DSport
എന്തൊരു നാണംകെട്ട കളിയാണ്? അയാള്‍ക്കിനിയും വിരമിക്കാനായില്ലേ?; റൊണാള്‍ഡോക്കെതിരെ രൂക്ഷവിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 04, 05:40 am
Saturday, 4th March 2023, 11:10 am

സൗദി പ്രോ ലീഗില്‍ വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ അല്‍ ബാത്തിനെ അല്‍ നസര്‍ കീഴ്‌പ്പെടുത്തിയിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ നസറിന്റെ ജയം.

മത്സരത്തിന്റെ 17ാം മിനിട്ടില്‍ അല്‍ ബാത്തിന്റെ റെന്‍സോ ലോപസ് ഒരു ഗോള്‍ നേടി ലീഡെടുക്കുകയായിരുന്നു. കളിയുടെ 90 മിനിട്ടിലും അല്‍ ബാത്തിന്‍ ആയിരുന്നു കളത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നത്.

കോച്ച് റൂഡി ഗാര്‍ഷ്യയുടെ നേതൃത്വത്തിലിറങ്ങിയ അല്‍ നസറിന്റെ ആദ്യ ഗോള്‍ മത്സരത്തിന്റെ 93ാം മിനിട്ടിലാണ് പിറന്നത്. തുടര്‍ന്ന് അധിക സമയത്തെ 12, 14 മിനിട്ടുകളില്‍ ഗോള്‍ നേടിയാണ് അല്‍ നസര്‍ അപ്രതീക്ഷിത ജയം നേടുന്നത്.

മത്സരത്തിന് ശേഷം സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കെതിരെ ശക്തമായ വിമര്‍ശനങ്ങളാണുയരുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുത്ത് രണ്ട് ഹാട്രിക്കുകള്‍ നേടിയ താരത്തിന് അല്‍ ബാത്തിനെതിരെ ഗോളൊന്നും നേടാനായിരുന്നില്ല.

അല്‍ നസറിന് സംഭാവനകളൊന്നും നല്‍കാത്ത താരത്തെ വെച്ച് പൊറുപ്പിക്കുന്നത് ക്ലബ്ബിന് ദോഷം ചെയ്യുമെന്നും റൊണാള്‍ഡോക്ക് അധിക കാലം ക്ലബ്ബില്‍ തുടരാനാകില്ലെന്നും ട്വീറ്റുകളുണ്ട്. എന്തൊരു നാണംകെട്ട കളിയാണ് കളിക്കുന്നതെന്നും ഫുട്‌ബോളില്‍ നിന്ന് വിരമിച്ചുകൂടെയെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.

അതേസമയം, മത്സരം തോല്‍ക്കുമെന്നുറപ്പായിടത്തുനിന്ന് അബ്ദുല്‍ ഗരീബ് ആയിരുന്നു അല്‍ നസറിന്റെ രക്ഷകനായത്. 93ാം മിനിട്ടില്‍ ലസ് ഗുസ്താവോ നല്‍കിയ പന്ത് താരം വലയിലെത്തിക്കുകയായിരുന്നു. സബ് ആയി ഇറങ്ങിയ അല്‍ ഫാതില്‍ 102ാം മിനിട്ടില്‍ വിജയഗോള്‍ നേടി. മറ്റൊരു സബ് മുഹമ്മദ് മരാന്‍ 104ാം മിനിട്ടില്‍ ഗോള്‍ നേടിയതോടെ അല്‍ നസര്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു.

നിലവില്‍ 46 പോയിന്റുകളുമായി സൗദി ലീഗില്‍ ഒന്നാം സ്ഥാനത്താണ് അല്‍ നസര്‍. മാര്‍ച്ച് ഒമ്പതിന് ലീഗില്‍ രണ്ടാമതുള്ള അല്‍ എത്തിഹാദുമായാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights: Fans critices Cristiano Ronaldo