ഇഫ് യു ആര്‍ ബാഡ്, ഐ ആം യുവര്‍ ഡാഡ്; പാണ്ഡ്യയാടാ... കയ്യടിക്കടാ... എറിഞ്ഞിട്ട് ഹര്‍ദിക്, ഉത്തരമില്ലാതെ പാകിസ്ഥാന്‍
Sports News
ഇഫ് യു ആര്‍ ബാഡ്, ഐ ആം യുവര്‍ ഡാഡ്; പാണ്ഡ്യയാടാ... കയ്യടിക്കടാ... എറിഞ്ഞിട്ട് ഹര്‍ദിക്, ഉത്തരമില്ലാതെ പാകിസ്ഥാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd October 2022, 4:09 pm

ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് അപ്പര്‍ഹാന്‍ഡ്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ ടീം ഒന്നാകെ നടത്തിയത്.

പാക് നായകന്‍ ബാബര്‍ അസമിനെ ഗോള്‍ഡന്‍ ഡക്കാക്കിയായിരുന്നു ഇന്ത്യയുടെ തുടക്കം. അര്‍ഷ്ദീപിന് വിക്കറ്റ് സമ്മാനിച്ച് ബാബര്‍ മടങ്ങിയപ്പോള്‍ പിന്നാലെ തന്നെ റിസ്വാനും മടങ്ങി. 12 പന്തില്‍ നിന്നും നാല് റണ്‍സുമായിട്ടായിരുന്നു പാക് ഓപ്പണറുടെ പുറത്താവല്‍.

മൂന്നാമനായി ഇറങ്ങിയ ഷാന്‍ മസൂദും നാലാമനായി കളത്തിലിറങ്ങിയ ഇഫ്തിഖര്‍ അഹമ്മദും അര്‍ധ സെഞ്ച്വറി തികച്ചതോടെ പാക് സ്‌കോര്‍ ഉയര്‍ന്നു. ഷാന്‍ മസൂദ് 52ഉം ഇഫ്തിഖര്‍ അഹമ്മദ് 51 റണ്‍സും നേടി.

34 പന്തില്‍ നിന്നും 51 റണ്‍സ് നേടിയ ഇഫ്തിഖര്‍ അഹമ്മദിനെ പുറത്താക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയതോടെ പാകിസ്ഥാന്‍ വീണ്ടും പരുങ്ങലിലായി. പിന്നാലെയെത്തിയവരില്‍ ഷഹീന്‍ ഷാ അഫ്രിദി മാത്രമാണ് രണ്ടക്കം കടന്നത്.

ഒടുവില്‍ 20 ഓവറില്‍ 159 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയില്‍ പാകിസ്ഥാന്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു.

നാല് ഓവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ഹര്‍ദിക് പാണ്ഡ്യയാണ് പാക് ഇന്നിങ്‌സിന്റെ നടുവൊടിച്ചത്. ഷദാബ് ഖാന്‍, ഹൈദര്‍ അലി, മുഹമ്മദ് നവാസ് എന്നിവരെയാണ് പാണ്ഡ്യ പുറത്താക്കിയത്.

മത്സരത്തിന്റെ 14ാം ഓവറിലായിരുന്നു പാണ്ഡ്യ കളമറിഞ്ഞ് കളിച്ചത്. ആറ് പന്തില്‍ നിന്നും അഞ്ച് റണ്‍സ് നേടിയ ഷദാബും നാല് പന്തില്‍ നിന്നും രണ്ട് റണ്‍സ് നേടിയ ഹൈദര്‍ അലിയും പാണ്ഡ്യക്ക് മുമ്പില്‍ അടിപതറി വീണു.

തന്റെ അടുത്ത ഓവറില്‍ നവാസിനെയും മടക്കി പാണ്ഡ്യ പാകിസ്ഥാനെ പിടിച്ചുകെട്ടി.

താരത്തിന്റെ മാസ്മരിക സ്‌പെല്ലിന് പിന്നാലെ അഭിനന്ദന പ്രവാഹമാണ് പാണ്ഡ്യക്ക് ലഭിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യക്ക് പുറമെ അര്‍ഷ്ദീപ് സിങ്ങും മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ബാബര്‍ അസമിനെ വീഴ്ത്തി വേട്ട തുടങ്ങിയ അര്‍ഷ്ദീപ്, മുഹമ്മദ് റിസ്വാനെയും ആസിഫ് അലിയെയും പുറത്താക്കി. നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങിയാണ് താരം മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

നാലോവറില്‍ 22 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കിയ മുഹമ്മദ് ഷമിയും ബൗളിങ്ങില്‍ തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും തുടക്കം പിഴച്ചു. പത്ത് റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഇന്ത്യയുടെ രണ്ട് ഓപ്പണര്‍മാരും കൂടാരം കയറി. ഇരുവരും നാല് റണ്‍സ് വീതം നേടിയാണ് പുറത്തായത്.

 

 

Content Highlight: Fans praises Hardik Pandya after his incredible spell in India vs Pakistan