കഴിഞ്ഞ ദിവസം ഫ്രഞ്ച് കപ്പില്‍ പെയ്‌സ് ഡി കാസലിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്കായിരുന്നു പി.എസ്.ജിയുടെ ജയം. മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ച് ഗോളുകളാണ് ഫ്രഞ്ച് സൂപ്പര്‍താരം കിലിയന്‍ എംബാപ്പെ നേടിയത്.
12 മിനിട്ടിനുള്ളില്‍ മിന്നല്‍ വേഗത്തിലായിരുന്നു എംബാപ്പെയുടെ ഹാട്രിക്. ഇതോടെ പാരീസ് സെന്റ് ഷെര്‍മാങ്ങിന്റെ ചരിത്രത്തില്‍ ഒരു കളിയില്‍ അഞ്ച് ഗോള്‍ നേടുന്ന ആദ്യ താരമെന്ന ഖ്യാതി നേടുകയായിരുന്നു എംബാപ്പെ.
അമച്വര്‍ ക്ലബ്ബായ പെയ്‌സ് ഡി കാസലിനതിരെ അഞ്ച് ഗോള്‍ നേടിയതില്‍ വലിയ പ്രത്യേകതയൊന്നും തോന്നുന്നില്ലെന്നും ചാമ്പ്യന്‍സ് ലീഗില്‍ ബയേണ്‍ ലൂവര്‍കൂസനെതിരെ മെസി ഈ ഗോള്‍ വേട്ട നടത്തിയിരുന്നെന്നും മറ്റൊരാള്‍ ട്വീറ്റ് ചെയ്തു.
മെസി കളിക്കാന്‍ ഇല്ലാതിരുന്നത് കൊണ്ടാണ് എംബാപ്പെക്ക് ഇത്രയധികം ഗോള്‍ നേടാനായതെന്നും എന്തൊക്കെ ചെയ്തിട്ടും ബാലണ്‍ ഡി ഓറില്‍ തൊടാന്‍ എംബാപ്പെക്ക് സാധിക്കുന്നില്ലെന്നും ചില ട്വീറ്റുകളുണ്ട്.
അതേസമയം എംബാപ്പെയെ പ്രശംസിച്ച് പെയ്‌സ് ഡി കാസലിന്റെ ക്യാപ്റ്റന്‍ അലക്‌സിസ് സീമൈജാക്ക് രംഗത്തെത്തിയിരുന്നു.
കളിക്കിറങ്ങും മുമ്പേ എംബാപ്പെ തൊടുക്കുന്ന ഗോളിനെ കുറിച്ചോര്‍ത്ത് ഉത്കണ്ഠപ്പെട്ടിരുന്നെന്നും അദ്ദേഹത്തോടൊപ്പവും വമ്പന്‍ ടീമായ പി.എസ്.ജിക്കൊപ്പവും കളിക്കാനായതില്‍ അതീവ സന്തോഷവാനാണെന്നും സീമൈജാക്ക് പറഞ്ഞു. മത്സരശേഷം എംബാപ്പെ തന്റെ ജേഴ്സി കൈമാറിയത് സീമൈജാക്കിനായിരുന്നു.
ഈ സീസണില്‍ ഇതുവരെ 25 കളിയില്‍ നിന്ന് 24 ഗോളാണ് എംബാപ്പെ അക്കൗണ്ടിലാക്കിയത്. ലോകകപ്പിന് ശേഷം താരത്തിന്റെ ആദ്യ ഹാട്രിക്കായിരുന്നു ഇത്. പി.എസ്.ജിക്കായി ഇതിനകം 196 ഗോളുകളാണ് എംബാപ്പെ നേടിയത്.