Kerala News
സുഹൃത്ത് നല്‍കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെ വയറുവേദന; യുവതിയുടെ മരണത്തില്‍ പരാതിയുമായി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 Nov 08, 10:25 am
Tuesday, 8th November 2022, 3:55 pm

തിരുവനന്തപുരം: വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം. മരണത്തില്‍ ദുരൂഹതയുണ്ടെന്നും സുഹൃത്തായിരുന്ന യുവാവ് നല്‍കിയ ശീതളപാനീയം കുടിച്ചതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിക്ക് വയറുവേദനയും അസ്വസ്ഥതയും ഉണ്ടായതെന്നും കുടുംബം ആരോപിച്ചു.

കേരള തമിഴ്നാട് അതിര്‍ത്തിയ്ക്ക് സമീപം കന്യാകുമാരി ജില്ലയിലെ നിദ്രവിള വാവറ പുളിയറത്തലവിള വീട്ടില്‍ അഭിത(19)ആണ് മരിച്ചത്.

സുഹൃത്തായ യുവാവിനെ കണ്ടതിന്റെ അടുത്ത ദിവസം മുതലാണ് അഭിതക്ക് വയറുവേദന ആരംഭിച്ചത്. യുവാവ് ശീതളപാനീയം കുടിക്കാന്‍ നല്‍കിയിരുന്നതായി അഭിത വീട്ടുകാരോട് പറഞ്ഞിരുന്നു. ഇരുവരും പ്രണയത്തിലായിരുന്നുവെന്നും അഭിതയെ ഒഴിവാക്കാന്‍ യുവാവ് മനപൂര്‍വം വിഷം കലര്‍ത്തിയ ശീതളപാനീയം നല്‍കിയെന്നാണ് കുടുംബത്തിന്റെ ആരോപണം.

നവംബര്‍ ഒന്നിനാണ് വയറുവേദനയെ തുടര്‍ന്ന് അഭിതയെ മാര്‍ത്താണ്ഡം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് നാലാം തിയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയവെയായിരുന്നു മരണം.