പ്രതീക്ഷകളുടെ തീ കെട്ടു കോഴിക്കോടന്‍ തീപ്പെട്ടിക്കഥ ഇവിടെ തീരുന്നു
അന്ന കീർത്തി ജോർജ്

നിര്‍ധനരുടെ സര്‍ക്കാര്‍ ജോലിയെന്നായിരുന്നു ഒരു കാലത്ത് തീപ്പെട്ടിനിര്‍മ്മാണം അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഇന്ന് സംസ്ഥാനമൊട്ടാകെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ചെറുകിട വ്യവസായങ്ങളില്‍ ഒന്നു മാത്രമായി തീപ്പെട്ടിനിര്‍മ്മാണം ചുരുങ്ങിയിരിക്കുന്നു. ഒരുപക്ഷെ ഏതു നിമിഷവും പൂര്‍ണ്ണമായി തന്നെ അപ്രത്യക്ഷമായിപ്പോയേക്കാം എന്ന അവസ്ഥയിലെത്തി നില്‍ക്കുകയാണ് ഈ വ്യവസായമേഖല.

പക്ഷെ മറ്റു ജില്ലകളെപ്പോലെയല്ല, കോഴിക്കോടിനു തീപ്പെട്ടിനിര്‍മ്മാണം.
കോഴിക്കോടിന്റെ പ്രതാപങ്ങളിലൊന്നു തന്നെയായിരുന്നു ഈ തൊഴില്‍മേഖല. പക്ഷെ ഒരു തീപ്പെട്ടിയെരിഞ്ഞു തീരുന്നതിനേക്കാള്‍ വേഗത്തില്‍ കമ്പനികള്‍ പൂട്ടിപ്പോകുന്നത് കാണേണ്ട ഗതികേടിലാണ് കോഴിക്കോടുകാര്‍.

എഴുപതുകളിലും എണ്‍പതുകളിലും കോഴിക്കോടില്‍ മാത്രമായി നൂറ്റമ്പതിലേറെ തീപ്പെട്ടിനിര്‍മ്മാണ കമ്പനികളുണ്ടായിരുന്നു. കേരളത്തില്‍ എല്ലായിടത്തും തീപ്പെട്ടിക്കൊള്ളികള്‍ മാത്രമാണ് മിക്കയിടങ്ങളിലും നിര്‍മ്മിക്കുന്നത്. നിര്‍മ്മിക്കുന്ന കൊള്ളികള്‍ തമിഴ്‌നാടിലേക്കാണ് പ്രധാനമായും കയറ്റി അയക്കുന്നത് പിന്നീട് അവിടെ നിന്നും ഫോസ്ഫറസ് പുരട്ടിയ ശേഷം കേരളത്തിലെ മാര്‍ക്കറ്റുകളിലെത്തുന്നു. ഇത്തരത്തില്‍ തമിഴ്‌നാടില്‍ നിന്നും വരുന്ന തീപ്പെട്ടികളാണ് കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും ഉപയോഗിക്കുന്നത്.

മരങ്ങളുടെ ലഭ്യതയിലുണ്ടായ കുറവും അത് സൃഷ്ടിച്ച വമ്പിച്ച വിലവര്‍ദ്ധനവുമാണ് തീപ്പെട്ടി കമ്പനികളുടെ നടുവൊടിച്ചത്. തീപ്പെട്ടിക്ക് ആവശ്യമായ കൊള്ളികള്‍ക്കു വേണ്ടി തമിഴ്‌നാട് മറ്റു സ്ഥലങ്ങളെ ആശ്രയിക്കാന്‍ തുടങ്ങിയതും സ്വന്തമായി തന്നെ നിര്‍മ്മാണം ആരംഭിച്ചതും കൂടുതല്‍ പ്രതിസന്ധികളിലേക്ക് നയിച്ചു.

“എണ്‍പതുകളുടെ അവസാനത്തോടെ കമ്പനികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായെങ്കിലും നിലനില്‍ക്കുന്ന കമ്പനികള്‍ 2012 – 2013 കാലഘട്ടം വരെ വലിയ പ്രശ്‌നങ്ങള്‍ കൂടാതെ നിലനിന്നു പോന്നിരുന്നു. പിന്നീടാണ് പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായത്.” ശ്രീ ധനലക്ഷമി വുഡ് തീപ്പെട്ടിനിര്‍മ്മാണ കമ്പനി ഉടമ രാജന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതോടൊപ്പം ജീവിതച്ചെലവുകള്‍ക്കനുസരിച്ച് കൂലി വര്‍ദ്ധിപ്പിക്കേണ്ടി വന്നതും അഞ്ച് ശതമാനത്തോളം നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ചെറുകിട വ്യവസായശാലകളെ കടബാധ്യതയിലേക്ക് നയിച്ചു. പലര്‍ക്കും കമ്പനികള്‍ അടച്ചുപൂട്ടേണ്ടി വന്നു. ചിലര്‍ മറ്റു വ്യവസായങ്ങളിലേക്ക് കടന്നു. വളരെക്കുറച്ചു കമ്പനിയുടമകള്‍ മാത്രമാണ് ഇന്നും തീപ്പെട്ടിനിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നത്. ആര്‍ക്കും തന്നെ ഇതില്‍ നിന്നു യാതൊരുവിധ ലാഭവും ലഭിക്കുന്നില്ലെന്ന് ചിന്മയ വുഡ് ഇന്‍ഡസ്ട്രീസ് ഉടമ സന്തോഷ് പറയുന്നു.

തീപ്പെട്ടിനിര്‍മ്മാണം തകരുന്നത് കമ്പനിയുടമയെയോ തൊഴിലാളിയെയോ മാത്രമല്ല ഈ വ്യവസായവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന മരം കൊണ്ടുവരുന്നവര്‍ മുതല്‍ കയറ്റി അയക്കുന്നതിനുള്ള ചാക്ക് തുന്നുന്നവരടക്കമുള്ളവരെയാണ് പ്രതികൂലമായി ബാധിക്കുക.

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണത്തിനാവശ്യമായ മരം എത്തിച്ചു നല്‍കുന്ന രീതിയുണ്ടായിരുന്നെങ്കിലും ഇതും അധികനാള്‍ നീണ്ടുനിന്നില്ല. 1980ല്‍ ഇത് നിര്‍ത്തലായെന്നും എന്നാല്‍ മരത്തിന്റെ ദൗര്‍ലഭ്യമില്ലാതിരുന്നതിനാല്‍ ഇത് വ്യവസായത്തെ ഇല്ലാതാക്കും വിധം ദോഷകരമായി ബാധിച്ചില്ലെന്ന് രാജന്‍ പറയുന്നു. പക്ഷെ ഇന്ന് സ്ഥിതി അങ്ങിനെയല്ല.

അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തീപ്പെട്ടിനിര്‍മ്മാണം പൂര്‍ണ്ണമായി ഇല്ലാതാകുമെന്നും അധികാരികള്‍ ഒരു വ്യവസായം പൂര്‍ണ്ണമായും നശിക്കുന്നതു കണ്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും വര്‍ഷങ്ങളായി കടുത്ത അവഗണനയാണ് ഈ മേഖല നേരിടുന്നതെന്നും തീപ്പെട്ടിനിര്‍മ്മാണ മേഖലയിലെ പുതുതലമുറയില്‍പ്പെട്ട ജിതേഷ് രാജന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.