യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ വമ്പന്‍ വിജയം നേടിയായിരുന്നു എഫ്.സി ബാഴ്‌സലോണ തുടങ്ങിയത്. ഒന്നിനെതിരെ അഞ്ച് ഗോള്‍ നേടിയായിരുന്നു കറ്റാലന്‍മാര്‍ വിക്ടോറിയ പ്ലസാനിയയെ തകര്‍ത്തെറിഞ്ഞത്.
ബാഴ്‌സയുടെ ഒമ്പതാം നമ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക്കടക്കമാണ് ബാഴ്‌സ വിക്ടോറിയയെ തകര്‍ത്തുവിട്ടത്. കഴിഞ്ഞ മത്സരത്തില്‍ മൂന്ന് ഗോള്‍ നേടിയതിന് പിന്നാലെ ഗോള്‍വേട്ടയില്‍ സൂപ്പര്‍ താരം കരീം ബെന്‍സമയെ മറികടക്കാനും ലെവക്കായി.
86 ഗോളായിരുന്നു ബെന്‍സമയുടെ പേരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ മത്സരത്തിലെ ഹാട്രിക്കിന് പിന്നാലെ 89 ഗോളായിരുന്നു ലെവന്‍ഡോസ്‌കിയുടെ പേരില്‍ കുറിക്കപ്പെട്ടത്.
സൂപ്പര്‍ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും മാത്രമാണ് ലെവന്‍ഡോസ്‌കിക്ക് മുമ്പിലുള്ളത്.
ബാഴ്‌സക്കൊപ്പം കളിച്ച് അഞ്ച് മത്സരത്തില്‍ നിന്നും എട്ട് ഗോളാണ് ലെവന്‍ഡോസ്‌കി സ്വന്തമാക്കിയത്. ഈ സമ്മറില്‍ ഒരു ടീം നടത്തുന്ന ഏറ്റവും മികച്ച നീക്കമായിട്ടാണ് ലെവയെ ബാഴ്‌സലോണയില്‍ എത്തിച്ച തീരുമാനം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസത്തെ ഹാട്രിക്കടക്കം ആറ് ഹാട്രിക്കാണ് താരം ചാമ്പ്യന്‍സ് ലീഗില്‍ സ്വന്തമാക്കിയത്. ഇതോടെ മറ്റൊരു നേട്ടവും താരത്തെ തേടിയെത്തിയിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മൂന്ന് വ്യത്യസ്ത ടീമിന് വേണ്ടി ഹാട്രിക് നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് ലെവന്‍ഡോസ്‌കി സ്വന്തമാക്കിയത്.
നേരത്തെ ബൊറൂസിയ ഡോര്‍ട്മുണ്ടിനും ബയേണ്‍ മ്യൂണിക്കിനും വേണ്ടി ഹാട്രിക് നേടിയ താരം, കഴിഞ്ഞ ദിവസം ബാഴ്‌സക്കും വേണ്ടി ഹാട്രിക് സ്വന്തമാക്കി. ലെവക്ക് പുറമെ ഫെറാന്‍ ടോറസും ഫ്രാങ്ക് കെസ്സിയുമാണ് ബാഴ്‌സയുടെ മറ്റ് രണ്ട് ഗോളുകള്‍ സ്വന്തമാക്കിയത്.
വിക്ടോറിയക്കെതിരായ മത്സരത്തിന് പിന്നാലെ താരത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നിരിക്കുകയാണ് ആരാധകര്‍.
ലെവന്‍ഡോസ്‌കി മെസിയേക്കാള്‍ മികച്ച താരമാണെന്നും അദ്ദേഹം ഒരിക്കലും തോല്‍ക്കില്ലെന്നുമാണ് ആരാധകര്‍ പറയുന്നത്.
Lewandowski is blessed, this team fits him perfectly and he’s fed with great chances. Fast wingers who are very good chance creators aswell. He was never going to fail.
Lewandowski is so good. Took one game to settle at Barça then scored (6 so far) in all four games since. A proper number 9, yet a real team player. Sets others up with flicks and back heels, sets himself up. Smiles like he’s just found a fifty all the time.
അതേസമയം, കഴിഞ്ഞ മത്സരത്തില്‍ ഹാട്രിക് നേടിയ ശേഷം തനിക്ക് ലെവന്‍ഡോസ്‌കിയെ പുകഴ്ത്താന്‍ വാക്കുകള്‍ കിട്ടുന്നില്ല എന്നായിരുന്നു ബാഴ്‌സ മാനേജര്‍ സാവിയുടെ പ്രതികരണം.
ഇ.എസ്.പി.എന്നിനോടായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘എനിക്ക് അവനെ പുകഴ്ത്താന്‍ വാക്കുകള്‍ പോരാതെ വരികയാണ്. അവന്‍ ഹാട്രിക് നേടി. അവന്‍ ഇങ്ങനെയാണ് കളിക്കുന്നത്, അതേ രീതിയില്‍ അവന്‍ ടീമിനെ കൊണ്ട് കളിപ്പിക്കുകയും ചെയ്യുന്നു,’ സാവി പറഞ്ഞു.
‘ഞാന്‍ ഏറെ സന്തോഷവാനാണ്. അവനെ ടീമിലെത്തിച്ചത് മികച്ച ഒരു നീക്കമാണ്. ആക്രമണത്തില്‍ അവന്‍ ഒരുപാട് ഓപ്ഷനുകളും സൊല്യൂഷനുകളും തരുന്നു. അവന്‍ ഒരു ലീഡറാണ്, അവനൊരു ജേതാവാണ്.
അവന്‍ ലോകത്തെ ഏറ്റവും മികച്ച ഒമ്പതാം നമ്പര്‍ താരമാണോ എന്ന കാര്യം എനിക്കറിയില്ല, എന്നാല്‍ ഒരു കാര്യമറിയാം, അവന്‍ ഞങ്ങളുടെ ഏറ്റവും മികച്ച ഒമ്പതാം നമ്പര്‍ താരമാണ്,’ സാവി കൂട്ടിച്ചേര്‍ത്തു.