പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തിന്റെ സ്റ്റാര്‍ട്ടിങ് ലൈന്‍ അപ്പില്‍ ഇംഗ്ലണ്ട് താരം ജാക്ക് ഗ്രെലിഷിനെ ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധവുമായി മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍.
മുമ്പ് ബ്രിഗ്ടണെതിരായ മത്സരത്തില്‍ കളിച്ച ടീമിലെ എട്ട് താരങ്ങളെ നിലനിര്‍ത്തിക്കൊണ്ടായിരുന്നു ഗ്വാര്‍ഡിയോള ലെസ്റ്ററിനെതിരെയുള്ള ടീമിനെ സജ്ജമാക്കിയത്.
ലെസ്റ്ററിന്റെ ഹോം ഗ്രൗണ്ടായ കിങ് പവര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിനുള്ള സ്റ്റാര്‍ട്ടിങ് ഇലവനില്‍ ജാക്ക് ഗ്രെലിഷും ഉള്‍പ്പെട്ടിരുന്നു. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്.
സീസണില്‍ ഗ്രെലിഷിന് അത്രകണ്ട് മികച്ച ട്രാക്ക് റെക്കോഡല്ല ഉള്ളത്. പ്രീമിയര്‍ ലീഗില്‍ കളിച്ച ആറ് മത്സരത്തില്‍ നിന്നും ഒറ്റ ഗോള്‍ മാത്രമാണ് താരത്തിന് ഇതുവരെ നേടാന്‍ സാധിച്ചത്. കഴിഞ്ഞ മത്സരത്തിലും ശരാശരി പ്രകടനം മാത്രമായിരുന്നു ഗ്രെലിഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്.
ഇനിയും ഫോമിലേക്കുയരാനോ മികച്ച പ്രകടനം കാഴ്ച വെക്കാനോ സാധിക്കാത്ത ഗ്രെലിഷിനെ വീണ്ടും ഉള്‍പ്പെടുത്തിയതില്‍ ഒരു പറ്റം മാഞ്ചസ്റ്റര്‍ സിറ്റി ആരാധകര്‍ കലിപ്പിലാണ്. തങ്ങളുടെ വിയോജിപ്പ് ഇവര്‍ സോഷ്യല്‍ മീഡിയയിലൂടെ പരസ്യമാക്കുന്നുമുണ്ട്.
മോസ്റ്റ് യൂസ്‌ലെസ് പ്ലെയര്‍, ഇവന്‍ വീണ്ടും ടീമിലെത്തിയോ? പെപ് ഇപ്പോഴും കരുതുന്നത് ഇവന്‍ ഫില്‍ ഫോഡനെക്കാളും മികച്ച താരമാണ് എന്നാണ് തുടങ്ങി ആരാധകരുടെ പ്രതികരണങ്ങള്‍ നീളുന്നു.
അതസമയം, ലെസ്റ്ററിനെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി വിജയിച്ചിരുന്നു. കെവിന്‍ ഡി ബ്രുയ്‌നാണ് സിറ്റിയുടെ ഏക ഗോള്‍ കണ്ടെത്തിയത്.
ഗ്രെലിഷ് നേടിയെടുത്ത ഫ്രീകിക്കാണ് മത്സരത്തില്‍ മാഞ്ചസ്റ്ററിന് വിജയത്തിലേക്കുള്ള വഴിയൊരുക്കിയത്. ബോക്‌സിന് വെളിയില്‍ നിന്നും ഡി ബ്രുയ്ന്‍ തൊടുത്തുവിട്ട ബുള്ളറ്റ് ഷോട്ട് ലെസ്റ്റര്‍ ഗോള്‍കീപ്പറെ നിഷ്പ്രഭനാക്കി വലയില്‍ തുളച്ചുകയറുകയായിരുന്നു.
ലെസ്റ്ററിനെതിരായ വിജയത്തിന് പിന്നാലെ പ്രീമിയര്‍ ലീഗ് പട്ടികയില്‍ ലിവര്‍പൂളിനെ മറികടന്ന് ഒന്നാമതെത്താനും മാഞ്ചസ്റ്റര്‍ സിറ്റിക്കായി. 12 മത്സരത്തില്‍ നിന്നും ഒമ്പത് വിജയവും രണ്ട് സമനിലയും ഒരു പരാജയവുമടക്കം 29 പോയിന്റാണ് സിറ്റിക്കുള്ളത്.