ന്യൂദല്‍ഹി: വന്‍ അവകാശവാദത്തോടെ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച മിസൈല്‍ 2012ല്‍ പരീക്ഷിച്ചത്. സാറ്റലൈറ്റുകളെ അതിന്റെ ഭ്രമണപഥത്തില്‍വെച്ച് തകര്‍ക്കാനുള്ള ക്ഷമത 2012ല്‍ തന്നെ ഇന്ത്യ സ്വന്തമാക്കിയതാണ്. അന്നത്തെ ഡി.ആര്‍.ഡി.ഒ മേധാവി ഇക്കാര്യം ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു.
ആന്റി സാറ്റലൈറ്റ് കേപ്പബിലിറ്റിയ്ക്കുള്ള എല്ലാ കടമ്പകളും ഇന്ന് നമ്മള്‍ കടന്നിരിക്കുകയാണ്.” എന്ന് അന്നത്തെ ഡി.ആര്‍.ഡി.ഒയുടെ മേധാവി വിജയ് സരസ്വത് ഉദ്ധരിച്ച് 2012ല്‍ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ഇതിന്റെ ലോ എര്‍ത്ത് വേര്‍ഷന്‍ പരീക്ഷണം നടന്നു എന്ന അവകാശവാദമാണ് പ്രധാനമന്ത്രി ഇന്ന് നടത്തിയത്.
2014ഓടെ അഗ്‌നി, എഡി2 ബാലിസ്റ്റിക് മിസൈല്‍ എന്നിവയെ അടിസ്ഥാനമാക്കി സാങ്കേതികമികവാര്‍ന്ന ഉപഗ്രഹവേധ (അടഅഠ) ആയുധം നിര്‍മ്മിച്ചെടുക്കുമെന്ന് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ആ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ ഉപഗ്രഹവേധ ആയുധം പക്ഷെ പരസ്യമായി പരീക്ഷിക്കില്ലെന്നും സരസ്വത് സ്ഥിരീകരിച്ചിരുന്നു. സാറ്റലൈറ്റ് തകര്‍ത്തുകൊണ്ട് ഉപഗ്രഹവേധ മിസൈല്‍ പരീക്ഷിക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. പരീക്ഷണം മൂലം ബഹിരാകാശത്ത് ബാക്കിയായേക്കാകുന്ന അവശിഷ്ടങ്ങള്‍ മറ്റ് ഉപഗ്രഹങ്ങളെ നശിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം കാരണമായി ചൂണ്ടിക്കാട്ടിയത്.
പകരം ഇലക്ട്രോണിക് ടെസ്റ്റുകളിലൂടെ ഇന്ത്യയുടെ ഉപഗ്രഹവേധ ക്ഷമതയുടെ ഗുണം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
2012ല്‍ ഇന്ത്യ കൈവരിച്ച നേട്ടം പരീക്ഷിച്ചുവെന്ന വിവരമാണ് മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സുപ്രധാന കാര്യം പറയാനുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയശേഷമായിരുന്നു മോദിയുടെ പ്രഖ്യാപനം.
ഉപഗ്രഹത്തെ ആക്രമിച്ചു വീഴ്ത്തുന്ന മിസൈലാണ് ഇന്ത്യ പരീക്ഷിച്ചതെന്നാണ് മോദി അവകാശപ്പെട്ടത്. “മിഷന്‍ ശക്തി” എന്നാണ് പദ്ധതിയുടെ പേര്. പദ്ധതി മൂന്ന് മിനുട്ടിള്ളില്‍ ലക്ഷ്യം കണ്ടു. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടിരുന്നു.
റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് നിലവില്‍ ഈ നേട്ടം കൈവരിച്ചത്. ലോ ഓര്‍ബിറ്റ് ഉപഗ്രഹങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള രാജ്യമായി ഇന്ത്യയിപ്പോള്‍ മാറിയിരിക്കുകയാണെന്നും മോദി അവകാശപ്പെട്ടിരുന്നു.