സൂപ്പര്‍ താരം ശ്രേയസ് അയ്യരിനെ സെന്‍ട്രല്‍ കോണ്‍ട്രാക്ടില്‍ നിന്നും പുറത്താക്കിയതില്‍ ആരാധകര്‍ക്കിടയില്‍ വിമര്‍ശനം ശക്തം. ആഭ്യന്തര മത്സരങ്ങള്‍ കളിക്കാത്തതിന് പിന്നാലെ അയ്യര്‍ അപെക്‌സ് ബോര്‍ഡിന്റെ അപ്രീതി പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് താരം വാര്‍ഷിക കരാറില്‍ നിന്നും പുറത്തായിരിക്കുന്നത്.
ശ്രേയസ് അയ്യരിനെയും ഇഷാന്‍ കിഷനെയും വാര്‍ഷിക കരാറില്‍ നിന്നും പുറത്താക്കിയേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ ആ റിപ്പോര്‍ട്ടുകള്‍ ശരിവെച്ചുകൊണ്ടാണ് അപെക്‌സ് ബോര്‍ഡ് ഇരുവരെയും പുറത്താക്കിയിരിക്കുന്നത്.
കരാറിലേക്ക് ഇരുവരുടെയും പേരുകള്‍ പരിഗണിച്ചിരുന്നില്ല എന്നും ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു.
NEWS 🚨- BCCI announces annual player retainership 2023-24 – Team India (Senior Men) #TeamIndia pic.twitter.com/oLpFNLWMJp
— BCCI (@BCCI) February 28, 2024
ആന്വല്‍ കോണ്‍ട്രാക്ട് പുറത്തുവിട്ടതോടെ അപെക്‌സ് ബോര്‍ഡിനെതിരെ ആരാധകരുടെ വിമര്‍ശനവും ഉയരുകയാണ്. ശ്രേയസ് അയ്യരിനെ പുറത്താക്കിയതിനെതിരെയാണ് ആരാധകര്‍ രംഗത്തുവന്നത്.
2023 ലോകകപ്പില്‍ താരത്തിന്റെ പ്രകടനങ്ങള്‍ അടക്കം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഇന്ത്യ കലാശപ്പോരാട്ടത്തിന് യോഗ്യത നേടാന്‍ അയ്യര്‍ നിര്‍ണായക പങ്ക് വഹിച്ചതും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.
ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്താണ് അയ്യര്‍ സ്ഥാനം പിടിച്ചിരുന്നത്. 11 മത്സരത്തില്‍ നിന്നും 66.25 ശരാശരിയിലും 113.24 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലും 530 റണ്‍സാണ് താരം നേടിയത്.
രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമടക്കമാണ് അയ്യര്‍ സ്‌കോര്‍ ചെയ്തത്. നെതര്‍ലന്‍ഡ്‌സിനെതിരെ നേടിയ 128 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സെമി ഫൈനല്‍ മത്സരത്തില്‍ 70 റണ്‍സിന് ഇന്ത്യ ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയപ്പോള്‍ 70 പന്തില്‍ നിന്നും 105 റണ്‍സും അയ്യര്‍ നേടിയിരുന്നു.
ഇതിന് പുറമെ 2022 മുതല്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ നാലാമാനും അയ്യര്‍ തന്നെ.
2022 മുതല്‍ ഇന്ത്യക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങള്‍
വിരാട് കോഹ് ലി – 3,483 റണ്‍സ്
ശുഭ്മന്‍ ഗില്‍ – 3381
രോഹിത് ശര്‍മ – 3,268
ശ്രേയസ് അയ്യര്‍ – 2,703
സൂര്യകുമാര്‍ യാദവ് – 2,554
ഈ കണക്കുകളടക്കം നിരത്തിയാണ് ആരാധകര്‍ അയ്യരിനായി വാദിക്കുന്നത്.
എന്നാല്‍ അപെക്‌സ് ബോര്‍ഡിന്റെ തീരുമാനത്തെ അനുകൂലിക്കുന്നവരും കുറവല്ല. ബി.സി.സി.ഐ രണ്ട് താരങ്ങള്‍ക്ക് ആവശ്യത്തിലധികം നിര്‍ദേശവും മുന്നറിയിപ്പും നല്‍കിയിട്ടും അവര്‍ അത് അവഗണിക്കുകയായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്.
അതേസമയം, അയ്യര്‍ ആഭ്യന്തര തലത്തിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. രഞ്ജിയില്‍ മുംബൈ ക്യാമ്പിനൊപ്പം ചേരുകയും ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം കളിക്കുകയും ചെയ്തിരുന്നു. ബറോഡക്കെതിരായ മത്സരം സമനിലയിലായതിന് പിന്നാലെ ടീം സെമി ഫൈനലിനും യോഗ്യത നേടി. മാര്‍ച്ച് രണ്ടിനാണ് മത്സരം ആരംഭിക്കുന്നത്. തമിഴ്‌നാടാണ് എതിരാളികള്‍.
ബി.സി.സി.ഐ വാര്‍ഷിക കരാര്‍
ഗ്രേഡ് എ പ്ലസ് – ഏഴു കോടി രൂപയുടെ വാര്‍ഷിക കരാര്‍ (നാല് താരങ്ങള്‍)
വിരാട് കോഹ്‌ലി
രോഹിത് ശര്‍മ
ജസ്പ്രീത് ബുംറ
രവീന്ദ്ര ജഡേജ
ഗ്രേഡ് എ – അഞ്ച് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (ആറ് താരങ്ങള്‍)
ആര്‍. അശ്വിന്‍
മുഹമ്മദ് ഷമി
മുഹമ്മദ് സിറാജ്
കെ.എല്‍. രാഹുല്‍
ശുഭ്മന്‍ ഗില്‍
ഹര്‍ദിക് പാണ്ഡ്യ
ഗ്രേഡ് ബി – മൂന്ന് കോടി രൂപയുടെ വാര്‍ഷിക കരാര്‍ (അഞ്ച് താരങ്ങള്‍)
സൂര്യകുമാര്‍ യാദവ്
റിഷബ് പന്ത്
കുല്‍ദീപ് യാദവ്
അക്സര്‍ പട്ടേല്‍
യശസ്വി ജയ്സ്വാള്‍
ഗ്രേഡ് സി – ഒരുകോടി രൂപയുടെ വാര്‍ഷിക കരാര്‍ (15 താരങ്ങള്‍)
റിങ്കു സിങ്
തിലക് വര്‍മ
റിതുരാജ് ഗെയ്ക്വാദ്
ശിവം ദുബെ
രവി ബിഷ്ണോയ്
ജിതേഷ് ശര്‍മ
വാഷിങ്ടണ്‍ സുന്ദര്‍
സഞ്ജു സാംസണ്‍
അര്‍ഷ്ദീപ് സിങ്
കെ.എസ്. ഭരത്
പ്രസിദ്ധ് കൃഷ്ണ
ആവേശ് ഖാന്‍
രജത് പാടിദാര്‍
ഷര്‍ദുല്‍ താക്കൂര്‍
മുകേഷ് കുമാര്‍
Content highlight: Fans slams BCCI for excluding Shreyas Iyer from Annual Contract