Film News
മറ്റെല്ലാം ദൈവം ക്ഷമിക്കും, പക്ഷേ കുര്‍ബാന മുടക്കിയത് ക്ഷമിക്കില്ല; ബാലപീഡകനെ വിശുദ്ധനാക്കുന്ന പള്ളിയും പട്ടക്കാരും
വി. ജസ്‌ന
2024 Feb 26, 07:11 am
Monday, 26th February 2024, 12:41 pm

ഒരു മതം എങ്ങനെയാണ് ഒരാളെ പരുവപ്പെടുത്തിയെടുക്കുന്നതെന്നും ആ വ്യക്തിയുടെ കുറ്റകൃത്യത്തെ മറച്ചുപിടിച്ച് എങ്ങനെ അയാളെ സംരക്ഷിക്കുന്നുവെന്നും വ്യക്തമാക്കുന്ന ചിത്രമാണ് ഡോണ്‍ പാലത്തറയുടെ ഫാമിലി.

വിനയ് ഫോര്‍ട്ടിനെ കേന്ദ്രകഥാപാത്രമാക്കിയെത്തിയ ചിത്രമാണ് ഇത്. ഇരട്ടമുഖവുമായി ജീവിക്കുന്ന മനുഷ്യരുടെ പ്രതിരൂപമാണ് വിനയ് ഫോര്‍ട്ടിന്റെ സോണിയെന്ന കഥാപാത്രം. ചിത്രം പറയുന്നത് ഒരു കുടുംബത്തിനകത്തും സമൂഹത്തിലും പേടികൂടാതെ സുരക്ഷിതനായി തുടരുന്ന ബാലപീഡകനെ കുറിച്ചാണ്.

സവര്‍ണ്ണ ക്രൈസ്തവ കുടുംബത്തിലാണ് സോണി ജീവിക്കുന്നത്. കുടുംബത്തിലും സമൂഹത്തിലും എല്ലാവര്‍ക്കും പ്രിയപെട്ടവനാണവന്‍. ആ നാട്ടില്‍ ആര്‍ക്കെന്താവശ്യം വന്നാലും മുന്‍പന്തിയില്‍ നില്‍ക്കാനും ശവപ്പെട്ടി ചുമക്കാനും കിണറ്റില്‍ വീണ പശുവിനെ രക്ഷിക്കാനും കുട്ടികള്‍ക്ക് ട്യൂഷനെടുക്കാനും കവിത പഠിപ്പിച്ചു കൊടുക്കാനും വീട്ടിലേക്കുള്ള വഴിവെട്ടാനും ചക്ക പറിക്കാനും എന്നുവേണ്ട എല്ലാ കാര്യങ്ങള്‍ക്കും സോണി മുന്‍പന്തിയിലുണ്ടാകും.

ആ മുഖംമൂടിക്ക് പിന്നില്‍ അയാള്‍ ഒളിപ്പിച്ചു വെച്ചിരുന്നത് ഒരു വേട്ടക്കാരന്റെ മുഖമായിരുന്നു. പല സാഹചര്യങ്ങളിലും തനിക്ക് ചുറ്റുമുള്ള കുട്ടികളെ അയാള്‍ ഉപദ്രവിക്കുകയാണ്. എന്നാല്‍ ഈ കാര്യം പുറത്ത് വരുമ്പോള്‍ ചുറ്റുമുള്ള മത സാമുദായിക സംവിധാനങ്ങള്‍ അയാളുടെ കുറ്റകൃത്യത്തെ മറച്ചുപിടിക്കുകയാണ് ചെയ്യുന്നത്.

അയാളെ ഉന്നതങ്ങളിലേക്ക് അവരോധിക്കാനും അവര്‍ മറക്കുന്നില്ല. കുടുംബത്തിനകത്തെ കുട്ടികളോട് ക്രൂരതകാട്ടാന്‍ മടിക്കാത്ത സോണിയെ സ്‌കൂള്‍ അധ്യാപകനായി നിയമിക്കുന്നത് ആ നാട്ടിലെ പുരോഹിതനാണ്.

ഫാമിലിയെന്ന ചിത്രത്തിലൂടെ കുടുംബമെന്ന വ്യവസ്ഥിതിയുടെ ഉള്ളില്‍ ഒളിഞ്ഞിരിക്കുന്ന വേട്ടക്കാരനെ മാത്രമല്ല തുറന്ന് കാട്ടുന്നത്. അയാള്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ പൗരോഹിത്യവും സമൂഹവും അവസരമൊരുക്കുന്നതിനെ കുറിച്ചും സംവിധായകന്‍ പറയുന്നു.

നിഷ്‌കളങ്കന്റെ മുഖംമൂടിയിട്ട് സമൂഹത്തില്‍ ജീവിക്കുന്ന ഒരാളുടെ യഥാര്‍ത്ഥ മുഖം തിരിച്ചറിയുന്ന കഥാപാത്രമാണ് ചിത്രത്തില്‍ ദിവ്യ പ്രഭ അവതരിപ്പിച്ച റാണിയുടേത്. കഥയുടെ ആദ്യഭാഗത്തില്‍ സോണിയെ ഏറെ വിശ്വസിച്ചിരുന്ന റാണിക്ക് ഒരു സാഹചര്യത്തില്‍ സോണി ചുറ്റുമുള്ള കുട്ടികളോട് ഇടപെടുന്ന രീതിയില്‍ സംശയം തോന്നുകയാണ്.

താന്‍ കണ്ട ലൈംഗികാതിക്രമം അവള്‍ ഒരാളോട് തുറന്ന് പറയുമ്പോള്‍ അവള്‍ക്ക് നേരിടേണ്ടി വരുന്നത് വലിയ ശകാരങ്ങളാണ്. മറ്റാരോടും തന്റെ സംശയങ്ങള്‍ പറയാന്‍ റാണിക്ക് പിന്നീട് കഴിയുന്നില്ല. അവിടെ അവള്‍ക്ക് മുന്നിലെ തടസം പൗരോഹിത്യമായിരുന്നു.

സോണിയുടെ ബന്ധുവായ സിസ്റ്റര്‍ റാണിയെ സമീപിക്കുന്നതും അവളെ ശകാരിക്കുന്നതും ചിത്രത്തില്‍ കാണാം. പള്ളിക്കാര്യവും പ്രാര്‍ത്ഥനയുമായി പോകുന്നതിന് പകരം വൈകുന്നേരം സീരിയല്‍ കാണുന്നതാണ് സോണിയെ പറ്റി ഇങ്ങനെ തോന്നാനുള്ള കാരണമെന്നാണ് അവര്‍ പറയുന്നത്.

റാണി പറഞ്ഞതിലെ സത്യം അന്വേഷിക്കാതെ അവര്‍ സോണിക്ക് വേണ്ടി കല്ല്യാണമന്വേഷിക്കുകയാണ് ചെയ്യുന്നത്. പിന്നീടങ്ങോട്ട് കുമ്പസാരങ്ങളും കുര്‍ബാനകളും, പള്ളിയും, പള്ളീലച്ചനും സോണിയെ വിശുദ്ധനാക്കുന്നു.

താന്‍ ചെയ്ത ചില തെറ്റുകള്‍ ഏറ്റുപറയുന്ന സോണിയോട് കുമ്പസാരത്തിന്റെ ഇടയില്‍ വിശുദ്ധ കുര്‍ബാന മുടക്കിയതാണ് അവന്‍ ചെയ്ത ഏറ്റവും വലിയ തെറ്റെന്നും മറ്റുള്ളവയെല്ലാം ദൈവം ക്ഷമിക്കുമെന്നും പറയുന്ന പുരോഹിതനെയും സംവിധായകന്‍ ഫാമിലിയിലൂടെ കാണിക്കുന്നു.

ചിത്രത്തില്‍ അയാളുടെ ഓരോ ക്രൂരതക്കും സാക്ഷിയായി കന്യാമറിയത്തിന്റെയും യേശുവിന്റെയും ചിത്രങ്ങള്‍ വീട്ടിലെ ചുമരില്‍ കാണിക്കുന്നതിലൂടെ മതം അയാളുടെ ക്രൂരതക്ക് മുന്നില്‍ നിശബ്ദത പാലിക്കുകയാണെന്ന് ഡോണ്‍ പാലത്തറ പറയാതെ പറയുന്നു.

Content Highlight: Family Movie; The church who canonize the child abuser

വി. ജസ്‌ന
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ