ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദപരമായ ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു പ്ലെഓഫ് മത്സരത്തിന് ശേഷം ഐ.എസ്.എൽ അധികൃതർക്ക് നേരെയും റഫറിമാർക്കെതിരെയും പല കോണുകളിൽ നിന്നും വിമർശനങ്ങൾ ഉയരുന്നുണ്ട്.
ബ്ലാസ്റ്റേഴ്സിനെതിരെ ഛേത്രി നേടിയ വിവാദ ഫ്രീ കിക്ക് ഗോളിനെ സംബന്ധിച്ച ആരോപണങ്ങൾ കെട്ടടങ്ങുന്നതിന് മുന്നേയാണ് മുംബൈ-ബെംഗളൂരു ആദ്യ സെമിയിൽ റഫറി ബെംഗളൂരുവിന് അനുകൂലമായ നിലപാടെടുത്തു എന്ന തരത്തിലുള്ള വിമർശനങ്ങൾ വീണ്ടും ശക്തമാവുന്നത്.
ആവേശകരമായ മുംബൈ-ബെംഗളൂരു ഒന്നാം പാദ സെമി ഫൈനൽ മത്സരത്തിൽ കളി 78 മിനിട്ട് പിന്നിട്ടപ്പോൾ ഛേത്രി നേടിയ ഗോളിൽ മത്സരം ബെംഗളൂരു എഫ്.സി വിജയിച്ചിരുന്നു.
എന്നാൽ മത്സരത്തിന്റെ അവസാന നിമിഷത്തിൽ മുംബൈ താരം ഗ്രേഗ് സ്റ്റുവേർട്ട് എടുത്ത ഫ്രീ കിക്ക് ബെംഗളൂരു ഗോൾ കീപ്പർ തട്ടിയകറ്റിയിരുന്നു.
എന്നാൽ ഇതിന് ശേഷം മുംബൈക്ക് അനുകൂലമായ കോർണർ റഫറി നിഷേധിക്കുകയും, ഇത് ചോദ്യം ചെയ്ത മൊർത്താഡ ഫാളിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തു ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സമൂഹ മാധ്യമങ്ങളിൽ അടക്കം നടക്കുന്നത്.
‘ഇത് ഛേത്രിക്കൊരു കപ്പ് പദ്ധതിയാണെന്നും, റഫറിമാർ ബെംഗളൂരു എഫ്.സി.ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നുമൊക്കെയാണ് ആരാധകർ ഉയർത്തുന്ന പ്രധാന വാദങ്ങൾ.
മത്സരത്തിൽ ഉടനീളം ആധിപത്യം പുലർത്തിയിട്ടും ബെംഗളൂരുവിന്റെ പ്രതിരോധക്കോട്ട തകർക്കാൻ മുംബൈക്ക് സാധിച്ചില്ല. മത്സരത്തിലുടനീളം പന്ത് കൈവശം വെച്ച്കളിച്ചത് മുംബൈയായിരുന്നു. കളിയുടെ 64 ശതമാനവും പന്ത് കൈവശം വെച്ച് കളിച്ചിരുന്ന മുംബൈക്ക് എന്നാൽ വെറും മൂന്ന് ഷോട്ട് ഓൺ ടാർഗറ്റ് മാത്രമേ ബെംഗളൂരു പോസ്റ്റിലേക്ക് ഉതിർക്കാൻ സാധിച്ചിരുന്നുള്ളൂ.
എന്നാൽ വെറും 36 ശതമാനം സമയം മാത്രം പന്ത് കൈവശമുണ്ടായിരുന്ന ബെംഗളൂരുവിന് അഞ്ച് ഓൺ ടാർഗറ്റ് ഷോട്ടുകൾ മുംബൈയുടെ പോസ്റ്റിലേക്ക് ഉതിർക്കാൻ സാധിച്ചു.
ആദ്യ പാദ മത്സരത്തിൽ ബെംഗളൂരു വിജയിച്ചതോടെ മാർച്ച് 12 നടക്കുന്ന രണ്ടാം പാദ സെമിയിൽ രണ്ട് ഗോളിനെങ്കിലും വിജയിച്ചാൽ മാത്രമേ മുംബൈക്ക് ഫൈനൽ സ്വപ്നം കാണാൻ സാധിക്കൂ.