒരുക്കി കൊടുക്കാന്‍ നമ്മളീ ക്യൂ നിന്ന് വോട്ടു ചെയ്യുന്നവര്‍ക്ക് സാധിച്ചോ – ഇല്ല.

ഷീബക്ക് രാഷ്ട്രീയക്കാരില്‍ നിന്ന് ഒരേ ഒരു കാര്യമേ ആവശ്യപ്പെടാനുള്ളൂ, പട്ടിയെ പേടിക്കാതെ ജോലിക്ക് പോകാന്‍ പറ്റണം. 350 രൂപ കിട്ടുന്നതില്‍ നിന്ന് 60 രൂപ ദിവസം തെരുവ് പട്ടിയില്‍ നിന്ന് രക്ഷപെടാന്‍ കൊടുക്കേണ്ടി വരുന്ന ഒരാളുടെ ദയനീവസ്ഥ കാറില്‍ മാത്രം സഞ്ചരിക്കുന്നവര്‍ക്ക് മനസ്സിലാകില്ലല്ലോ.

ഒരുപക്ഷെ നിങ്ങള്‍ കരുതുന്നുണ്ടാകും ഷീബ കുറച്ചു കൂടി പഠിച്ചിരുന്നെങ്കില്‍ കുറച്ചു കൂടെ ശമ്പളം കിട്ടിയേനെ എന്ന്, എന്നാല്‍ സത്യം തിരിച്ചാണ്.

എം.കോം വരെ പഠിച്ചതാണ് അമീറ. ഇപ്പോള്‍ ഒരു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ കീഴില്‍ പണിയെടുക്കുന്നു. ശമ്പളം 2000 രൂപ. എനിക്ക് വിശ്വസിക്കാനായില്ല.

‘ഇവിടെ എല്ലാവരും ട്രെയിനിയാണ്, രണ്ടായിരം മുതല്‍ നാലായിരം വരെയാണ് സാലറി’ അമീറ പറഞ്ഞു.

‘എത്രകാലം ട്രെയിനിയായാല്‍ സ്ഥിരമാകും’ ഞാന്‍ ചോദിച്ചു.

‘അങ്ങനെയില്ല, ഇവിടെ ട്രെയിനി മാത്രമേയുള്ളു. പിന്നീട് ഏതെങ്കിലും സ്ഥാപനത്തില്‍ ജോലി കിട്ടിയാല്‍ പോകാം’

അങ്ങനെ ജോലി കിട്ടിയതാണ് അമീറയുടെ ബന്ധു നാസിയക്ക്. കോഴിക്കോട് സാമാന്യം വലിയ ഒരു സ്ഥാപനത്തിലാണ്. പണി അക്കൗണ്ടന്റ്. ശമ്പളം പതിനായിരം രൂപ. ഇപ്പോള്‍ രണ്ടു കൊല്ലം കഴിഞ്ഞു.

‘ശമ്പളം കൂട്ടി ചോദിച്ചൂടേ’ ഞാന്‍ ചോദിച്ചു

‘അയ്യായിരത്തിന് ജോലി ചെയ്യാന്‍ ഇഷ്ടം പോലെ ആളെ കിട്ടാനുണ്ട്. പിന്നെന്തിനാണ് അവര്‍ എനിയ്ക്ക് ശമ്പളം കൂട്ടി തരുന്നത്’ . ന്യായമായ ചോദ്യം.

ഡിപ്ലോമ പാസ്സായ ഒരു പയ്യന്‍, അവനും കൂലി പതിനായിരമാണ്. പക്ഷെ മോട്ടോര്‍ ബൈക്കും അതിനുള്ള പെട്രോള്‍ ചെലവും അവന്‍ സ്വന്തം വഹിക്കണം. ഒരു വലിയ ഇലക്ട്രോണിക് കമ്പനിയില്‍ സര്‍വീസ് എന്‍ജിനീയറാണ്. കസ്റ്റമരുടെ വീട്ടില്‍ പോയി ഫ്രിഡ്ജ് റിപ്പയര്‍ ചെയ്യുന്നതാണ് ജോലി. ശമ്പളം പെട്രോളടിച്ചു തീരും. ‘ഏതെങ്കിലും കാലത്ത് ശമ്പളം കൂട്ടി കിട്ടുമായിരിക്കും’. അതാണവന്റെ പ്രതീക്ഷ. അവന്റെ കൂടെ ഒരു ബി-ടെക് എന്‍ജിനീയറും പണിയെടുക്കുന്നുണ്ട്. അതെ പാക്കേജില്‍.

എന്റെ വീട്ടിനടുത്താണ് മാധവിയമ്മ. മുട്ടിന് തേയ്മാനം വന്നു തീവ്രമായ വേദന അനുഭവിക്കുകയാണ് പാവം. ‘വേദന കാരണം ഉറങ്ങിയിട്ട് എത്രയോ കാലമായി’ അവര്‍ പറഞ്ഞു. ‘ചികിത്സ ഒന്നും ചെയ്തില്ലേ’ ഞാന്‍ ചോദിച്ചു. ആകപ്പാടെ ഒരു ചികിത്സയേയുള്ളൂ, മുട്ട് മാറ്റിവക്കല്‍. അതിന് നാലു ലക്ഷത്തോളം രൂപ വേണം. നൂറു രൂപ തികച്ചു എടുക്കാനില്ലാത്ത മാധവിയമ്മ പല പ്രാവശ്യം സര്‍ക്കാര്‍ ആശുപത്രികളില്‍ പോയി, അവര്‍ എഴുതി കൊടുക്കുന്ന വേദന സംഹാരികള്‍ പുറത്തെ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് വാങ്ങി തിന്ന് കാലം കഴിക്കുന്നു. മാധവിയമ്മക്ക് രാഷ്ട്രീക്കാരില്‍ നിന്ന് ഒന്നേ ആവശ്യപ്പെടാനുള്ളൂ, സര്‍ക്കാര്‍ ആശുപത്രിയില്‍ മുട്ട് മാറ്റി വക്കാനുള്ള സൗകര്യം.

പക്ഷാഘാതം വന്നു വീല്‍ച്ചെയറിലായ ഒരു ചെറുപ്പക്കാരന് ചെറിയൊരു വീട് വെക്കണം, നാട്ടുകാരൊക്കെ സഹായിച്ചു കുറച്ചു രൂപയുണ്ടാക്കി. സിമന്റു വാങ്ങാന്‍ നോക്കിയപ്പോള്‍ 28 ശതമാനം ടാക്‌സ്. സിമിന്റിന് മാത്രമല്ല, മറ്റെല്ലാ നിര്‍മാണ സാമഗ്രികള്‍ക്കും ഇത് തന്നെയാണ് ടാക്‌സ്. ലോകത്ത് വേറെയെവിടെയെങ്കിലും ഇത്രക്ക് ഭീകരമായ ടാക്‌സ് ഉണ്ടോ. അവന്‍ ചോദിക്കുന്നു

ജനങ്ങള്‍ക്ക് പല വിധം പ്രശ്‌നങ്ങളാണ്. തെരുവ് പട്ടികള്‍, കാട്ടു പന്നികള്‍, ഭക്ഷണം കഴിക്കാന്‍ പോലും തികയാത്ത വേതനത്തിന് ജോലി ചെയ്യേണ്ടി വരുന്ന നിര്‍ബന്ധാവസ്ഥ, പരിഹാരമില്ലാത്ത മുട്ട് വേദന, ഭീകരമായ ടാക്‌സ് കൊള്ള, നിര്‍മാണ മേഖലയിലെ സ്തംഭനം മൂലം ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവര്‍ക്ക് ജോലിയില്ലാത്ത അവസ്ഥ, എന്നിങ്ങനെ ആരോട് ചോദിച്ചാലും ഓരോരോ പ്രശ്‌നങ്ങള്‍ പറയും. ഇതില്‍ ഹിന്ദുക്കളുണ്ട്, മുസ്‌ലിംകളുണ്ട്, ക്രിസ്ത്യാനികളുണ്ട്. നിങ്ങള്‍ ഇന്ന മതത്തില്‍ പെട്ടവരായത് കൊണ്ട് അല്ലെങ്കില്‍ ജാതിയില്‍ പെട്ടവരായത് കൊണ്ട് പ്രത്യകിച്ച് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ഞാന്‍ ചോദിച്ചു. ആര്‍ക്കും അങ്ങനെയൊരു പ്രശ്‌നമില്ല. ക്രിസ്ത്യാനികള്‍ക്കൊഴിച്ച്.

ചെറുപ്പക്കാര്‍ വന്‍ തോതില്‍ നാട് വിടുന്നതിനെ കുറിച്ചും പ്രായമുള്ളവരും ചെറുപ്പക്കാരും തമ്മിലുള്ള അനുപാതം കുറഞ്ഞു വരുന്നതിനെ കുറിച്ചും മിക്ക ക്രിസ്ത്യാനികളും പറയും. അതിന്റെ കാരണവും ബീന പറഞ്ഞത് തന്നെയാണ്. ഐ ടിയില്‍ ഒഴികെ ഒരു മേഖലയിലും ശമ്പളമില്ല. ഒരേ സമയം ശമ്പളം കുറയുകയും അതേസമയം വിലക്കയറ്റം ഉണ്ടാകുകയും ചെയ്യുന്ന പ്രതിസന്ധിയിലൂടെ കടന്ന് പോകുകയാണ് രാജ്യം. സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി, ഗ്രാമീണ മേഖലയില്‍ കൂലി കുറയുക എന്ന അപൂര്‍വ പ്രതിഭാസത്തിന് രാജ്യം കഴിഞ്ഞ വര്‍ഷം സാക്ഷ്യം വഹിച്ചു. ഏറ്റവും ശമ്പളം ഉണ്ടെന്ന് കരുതപ്പെടുന്ന ഐ.ടി , ബാങ്കിങ് മേഖലയിലൊക്കെ പത്ത് വര്ഷം മുമ്പ് കൊടുത്ത ശമ്പളമാണ് ഇപ്പോഴും കൊടുക്കുന്നത്.

‘എങ്ങനെയെങ്കിലും നാട് വിടാതെ ഒരു രക്ഷയുമില്ല’, എന്താണ് ഭാവി പരിപാടി എന്ന് ചോദിച്ചാല്‍ മിക്ക ചെറുപ്പക്കാരും പറയും. ക്രിസ്ത്യന്‍ ചെറുപ്പക്കാര്‍ മാത്രമല്ല നാട് വിടുന്നത്, എല്ലാവരും പോകുന്നുണ്ട്. പക്ഷെ ക്രിസ്ത്യാനികളില്‍ അതിന്റെ അനുപാതം വളരെ കൂടുതലാണെന്ന് മാത്രം. മാത്രമല്ല, പോകുന്നവര്‍ തിരിച്ചു വരുന്നുമില്ല.

ഇപ്പറഞ്ഞതില്‍ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകുന്നത് നിങ്ങള്‍ കണ്ടിരുന്നോ, ഉണ്ടാവില്ല. ഇതൊക്കെ പരിഹരിക്കാന്‍ കഴിവ് വേണം, കഷ്ടപ്പാടുമുണ്ട്. എളുപ്പം പറ്റുന്ന പണി മുസ്‌ലിംകള്‍ വോട്ട് ചെയ്തില്ല, ഹിന്ദുക്കള്‍ വോട്ട് ചെയ്തില്ല, ക്രിസ്ത്യാനികള്‍ വോട്ട് ചെയ്തില്ല എന്നൊക്കെ പറഞ്ഞു ചര്‍ച്ച വഴി തിരിച്ചു വിടലാണ്. മാധ്യമങ്ങള്‍ക്ക് പണം, രാഷ്ട്രീയക്കാര്‍ക്ക് ഒഴിവ് കഴിവ്, ഇത് രണ്ടുമാണ് തെരഞ്ഞെടുപ്പ് വിശകലനം വര്‍ഗീയതയില്‍ ചുറ്റി തിരിയാനുള്ള കാരണം. ഈ വര്‍ഗീയ വിശകലനങ്ങളുടെ പിറകെ പോയാല്‍ എല്ലാവര്‍ക്കും നഷ്ടമേ വരൂ, പ്രത്യേകിച്ച് കാറില്ലാത്ത പാവങ്ങള്‍ക്ക്, പട്ടിയെ പേടിച്ചു ജീവിക്കുക എന്നതായിരിക്കും അവരുടെ വിധി.

ഇലക്ഷന് ശേഷം സീരീസ്- ഒന്നാം ഭാഗം: രാഹുല്‍ പപ്പുവല്ല

ഇലക്ഷന് ശേഷം സീരീസ്- രണ്ടാം ഭാഗം: മഞ്ഞുമ്മല്‍ ബോയ്‌സും സിന്ധു സൂര്യകുമാറും ഞാനും

ഇലക്ഷന് ശേഷം സീരീസ്- മൂന്നാം ഭാഗം: അയോധ്യയും പയ്യോളിയും

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ