Sports News
ജഡേജയെ കഷ്ടപ്പെട്ട് റിക്കി പോണ്ടിങ്ങും അഫ്രിദിയും ആക്കാന്‍ നോക്കണ്ട; മറുപടിയുമായി ബി.സി.സിഐ; കട്ടക്കലിപ്പില്‍ അരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
2023 Feb 10, 02:31 am
Friday, 10th February 2023, 8:01 am

 

ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജക്കെതിരെ ബോള്‍ ടാംപറിങ് ആരോപണവുമായി ഓസീസ് ആരാധകരും മാധ്യമങ്ങളും. മത്സരത്തിനിടെ ജഡേജ സംശയാസ്പദമായ രീതിയില്‍ പന്തില്‍ എന്തോ പുരട്ടി എന്ന് ആരോപിച്ചുകൊണ്ടാണ് ഇവര്‍ രംഗത്തെത്തിയത്.

മത്സരത്തില്‍ ആകെ 22 ഓവര്‍ പന്തെറിഞ്ഞ രവീന്ദ്ര ജഡേജ തന്റെ 16ാം ഓവര്‍ പന്തെറിയാനെത്തിയപ്പോഴായിരുന്നു പന്തില്‍ എന്തോ പുരട്ടി എന്ന തരത്തില്‍ ഓസീസ് മാധ്യമങ്ങളും ആരാധകരും കഥ മെനഞ്ഞുണ്ടാക്കിയത്.

സഹതാരത്തിന്റെ പക്കല്‍ നിന്നും എന്തോ വസ്തു വാങ്ങി പന്തില്‍ പുരട്ടി എന്നാണ് ഇവര്‍ ആരോപിക്കുന്നത്. എരിതീയില്‍ എണ്ണയെന്നോണം മുന്‍ നായകന്‍ ടിം പെയ്‌നും ഇക്കാര്യം ആരോപിച്ച് രംഗത്തെത്തിയിരുന്നു.

മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണും വിഷയത്തില്‍ ഇടപെട്ടിരുന്നു. ‘അവന്‍ എന്താണ് തന്റെ സ്പിന്നിങ് ഫിംഗറില്‍ പുരട്ടുന്നത്? ഇത്തരത്തിലൊന്ന് മുമ്പെങ്ങും കണ്ടിട്ടില്ല,’ എന്നായിരുന്നു മൈക്കല്‍ വോണിന്റെ പരാമര്‍ശം.

എന്നാല്‍ സംഭവത്തില്‍ ബി.സി.സി.ഐ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ജഡേജയുടെ കയ്യില്‍ പന്തടിച്ചുകൊണ്ട് ചെറിയ തോതില്‍ വീക്കമണ്ടായിരുന്നുവെന്നും വേദന ശമിപ്പിക്കാനുള്ള ഓയിന്റ്‌മെന്റ് താരം വിരലില്‍ പുരട്ടുകയായിരുന്നു എന്നുമാണ് ക്രിക്കറ്റ് ബോര്‍ഡ് വിശദീകരണം നല്‍കിയത്.

ഇതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരും രംഗത്തെത്തി. മുന്‍ കാലങ്ങളില്‍ ഓസീസ് താരങ്ങള്‍ നടത്തിയ ബോള്‍ ടാംപറിങ്ങും ക്രിക്കറ്റിന്റെ മാന്യതക്ക് നിരക്കാത്ത റിക്കി പോണ്ടിങ്ങിന്റെ പ്രവര്‍ത്തികളും എണ്ണിയെണ്ണി പറഞ്ഞുകൊണ്ടായിരുന്നു ആരാധകര്‍ രംഗത്തെത്തിയത്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിലെ ആദ്യ ദിവസത്തില്‍ രവീന്ദ്ര ജഡേജയുടെ അക്ഷരാര്‍ത്ഥത്തിലുള്ള അഴിഞ്ഞാട്ടമായിരുന്നു വിദര്‍ഭ കണ്ടത്. 22 ഓവര്‍ പന്തെറിഞ്ഞ് 47 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്.

വന്‍ തകര്‍ച്ചയില്‍ നിന്നും ടീമിനെ കൈപിടിച്ചുനടത്തിയ മാര്‍നസ് ലബുഷാനെ വീഴ്ത്തിക്കൊണ്ടായിരുന്നു ജഡേജ തുടങ്ങിയത്. തൊട്ടടുത്ത പന്തില്‍ മാറ്റ് റെന്‍ഷോയെയും ജഡ്ഡു മടക്കി. സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്ന സ്റ്റീവ് സ്മിത്തിനെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയ താരം പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെയും ടോഡ് മർഫിയെയും പുറത്താക്കിയാണ് അഞ്ച് വിക്കറ്റ് ആഘോഷിച്ചത്.

ജഡേജക്ക് പുറമെ ആര്‍. അശ്വിനും തകര്‍ത്തെറിഞ്ഞു. 15.5 ഓവറില്‍ 42 റണ്‍സിന് മൂന്ന് വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഓരോ വിക്കറ്റുമായി ഷമിയും സിറാജും തിളങ്ങിയതോടെ ഓസീസ് 177ല്‍ പുറത്തായി.

മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ആദ്യ ദിനത്തിലെ കളിയവസാനിക്കുമ്പോള്‍ 77 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. 71 പന്തില്‍ നിന്നും 20 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.

59 പന്തില്‍ നിന്നും 56 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും അഞ്ച് പന്തില്‍ നിന്നും റണ്ണൊന്നുമെടുക്കാതെ ആര്‍. അശ്വിനുമാണ് ഇന്ത്യക്കായി ക്രീസില്‍.

 

Content Highlight: Fans’ reaction to the ball tampering controversy of Jadeja