കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയിച്ചിരുന്നു. റയല്‍ ബെറ്റിസിനെതിരെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു യുണൈറ്റഡിന്റെ ജയം. സൂപ്പര്‍താരങ്ങളായ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, ആന്റണി, ബ്രൂണോ ഫെര്‍ണാണ്ടസ്, വൂട്ട് വോഗോസ്റ്റ് എന്നിവരാണ് റെഡ് ഡെവില്‍സിനായി ഗോളുകള്‍ വലയിലാക്കിയത്.
ഇതോടെ ലിവര്‍പൂളിനെതിരെ തോല്‍വി വഴങ്ങിയതിന്റെ നിരാശയകറ്റാന്‍ യുണൈറ്റഡിനായി. മത്സരത്തിന് ശേഷം നിരവധിയാളുകളാണ് യുണൈറ്റഡിനെ പ്രശംസിച്ച് രംഗത്തെത്തിയത്. ഇനി ഒരിക്കല്‍ കൂടി ലിവര്‍പൂളിനെതിരെ ഏറ്റുമുട്ടണമെന്നും ഒന്നിനെതിരെ എട്ട് ഗോളുകള്‍ക്ക് അവരെ കീഴ്‌പ്പെടുത്തണമെന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു.
ആന്‍ഫീല്‍ഡില്‍ ലിവര്‍പൂളിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങളുടെ അച്ചടക്കമില്ലായ്മയാണ് തോല്‍വിക്ക് കാരണമെന്ന് കോച്ച് എറിക് ടെന്‍ ഹാഗ് പറഞ്ഞിരുന്നു. എന്നാല്‍ താരങ്ങളെല്ലാം മിന്നുന്ന ഫോമിലായിരുന്നു ബെറ്റിസിനെതിരെ കളിച്ചത്.
സമീപകാലത്ത് അപരാജിത കുതിപ്പ് നടത്തിയിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഓര്‍ക്കാപ്പുറത്തേറ്റ പ്രഹരമാണ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരെ ഏറ്റ തോല്‍വി. കോഡി ഗാക്‌പോ, ഡാര്‍വിന്‍ നൂനസ്, മുഹമ്മദ് സലാ എന്നിവര്‍ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോള്‍, റോബര്‍ട്ടോ ഫിര്‍മിനോയാണ് ശേഷിക്കുന്ന ഗോള്‍ നേടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളില്‍ ഒന്നായിരുന്നു അത്.
പരിശീലകന്‍ എറിക് ടെന്‍ ഹാഗിന്റെ മാനേജര്‍ കരിയറിലെ ഏറ്റവും വലിയ തോല്‍വി കൂടിയായിരുന്നു അത്. പരിശീലകനായുള്ള 481ാമത്തെ മത്സരത്തിലായിരുന്നു ലിവര്‍പൂളിനെതിരെ ടെന്‍ ഹാഗിന്റെ ഈ നാണം കെട്ട തോല്‍വി.
എന്നാല്‍ കഴിഞ്ഞ ദിവസത്തെ മത്സരം ലിവര്‍പൂളിനോട് ഏറ്റ തോല്‍വിയില്‍ നിന്നും ടീം മനോഹരമായി തിരിച്ചുവരുന്ന കാഴ്ചയാണ് ആരാധകര്‍ കണ്ടത്.
മാര്‍ച്ച് 12ന് സൗതാംപ്ടണിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.