Entertainment
ഇതുവരെ പൂര്‍ണമായ സ്‌ക്രിപ്‌റ്റെഴുതാന്‍ സാധിച്ചിട്ടില്ല; എന്റെ ചില വരികള്‍ സിനിമയില്‍ വന്നിട്ടുണ്ട്: ഫഹദ് ഫാസില്‍

താന്‍ ഇതുവരെ പൂര്‍ണമായ സ്‌ക്രിപ്റ്റുകള്‍ എഴുതിയിട്ടില്ലെന്ന് പറയുകയാണ് ഫഹദ് ഫാസില്‍. എന്നാല്‍ സ്‌ക്രിപ്റ്റുകള്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഒരുപാട് ക്ഷമയും ടൈംലൈനും വേണ്ട കാര്യമാണ് അതെന്നും താരം പറയുന്നു. താന്‍ ഭാവിയില്‍ സ്‌ക്രിപ്റ്റ് എഴുതുമോ എന്ന് അറിയില്ലെന്നും ഫഹദ് പറഞ്ഞു.

തന്റെ ഏറ്റവും പുതിയ ചിത്രമായ ആവേശത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. താന്‍ ഇപ്പോള്‍ എഴുതുന്നതിനെ വലിയ റൈറ്റിങ്ങെന്ന് പറയാന്‍ സാധിക്കില്ലെന്നും ഫഹദ് കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇതുവരെ പൂര്‍ണമായ സ്‌ക്രിപ്റ്റുകളൊന്നും എഴുതിയിട്ടില്ല. എന്നാല്‍ എഴുതാന്‍ ശ്രമിച്ചിട്ടുണ്ട്. ഒരുപാട് ക്ഷമയും ടൈംലൈനുമൊക്കെ വേണ്ട കാര്യമാണ് സ്‌ക്രിപ്റ്റ് എഴുത്ത്. ഭാവിയില്‍ നടക്കുമോ എന്ന് എനിക്ക് അറിയില്ല.

എന്നാല്‍ ഞാന്‍ വെറുതെ എഴുതാറുണ്ട്. അതിനെ വലിയ റൈറ്റിങ് എന്നൊന്നും പറയാനില്ല. നമ്മള്‍ പറയുന്ന കാര്യം എഴുതുന്നുവെന്നേയുള്ളു. ഞാന്‍ എഴുതിയ സീന്‍ സിനിമയില്‍ വന്നിട്ടുമില്ല. ഞാന്‍ പറഞ്ഞ ചില വരികളൊക്കെ വന്നിട്ടുണ്ടെന്ന് പറയാം. അല്ലാതെ എഴുതാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല,’ ഫഹദ് ഫാസില്‍ പറഞ്ഞു.

ആവേശത്തില്‍ ബിബിയുടെ അമ്മ ഫോണില്‍ മോന്‍ ഹാപ്പിയാണോ എന്ന് ചോദിക്കുന്ന സീനിനെ കുറിച്ചും തന്റെ വാപ്പയായ ഫാസിലിനെ കുറിച്ചും ഫഹദ് അഭിമുഖത്തില്‍ സംസാരിച്ചു.

‘ആവേശത്തില്‍ ആദ്യം മുതല്‍ക്കേ തന്നെ ജിത്തു പറഞ്ഞ ഒരു കാര്യമായിരുന്നു, ബിബിയുടെ അമ്മ വിളിച്ചിട്ട് ഹാപ്പിയല്ലേയെന്ന് ചോദിക്കും എന്നത്. എന്തിനാണ് അത് ചോദിക്കുന്നതെന്ന് ആ കഥാപാത്രത്തിന് തന്നെ അറിയില്ല.

പുള്ളിക്കാരി കുക്ക് ചെയ്യുമ്പോഴൊക്കെയാണ് ഫോണില്‍ ഇത് ചോദിക്കുന്നത്. ഫോണ്‍ എടുത്താല്‍ ചിലപ്പോള്‍ ആദ്യം ചോദിക്കുന്നത് പോലും ഇത് തന്നെയാണ്. ആ കോണ്‍ടെക്സ്റ്റിലാണ് ജിത്തു സിനിമയില്‍ ഈ കാര്യം ഉള്‍പെടുത്തിയത്.

എന്നാല്‍ എന്റെ കോണ്‍ടെക്സ്റ്റില്‍ പറയുകയാണെങ്കില്‍, വാപ്പ ഞാന്‍ അമേരിക്കയില്‍ പഠിക്കുന്ന സമയത്ത് വിളിക്കുമ്പോള്‍ ‘കാലാവസ്ഥ എങ്ങനെയുണ്ട്? ആരോഗ്യം എങ്ങനെയുണ്ട്? നീ ഹാപ്പിയല്ലേ?’ എന്നൊക്കെയാണ് ചോദിക്കുക. വാപ്പ സ്ഥിരം ചോദിക്കുന്ന കാര്യങ്ങള്‍ ആണ് ഇതൊക്കെ. ഇതും ആവേശവുമായി ഒരു ബന്ധവുമില്ല,’ ഫഹദ് ഫാസില്‍ പറഞ്ഞു.


Content Highlight: Fahadh Faasil Talks About Script Writing