കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഫഹദ് ഫാസിൽ. ചിത്രം ബോക്സ് ഓഫീസിൽ വലിയ പരാജയമായതോടൊപ്പം സംവിധായകൻ ഫാസിലിന്റെ മകൻ എന്ന നിലയിൽ ഫഹദ് ഒരുപാട് വിമർശനവും നേരിട്ടു.
എന്നാൽ പിന്നീട് മലയാള സിനിമ കണ്ടത് ഫഹദ് എന്ന നടന്റെ തിരിച്ചുവരവായിരുന്നു. രണ്ടാം വരവിൽ ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറ്റവും മികച്ച രീതിയിലാണ് ഫഹദ് അവതരിപ്പിച്ചത്. മലയാളത്തേക്കാൾ ഇപ്പോൾ അന്യഭാഷയിൽ തിരക്കുള്ള നടനാണ് ഫഹദ് ഫാസിൽ.
തിരക്കഥാകൃത്തും നടനുമായ ദിലീഷ് പോത്തൻ ആദ്യമായി സംവിധാനം ചെയ്ത 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ അപർണ ബാലമുരളി, അനുശ്രീ, ലിജോമോൾ ജോസ് എന്നിവരാണ് നായികമാരായി എത്തിയത്. ദേശീയ പുരസ്‌കാരങ്ങൾ അടക്കമുള്ള നിരവധി അംഗീകാരങ്ങൾ മഹേഷിന്റെ പ്രതികാരത്തെ തേടിയെത്തിയിരുന്നു.
എന്നാൽ മഹേഷിന്റെ പ്രതികാരം ആദ്യം താൻ നിരസിച്ച സിനിമയായിരുന്നുവെന്നും ആ കഥയുടെ ഡ്രാമ തനിക്ക് ഒട്ടും വർക്കായില്ലെന്നും ഫഹദ് പറയുന്നു. പിന്നീടാണ് ആ കഥയുടെ ഐഡിയ തനിക്ക് കിട്ടിയതെന്നും യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച കഥയായിരുന്നു മഹേഷിന്റെ പ്രതികാരമെന്നും ഫഹദ് കൂട്ടിച്ചേർത്തു.
‘മഹേഷിന്റെ പ്രതികാരം ആദ്യം ഞാൻ നിരസിച്ച ചിത്രമായിരുന്നു. ആ കഥയുടെ ഡ്രാമ എനിക്ക് ആദ്യം പിടികിട്ടിയില്ല. പിന്നീട് പിടികിട്ടി. മകൻ, കാമുകൻ, നായകൻ എന്നീ നിലയിലായിരുന്നു ആ ചിത്രത്തിന്റെ വളർച്ച, അതിലൊരു രസമുണ്ടായിരുന്നു. യഥാർത്ഥ ജീവിതത്തിൽ സംഭവിച്ച ഒരു കഥയായിരുന്നു അത്. റിയൽ ലൈഫിൽ നിന്ന് എടുത്ത ജീവിതം എന്ന നിലയിൽ കഥാപാത്രത്തിൻ്റെ ലൈഫ് 50 ശതമാനമായി. ബാക്കി നമ്മൾ നോക്കിയാൽ മതി.
കേൾക്കുന്ന കഥയും അവതരിപ്പിക്കുന്ന സാഹചര്യവുമാണ് എന്നെ കഥാപാത്രമാക്കി മാറ്റുന്നത്. മുണ്ടും കള്ളി ഷർട്ടുമണിഞ്ഞ് ഇടുക്കിയിലെ പ്രകാശ് സിറ്റിയിൽ ഇറങ്ങിയപ്പോൾ ഞാൻ അറിയാതെ അവിടുത്തൊരാളായി മാറി. ചുറ്റുമുള്ളവർ കഥാന്തരീക്ഷത്തിലേക്ക് ഇറങ്ങുമ്പോൾ ഞാനും അതിലേക്ക് വീഴുന്നു. അങ്ങനെയാണ് തോന്നിയത്,’ഫഹദ് ഫാസിൽ പറയുന്നു.
ഓടും കുതിര ചാടും കുതിര എന്ന സിനിമയാണ് ഷൂട്ടിങ് പുരോഗമിക്കുന്ന ഫഹദ് ഫാസിൽ സിനിമ. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒന്നിക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിലും ഫഹദ് ഫാസിലും ഭാഗമാവുന്നുണ്ട്.
Content Highlight: Fahad Fazil About Maheshinte Prathikaram Movie