കൊച്ചി: നിലപാട് കൊണ്ടും അഭിനയരീതി കൊണ്ടും വ്യത്യസ്ത പുലര്‍ത്തുന്ന നടനാണ് ഫഹദ് ഫാസില്‍. കുറച്ചുനാള്‍ മുമ്പ് സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കി അദ്ദേഹം നല്‍കിയ അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചര്‍ച്ചയാകുകയാണ്.
മനോരമ ന്യൂസിലെ നേരെ ചൊവ്വേ പരിപാടിക്കിടെയായിരുന്നു ഫഹദിന്റെ ഈ പരാമര്‍ശം. താന്‍ മറ്റൊരാളുടെ കാര്യത്തില്‍ ഇടപെടാറില്ലെന്നും ഓരോ വ്യക്തികളും സ്വതന്ത്രരാണെന്നും ഫഹദ് പറയുന്നു.
‘ഞാന്‍ വേറൊരാളുടെ തീരുമാനത്തെ ചോദ്യം ചെയ്യാറില്ല. വേറൊരാളുടെ ഇഷ്ടങ്ങളെ ഞാന്‍ ചോദ്യം ചെയ്യാറില്ല. എല്ലാവരും ഇന്‍ഡിപെന്‍ഡന്റ് ആണ്. അതാണ് ഫ്രീഡം.
ആ സ്വാതന്ത്ര്യം ഞാനും ആഗ്രഹിക്കുന്നു. എനിക്ക് ആകെ വേണ്ടതും ആ സ്വാതന്ത്ര്യമാണ്. അല്ലാതെ എനിക്ക് ഒന്നും വേണ്ട. ഒരാളുടെ സ്‌പേസ് തിരിച്ചറിയുക. ആ സ്‌പേസ് അയാള്‍ക്ക് കൊടുക്കുക,’ ഫഹദ് പറഞ്ഞു.
ചിലര്‍ക്കിടയില്‍ താങ്കളെപ്പറ്റി മോശം ധാരണയുണ്ടെങ്കില്‍ അത് തിരുത്താന്‍ തയ്യാറാകുമോ എന്ന ചോദ്യത്തിന് തന്റെ ജീവിതത്തില്‍ എത്തിയ എല്ലാവരും ക്ഷണിക്കപ്പെട്ടവരാണെന്നും അവര്‍ക്കൊക്കെ താന്‍ എന്താണെന്ന് അറിയാമെന്നും മറ്റുള്ളവര്‍ക്കുള്ള തെറ്റിദ്ധാരണകള്‍ തിരുത്താന്‍ ശ്രമിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
മാധ്യമങ്ങളുമായുള്ള സംവാദങ്ങള്‍ നിഷേധിച്ചിരുന്ന കാലഘട്ടമുണ്ടായിരുന്നുവെന്നും അത്തരം ചര്‍ച്ചകള്‍ക്ക് താന്‍ ഒട്ടും തയ്യാറാവാത്തതായിരുന്നു കാരണമെന്നായിരുന്നു ഫഹദ് പറഞ്ഞത്.
‘സിനിമകള്‍ നന്നായാല്‍ ആര്‍ക്കും ആരുടെയും ആവശ്യമില്ല. ആ സിനിമ തന്നെ എല്ലാം സംസാരിച്ചുകൊള്ളും. രണ്ടാമത്തെ കാര്യം, ഞാനെന്ന വ്യക്തിയെ എന്റെ സിനിമകള്‍ കാണുന്ന ആള്‍ക്കാരിലേക്ക് വ്യക്തതയോടെ എത്തിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് വലിയ പങ്കാണ് ഉള്ളത്.
എന്നാല്‍ എന്റെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ഡയമണ്ട് നെക്ലേസ്, 22 ഫീമെയില്‍ കോട്ടയം ഒക്കെ ഇറങ്ങിയ സമയത്ത് എന്നോട് ഒരുപാട് ചോദ്യങ്ങളാണ് ചോദിച്ചത്. ഞാന്‍ പേടിച്ചുപോയി.
എനിക്ക് ഉത്തരം പറയാന്‍ പോലും പറ്റാത്തത്ര ചോദ്യങ്ങള്‍ ചോദിച്ചിട്ടുണ്ട്. അപ്പോള്‍ ആ സമയത്ത് എനിക്ക് തോന്നിയതാണ് കുറച്ചുകൂടി സ്‌പേസ് എനിക്ക് വേണമെന്ന്. മീഡിയയെ ഫേസ് ചെയ്യാന്‍ ഞാന്‍ റെഡിയായിരുന്നില്ല.
ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി വെല്‍കമിംഗ് ആണ് അക്കാര്യത്തില്‍. അല്ലാതെ മീഡിയയെ അവഗണിക്കാനൊന്നും ഞാന്‍ നോക്കുന്നില്ല,’ ഫഹദ് പറഞ്ഞു.