മുംബൈ: കൊവിഡില്‍ ഉലയുന്ന മഹാരാഷ്ട്രയ്ക്ക് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറിനെതിരെ ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്. കേന്ദ്രത്തോട് പവാര്‍ ആവശ്യപ്പെട്ട അതേ പാക്കേജ് മഹാരാഷ്ട്ര സര്‍ക്കാരും പ്രഖ്യാപിക്കണമെന്നാണ് ഫഡ്‌നാവിസിന്റെ ആവശ്യം.
ഇതിന് മറുപടിയായി പ്രാദേശിക വികസന ഫണ്ട് പി.എം കെയറിലേക്ക് നല്‍കിയ ബി.ജെ.പി എം.എല്‍.എമാര്‍ അതേ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിച്ചു.
എന്‍.സി.പിയും കോണ്‍ഗ്രസും മഹാരാഷ്ട്രയിലെ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാ അഗാഡി സര്‍ക്കാരിലെ സഖ്യകക്ഷികളാണ്.
‘കേന്ദ്രത്തോട് ആവശ്യപ്പെട്ട അതേ പാക്കേജ് ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് പ്രഖ്യാപിക്കണം. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിരവധി തവണയാണ് കത്തുകള്‍ അയച്ചത്. അതുപോലൊരു കത്ത് പവാര്‍ ഉദ്ദവ് താക്കറെയ്ക്കും അയക്കണം’, ഫഡ്‌നാവിസ് പറഞ്ഞു. ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയുമായി ബി.ജെ.പി നേതാക്കള്‍ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു ഫഡ്‌നാവിസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മഹാരാഷ്ട്രയ്ക്ക് വിരുദ്ധമായ പ്രസ്താവനകളാണ് ബി.ജെ.പി നേതാവ് നടത്തിയതെന്നും എല്ലാ കാര്യങ്ങളെയും രാഷ്ട്രീയ വല്‍ക്കരിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നുമാണ് കോണ്‍ഗ്രസ് വിഷയത്തില്‍ പ്രതികരിച്ചത്.
‘ബി.ജെ.പി എം.എല്‍.എമാര്‍ അവരുടെ പ്രാദേശിക വികസന ഫണ്ട് പി.എം കെയറിലേക്ക് സംഭാവന നല്‍കി. എന്തുകൊണ്ടാണ് അവരത് സംസ്ഥാനത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാതിരുന്നത്?’, കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് ചോദിച്ചു.