ഇസ്രാഈലിനെ പുകഴ്ത്തി കെ.എന്‍.എ. ഖാദറിന്റെ പേരില്‍ വ്യാജശബ്ദസന്ദേശം; പെരുമ്പാവൂര്‍ സ്വദേശി പൊലീസില്‍ ഹാജരായി
മലപ്പുറം: മുന്‍ എം.എല്‍.എ കെ..എന്‍.എ. ഖാദറിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ശബ്ദ സന്ദേശത്തിന്റെ യഥാര്‍ത്ഥ ഉടമ പൊലീസ് സ്റ്റേഷനില്‍ ഹാജരായി. എറണാകുളം പെരുമ്പാവൂര്‍ മുടിക്കല്‍ സ്വദേശി കുഞ്ഞുമുഹമ്മദാണ് പൊലീസില്‍ ഹാജരായത്.
ഇസ്രാഈല്‍ – ഫലസ്തീന്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി കുഞ്ഞുമുഹമ്മദ് സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശമാണ് ഖാദറിന്റെതാണെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.
ശബ്ദസന്ദേശത്തില്‍ കൃത്രിമം കാണിച്ചവരെ കണ്ടെത്തി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കുമെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു. മൂന്ന് മാസം മുമ്പാണ് താന്‍ ഈ ശബ്ദ സന്ദേശം സുഹൃത്തുക്കള്‍ക്ക് അയച്ചത്. പിന്നീട് ബിസിനസ് ആവശ്യാര്‍ത്ഥം താന്‍ ബഹ്‌റൈനില്‍ ആയിരുന്നെന്നും കുഞ്ഞുമുഹമ്മദ് പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ ദിവസം തിരികെയെത്തിയപ്പോളാണ് ഇത്തരത്തില്‍ ശബ്ദ സന്ദേശം പ്രചരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതെന്നും തുടര്‍ന്ന് പൊലീസിനെയും ഖാദറിനെയും വിളിച്ച് താന്‍ നിരപരാധിയാണെന്ന് അറിയിച്ചെന്നും കുഞ്ഞുമുഹമ്മദ് പറഞ്ഞു.
മുസ്‌ലിം ലീഗ് നേതാവ് കെ.എന്‍.എ. ഖാദര്‍ ഇസ്രാഈലിനെ അനുകൂലിച്ച് സംസാരിക്കുന്നെന്ന് കാണിച്ചാണ് ശബ്ദസന്ദേശം പ്രചരിച്ചത്. ഖാദറിന്റെ ചിത്രവും ശബ്ദവും കൂട്ടിചേര്‍ത്ത് വീഡിയോ ആയും ശബ്ദസന്ദേശം പ്രചരിച്ചിരുന്നു.
തുടര്‍ന്നാണ് സംഭവത്തില്‍ ജില്ല പൊലീസ് മേധാവി, ഡി.ജി.പി, മുഖ്യമന്ത്രി തുടങ്ങിയവര്‍ക്ക് കെ.എന്‍.എ. ഖാദര്‍ പരാതി നല്‍കിയത്. കുഞ്ഞുമുഹമ്മദിന്റെ മറുപടിയില്‍ താന്‍ തൃപ്തനാണെന്നും ശബ്ദസന്ദേശത്തില്‍ കൃത്രിമം കാണിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു.