കള്ളനോട്ട്: സീരിയല്‍ നടിയും സഹോദരിയും അമ്മയും അറസ്റ്റില്‍
Kerala News
കള്ളനോട്ട്: സീരിയല്‍ നടിയും സഹോദരിയും അമ്മയും അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 3rd July 2018, 6:56 pm

കൊല്ലം: കള്ളനോട്ടു കേസില്‍ സീരിയല്‍ നടിയും അമ്മയും സഹോദരിയും അറസ്റ്റില്‍. മലയാള ചാനലുകളിലെ വിവിധ പരമ്പരകളില്‍ അഭിനയിക്കുന്ന നടി സൂര്യ ശശികുമാര്‍, സഹോദരി ശ്രുതി, ഇവരുടെ അമ്മ രമാദേവി എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം ഇടുക്കി അണക്കരയില്‍ നിന്ന് കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സംഭവത്തിലാണ് അറസ്റ്റ്. അണക്കരയില്‍ നിന്നും 2.50 ലക്ഷം രൂപയുടെ കള്ളനോട്ടുകള്‍ പിടിച്ചെടുത്തിരുന്നു. ഇവിടെ നിന്നും പിടിച്ച പ്രതികളില്‍ നിന്നാണ് കൊല്ലത്താണ് കള്ളനോട്ടുകള്‍ അച്ചടിക്കുന്നുവെന്ന വിവരം പൊലീസിനു ലഭിച്ചത്.

നടിയുടെ കൊല്ലത്തെ വീട്ടില്‍ നിന്നാണ് കള്ളനോട്ടുകളും നോട്ടടിക്കുന്ന യന്ത്രവും പിടിച്ചെടുത്തത്. കൊല്ലം മനയില്‍ കുളങ്ങര വനിതാ ഐ.ടി.ഐക്ക് സമീപം രമാദേവിയുടെ വീട്ടില്‍ നിന്നും 57 ലക്ഷം രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്.


Also Read:  ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിദ്യഭ്യാസ സംവരണവുമായി സംസ്ഥാനസര്‍ക്കാര്‍


500ന്റെയും 200ന്റെയും നോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ടുകള്‍ അച്ചടിക്കാന്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍, പ്രിന്റര്‍ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇടുക്കിയില്‍ നിന്നും പ്രത്യേകം പൊലീസ് സംഘം കൊല്ലത്തെത്തി രാവിലെ മൂന്നുമണിക്ക് ആരംഭിച്ച പരിശോധന പത്തുമണിയോടെയാണ് അവസാനിച്ചത്.

കൊല്ലത്തെ ആഡംബര വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു കള്ളനോട്ടടി കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. നടിയുടെ അമ്മയെ ഇവിടെ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ഇവിടം കേന്ദ്രീകരിച്ച് കഴിഞ്ഞ ആറുമാസമായി കള്ളനോട്ടടി നടക്കുന്നുണ്ടന്നും പൊലീസ് അറിയിച്ചു.

ഇവര്‍ക്ക് പുറമെ പുറ്റടി അച്ചക്കാനം കടിയന്‍കുന്നേല്‍ രവീന്ദ്രന്‍, വിരമിച്ച സൈനികന്‍ രവീന്ദ്രന്‍ എന്നിവരാണ് ഇടുക്കിയില്‍ നിന്നും അറസ്റ്റിലായത്. രവീന്ദ്രന്‍ മുന്‍പും നിരവധി കള്ളനോട്ട് കേസുകളില്‍ പ്രതിയാണ്.


Also Read:  അമിതവേഗതയില്‍ വാഹനമോടിച്ചത് ചോദ്യംചെയ്ത വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ യൂണിഫോം വലിച്ചുകീറി ബി.ജെ.പി നേതാവ്


2016 ആഗസ്റ്റില്‍ കള്ളനോട്ടുമായി പിടികൂടിയ രവീന്ദ്രനെ പിന്തുടര്‍ന്ന് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വന്‍ കള്ളനോട്ട് മാഫിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തുടര്‍ന്ന് യു.എ.പി.എ ചുമത്തിയ രവീന്ദ്രന്‍ നവംബറിലാണ് ജയിലില്‍ നിന്നിറങ്ങിയത്. മറ്റൊരു പ്രതിയായ കൃഷ്ണകുമാര്‍ 2017 ജൂണ്‍ ആറിന് ബോഡിമെട്ട് ചെക്ക് പോസ്റ്റില്‍ 37.9 ലക്ഷം രൂപയുമായി പിടിയിലായിരുന്നു. 14 വര്‍ഷം ബി.എസ്.എഫ്. ജവാനായി സേവനമനുഷ്ഠിച്ചശേഷം 2012ലാണ് കൃഷ്ണകുമാര്‍ സൈന്യത്തില്‍നിന്ന് വിരമിച്ചത്.