'അവനെക്കൊണ്ടൊന്നും പറ്റൂല', 'പകരം ക്രെമാഷിയെ കളിപ്പിക്കരുതോ' സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ കലിപ്പായി ആരാധകര്‍
Sports News
'അവനെക്കൊണ്ടൊന്നും പറ്റൂല', 'പകരം ക്രെമാഷിയെ കളിപ്പിക്കരുതോ' സമനിലയില്‍ പിരിഞ്ഞ മത്സരത്തില്‍ കലിപ്പായി ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 31st August 2023, 1:05 pm

ഇന്റര്‍ മയാമിയില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ വിജയ കുതിപ്പിന് തിരശീല വീണിരിക്കുകയാണ്. ഓഗസ്റ്റ് 31ന് പുലര്‍ച്ചെ മേജര്‍ ലീഗ് സോക്കറില്‍ നടന്ന മത്സരത്തില്‍ നാഷ്‌വില്ലിനെതിരെ സമനില വഴങ്ങിയതോടെയാണ് മെസിയുടെ തുടര്‍ച്ചയായ വിജയഗാഥക്ക് അവസാനമായത്.

മത്സരത്തില്‍ പൂര്‍ണമായ ആധിപത്യം പുലര്‍ത്തിയിട്ടും ടീമിന് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. ടീം സമനിലയില്‍ പിരിഞ്ഞതിനേക്കാള്‍ ആരാധകരെ ഏറെ നിരാശരാക്കിയത് ടീം സെലക്ഷന്‍ തന്നെയായിരുന്നു. അതുകൊണ്ട് മത്സരത്തിന് മുമ്പ് തന്നെ ആരാധകര്‍ സ്റ്റാര്‍ട്ടിങ് ലൈനപ്പിലെ തങ്ങളുടെ വിയോജിപ്പ് വ്യക്തമാക്കുകയും ചെയ്തിരുന്നു.

യുവതാരം ഡിയാഗോ ഗോമസിനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് ആരാധകര്‍ രംഗത്തെത്തിയത്.

 

 

‘ഡിയാഗോ ഗോമസിനെ ഉള്‍പ്പെടുത്തിയ കോച്ച് എന്താണ് തെളിയിക്കാന്‍ ഉദ്ദേശിക്കുന്നത്’ എന്നായിരുന്നു ഒരു ആരാധകര്‍ ചോദിച്ചത്. ‘വളരെ നല്ല ലൈനപ്പ്. ടാറ്റ വീണ്ടും 4-3-3 എന്ന ഫോര്‍മേഷനിലേക്ക് മാറിയിരിക്കുന്നു. പക്ഷേ ഗോമസ് വീണ്ടും ടീമില്‍? ക്രമാഷിയെവിടെ?’ മറ്റൊരു ആരാധകര്‍ ചോദിച്ചു.

മത്സരത്തില്‍ ഇരു ടീമുകളും ഗോള്‍ രഹിത സമനിലയില്‍ പിരിയുകയായിരുന്നു. മത്സരത്തിന്റെ സിംഹഭാഗവും കയ്യടക്കിവെച്ചത് ഇന്റര്‍ മയാമിയായിരുന്നെങ്കിലും ഗോള്‍ നേടാന്‍ മാത്രം ടീമിന് സാധിച്ചില്ല.

മത്സരത്തില്‍ ഹെറോണ്‍സ് 13 ഷോട്ടുകളുതിര്‍ത്തപ്പോള്‍ നാല് ഷോട്ടുകള്‍ മാത്രമാണ് ഓണ്‍ ടാര്‍ഗെറ്റിലുണ്ടായിരുന്നത്, ഇതില്‍ ഒന്നുപോലും ഗോളാക്കി മാറ്റാനും ടീമിന് സാധിച്ചിരുന്നില്ല. 70 ശതമാനം ബോള്‍ പൊസെഷന്‍ ഉണ്ടായിരുന്നിട്ടും 91 ശതമാനം ആക്യുറസിയില്‍ 716 പാസുകള്‍ പൂര്‍ത്തിയാക്കിയിട്ടും ഗോളടിക്കാന്‍ മാത്രം മെസിപ്പടക്ക് സാധിക്കാതെ പോയി.

ഈ സമനിലക്ക് പിന്നാലെ പോയിന്റ് പട്ടികയില്‍ ഇന്റര്‍ മയാമി 14ാം സ്ഥാനത്ത് തുടരുകയാണ്. 24 മത്സരത്തില്‍ നിന്നും ആറ് ജയവും നാല് സമനിലയും 14 തോല്‍വിയുമായി 22 പോയിന്റാണ് മയാമിക്കുള്ളത്.

26 മത്സരത്തില്‍ നിന്നും 11 ജയവും ആറ് സമനിലയും ഒമ്പത് തോല്‍വിയുമായി നാഷ്‌വില്‍ ഏഴാമതാണ്.

സെപ്റ്റംബര്‍ നാലിനാണ് എം.എല്‍.എസ്സില്‍ മയാമിയുടെ അടുത്ത മത്സരം. ബി.എം.ഒ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ലോസ് ആഞ്ചലസ് എഫ്.സിയാണ് എതിരാളികള്‍.

 

 

Content Highlight: Fans against Inter Miami’s lineup against Nashville