ഇന്ന് കേരളത്തില്‍ പുതിയതായി നൂറ്റി പതിനൊന്ന് കൊവിഡ് കേസുകള്‍ ഉണ്ട്. ഇന്ന് വരെ ഉള്ളതില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച. ഒറ്റ ദിവസം കൊണ്ട് നൂറില്‍ കൂടുതല്‍.
ജനുവരി മുപ്പതിന് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് ഇരുപത്തി രണ്ടു വരെ സമയം എടുത്തു കേരളത്തില്‍ ആദ്യത്തെ നൂറു കേസുകള്‍ എത്താന്‍. അന്നൊക്കെ കേരളം എത്ര ഭയന്ന് നില്‍ക്കുകയായിരുന്നു എന്ന് ആളുകള്‍ ഇന്ന് ഓര്‍ക്കുന്നുണ്ടോ എന്നറിയില്ല. മാളുകള്‍ അടക്കണം എന്നൊരു ആവശ്യം ഒരു വശത്ത്, സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കണം എന്നുള്ള ആവശ്യം മറുവശത്ത്. വിവാദങ്ങളും വാഗ്വാദങ്ങളും എന്തൊക്കെയായിരുന്നു.
ഇന്നിപ്പോള്‍ ഒരു ദിവസം കൊണ്ട് നൂറു കവിഞ്ഞു എന്ന് കേട്ടിട്ടും നമുക്ക് നടുക്കമൊന്നുമില്ല. മാളുകള്‍ തുറക്കാന്‍, ആരാധനാലയങ്ങള്‍ തുറക്കാന്‍, റസ്റ്റോറന്റുകള്‍ തുറക്കാന്‍ ഒക്കെ ഉള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വരുന്നതും നോക്കി നമ്മള്‍ ഇരിക്കുകയാണ്.
ഇതിന്റെ പ്രധാന കാരണം ഇതുവരെ കേരളം ഈ വിഷയം കൈകാര്യം ചെയ്ത രീതിയുടെ കാര്യക്ഷമതയാണ്. കേരളം ആദ്യമായി നൂറുകേസു കടന്നപ്പോള്‍ ഇന്ത്യയില്‍ കൊവിഡ് കേസുകളുടെ കാര്യത്തില്‍ ഒന്നാമതായിരുന്നു കേരളം, മറ്റുള്ളവര്‍ കേരളത്തെയും കേരളത്തില്‍ നിന്ന് വരുന്നവരേയും പേടിയോടെ നോക്കി. കേരളത്തിലെ ആംബുലന്‍സുകള്‍ക്ക് കര്‍ണാടകത്തിലേക്ക് പോകാന്‍ അനുമതി നിഷേധിച്ചു, കേരളത്തിലേക്കുള്ള ചില അതിര്‍ത്തി റോഡുകളില്‍ മണ്ണിട്ട് നിരോധനം ഉണ്ടാക്കി.
ഇതൊന്നും നടന്നിട്ട് മൂന്നു മാസം പോലും ആയിട്ടില്ല. പക്ഷെ ഇപ്പോള്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ദിനം പ്രതി കേസുകള്‍ അഞ്ഞൂറും ആയിരവും കൂടുന്നു. ഇന്ത്യയില്‍ മൊത്തം ദിനം പ്രതിയുള്ള കേസുകളുടെ വര്‍ദ്ധന പതിനായിരത്തോട് അടുക്കുന്നു. രോഗം ബാധിച്ചവരുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു. മുംബൈയിലും ദല്‍ഹിയിലും ചെന്നെയിലെ ഒക്കെ കേസുകളുടെ വളര്‍ച്ച ആളുകളെ ആശങ്കാകുലരാക്കുന്നു. കേരളത്തെ ഭയത്തോടെ കണ്ടിരുന്ന നാടുകളില്‍ നിന്നും മലയാളികള്‍ എങ്ങനെയെങ്കിലും കേരളത്തില്‍ എത്താന്‍ നോക്കുന്നു.
കേരളത്തില്‍ കാര്യങ്ങള്‍ നന്നായി ആണ് കൈകാര്യം ചെയ്യുന്നത് എന്ന് കണക്കുകളും റിപ്പോര്‍ട്ടുകളും ഏറെ വന്നു. ഇതോടെ പൊതുവെ ആളുകള്‍ക്ക് കൊറോണയോടുള്ള പേടി ഏറെ കുറഞ്ഞിരിക്കുന്നു. മാളുകള്‍ തുറന്നിട്ടില്ലെങ്കിലും നഗരത്തിലും ഗ്രാമത്തിലും ഉള്ള എണ്‍പത് ശതമാനം സ്ഥാപനങ്ങളും തുറന്നിരിക്കുകയാണ്.
റോഡുകളില്‍ ആകട്ടെ സാധാരണ ഉള്ളതില്‍ കൂടുതല്‍ വാഹനങ്ങള്‍ ആണ്. പൊതുഗതാഗതം ഒഴിവാക്കി പരമാവധി ആളുകള്‍ സ്വകാര്യ വാഹനങ്ങളില്‍ വരുന്നതും കടകള്‍ തുറന്നിരിക്കുന്ന സമയം കുറച്ചതിനാല്‍ കുറച്ചു സമയത്ത് കൂടുതല്‍ ആളുകള്‍ എത്തുന്നതും ഒക്കെയാണ് ഇതിന് കാരണം. പൊതുവെ ആളുകള്‍ മാസ്‌ക് വെക്കുന്നുണ്ട് പക്ഷെ സാമൂഹിക അകാലത്തിന്റെ കാര്യമൊക്കെ തഥൈവ ആണ്. കേരളത്തില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഇതിപ്പോള്‍ കൊറോണകൊണ്ട് ലോക്ക് ഡൗണ്‍ ചെയ്തതോ കൊറോണപ്പേടി ഉള്ളതോ ആയ ഒരു പ്രദേശമായി തോന്നില്ല.
ഇവിടെയാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് ഇരുപത്തി രണ്ടിനെ അപേക്ഷിച്ച് കേരളത്തില്‍ കൊറോണയുടെ റിസ്‌ക് ഒട്ടും കുറഞ്ഞിട്ടില്ല എന്ന് മാത്രമല്ല ഏറെ കൂടിയിട്ടുമുണ്ട്. ഓരോ ദിവസവും അന്‍പതിന്റെ മുകളില്‍ പുതിയ കേസുകള്‍ ഉണ്ടാവുന്നു, അവരില്‍ ബഹുഭൂരിപക്ഷവും കേരളത്തിന് പുറത്തു നിന്നും വന്നവരാണ്.
കേരളത്തിന് പുറത്തു നിന്നും വരുന്നവരും അവരോട് സമ്പര്‍ക്കം ഉള്ളവരും പൊതുവില്‍ വളരെ ഉത്തരവാദിത്തത്തോടെ ആണ് ക്വാറന്റൈനില്‍ ഇരിക്കുന്നത്. പക്ഷെ ദിവസം നൂറാളുകള്‍ക്ക് വീതം രോഗം പുതിയതായി ഉണ്ടാകുമ്പോള്‍ അതില്‍ ഒരു ശതമാനം ആളുകള്‍ ഉത്തരവാദിത്തം ഇല്ലാതെ പെരുമാറിയാല്‍ മതി കാര്യങ്ങള്‍ കൈവിട്ടു പോകാന്‍. ഈ സമയത്താണ് ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ കുറച്ചു കൊണ്ടുവരുന്നത്. ഇതൊരു വലിയ വെല്ലുവിളിയാണ്.
ലോകത്ത് മറ്റുള്ള രാജ്യങ്ങളില്‍ പൊതുവെ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നത് രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം കുറഞ്ഞു വരുന്ന സമയത്താണ്. ലോക്ക് ഡൗണ്‍ എന്നത് ഒരു കോവിഡ് ചികിത്സാ രീതി ഒന്നുമല്ലല്ലോ. വൈറസിന്റെ വ്യാപനത്തിന്റെ നിരക്ക് കുറക്കുക. അങ്ങനെ ഏറ്റവും കൂടുതല്‍ സമയം കൊറോണ കേസുകളുടെ എണ്ണം രാജ്യത്തെ കൊറോണ കൈകാര്യം ചെയ്യാനുള്ള സംവിധാനത്തിന്റെ (ആശുപത്രി, വെന്റിലേറ്റര്‍, ഐ സി യു) എന്നിവയുടെ പരിധിക്കുള്ളില്‍ നിറുത്തുക.
ഈ സമയത്ത് ആളുകളുടെ ആരോഗ്യ രീതികള്‍ മാറ്റുക, സാമൂഹിക അകലം പാലിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കുക, രാജ്യത്തെ ആരോഗ്യ സംവിധാന സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിക്കുക ഇതൊക്കെയാണ് ലോക്ക് ഡൗണ്‍ കാലത്ത് ചെയ്യേണ്ടത്. ഇന്ത്യയില്‍ ഈ പറഞ്ഞതില്‍ ഏതൊക്കെ സംഭവിച്ചിട്ടുണ്ട് എന്ന് നമുക്കറിയില്ല. പക്ഷെ കേസുകളുടെ എണ്ണം കൂടുകയാണ് എന്ന് നമുക്കറിയാം. ഇത് ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്തേക്ക് പോകുമോ, മരണ നിരക്ക് അതിവേഗത്തില്‍ കൂടുമോ എന്നൊക്കെ വലിയ താമസമില്ലാതെ അറിയാം.
ഈ സാഹചര്യത്തില്‍ നമ്മള്‍ എന്താണ് ചെയ്യേണ്ടത് ?
1. കൊറോണയുടെ ഭീഷണി ഒട്ടും കുറഞ്ഞിട്ടില്ലെന്നും വാസ്തവത്തില്‍ കൂടി വരികയാണെന്നും സ്വയം മനസ്സിലാക്കുക.
2. ആരോഗ്യ ശീലങ്ങള്‍, സാമൂഹിക അകലം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക.
3. വീട്ടിലുള്ള വയസ്സായവര്‍, രോഗികള്‍ എന്നിവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ കൊടുക്കുക. അവരില്‍ നിന്നും മറ്റുള്ളവര്‍ പരമാവധി സാമൂഹിക അകലം പാലിക്കുക, കൊച്ചുമക്കളുമായി പ്രായമായ അമ്മയെ കാണാന്‍ പോകാതിരിക്കുന്നത് അമ്മയോടുള്ള സ്‌നേഹം കൊണ്ടാണെന്ന് അവരെ പറഞ്ഞു മനസിലാക്കുക.
4. ലോക്ക് ഡൗണ്‍ നിയന്ത്രങ്ങളില്‍ വരുത്തുന്ന ഇളവുകള്‍ ശാസ്ത്രീയ തത്വങ്ങള്‍ അല്ല എന്നും ആരോഗ്യവും സമ്പദ് വ്യവസ്ഥയും തമ്മില്‍ ബാലന്‍സ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ഭരണകൂടത്തിന്റെ തീരുമാനങ്ങള്‍ ആണെന്നും മനസിലാക്കുക.
ഇന്ത്യയില്‍ പൊതുവെ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്ന സമയത്ത് കല്യാണത്തിന് കൂടാവുന്നവരുടെ എണ്ണം ഇരുപതില്‍ നിന്നും അമ്പത് ആക്കുന്നതിനും ബസിലും വിമാനത്തിലും അടുത്തടുത്ത സീറ്റില്‍ ഇരിക്കാമെന്നും (സാമൂഹിക അകാലമായ ആറടി ദൂരം പാലിക്കേണ്ടതില്ല എന്നും) പറയുന്നതില്‍ ശാസ്ത്രമൊന്നുമില്ല.
5. സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ എല്ലാം ഉപയോഗിച്ചാല്‍ രോഗം വരില്ല എന്നൊരു തെറ്റിദ്ധാരണ വേണ്ട. അളവുകളില്‍ നമുക്ക് ആവശ്യമുള്ളത് പരമാവധി കുറച്ച് ഉപയോഗിക്കുക. ആരാധനാലയങ്ങളോ റെസ്റ്റോറന്റുകളോ തുറന്നത് കൊണ്ട് അവിടെ പോകണം എന്നില്ലല്ലോ.
6. സര്‍ക്കാര്‍ എത്രമാത്രം നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നുവോ അത്രമാത്രം കൂടുതല്‍ ശ്രദ്ധ നമ്മള്‍ സ്വന്തം കാര്യത്തില്‍ ഉണ്ടാക്കണം. റിസ്‌ക് കുറയുമ്പോള്‍ കൂടുതല്‍ ഇളവ് കിട്ടുന്ന ഒരു സാഹചര്യമല്ല ഇന്ത്യയില്‍ ഉള്ളത്, മറിച്ച് ഓരോ ഇളവുകളും വരുമ്പോള്‍ റിസ്‌ക്ക് കൂടുകയാണ്. ഇത് എപ്പോഴും ഓര്‍ക്കുക.
6. കൊറോണ അടുത്തയിടക്കൊന്നും നമ്മെ വിട്ടുപോകുമെന്ന് തോന്നുന്നില്ല. അലകള്‍ അലകള്‍ ആയി നമ്മെ ചുറ്റിപ്പറ്റി ഇതിവിടെയൊക്കെ കാണും. പക്ഷെ മറ്റുള്ള ഏതൊരു റിസ്‌കിനെയും പോലെ മനുഷ്യന്റെ മനസ്സ് ഇത് ജീവിതത്തിന്റെ ഭാഗമാക്കും. യുദ്ധവും തീവ്രവാദി ആക്രമണവും ഒക്കെ ദിനം പ്രതി നടക്കുന്ന നഗരങ്ങളില്‍ പോലും കുറച്ചു നാള്‍ കഴിഞ്ഞാല്‍ ആളുകള്‍ സാധാരണ പോലെ ജീവിച്ചു തുടങ്ങും. അത് മനുഷ്യന്റെ രീതിയും കഴിവുമാണ്. മൊത്തം കേസുകള്‍ നൂറു കഴിഞ്ഞപ്പോള്‍ പേടിച്ച നമ്മള്‍ ഒരു ദിവസം നൂറു കേസ് വന്നിട്ടും ഒട്ടും പേടിക്കാതിരിക്കുന്നത് അതുകൊണ്ടാണ്. പക്ഷെ ഇക്കാര്യം കൊറോണക്ക് അറിയില്ല എന്നോര്‍ക്കണം.
7. ഈ കൊറോണ പെയ്തു തീരുന്നതിന് മുന്‍പ് നമ്മെയും എന്നെങ്കിലും ഒക്കെ പിടി കൂടും എന്നൊന്ന് ചിന്തിച്ചിരുന്നത് നല്ലതാണ്. അങ്ങനെ വന്നാല്‍ നമ്മള്‍ അതിന് തയ്യാറാണോ എന്ന് ചിന്തിക്കുക. നമ്മുടെ ആരോഗ്യം, സാമ്പത്തികം, കുടുംബം, ഇതിനെയൊക്കെ എങ്ങനെയായിരിക്കും കൊറോണ ബാധിക്കുന്നത് ?. ആ സാഹചര്യങ്ങള്‍ നേരിടാന്‍ നമുക്ക് എന്തൊക്കെ ചെയ്യാന്‍ പറ്റും ?
8. കൊറോണ എന്നത് ഒരു ഫുട്ബാള്‍ മാച്ച് ഒന്നുമല്ല. മറ്റുള്ള സംസ്ഥാനങ്ങളില്‍ കേസുകള്‍ കൂടുന്നതും നമ്മുടെ സാഹചര്യവുമായി താരതമ്യപ്പെടുത്തി സന്തോഷിക്കുകയോ അഭിമാനിക്കുകയോ ചെയ്യേണ്ട കാര്യമില്ല. കേരളം ഒരു കോട്ടയോ ദ്വീപോ ഒന്നുമല്ല. ഈ കൊറോണക്കാലത്തെ നമ്മുടെ ഭാവി മൊത്തം രാജ്യത്തിന്റെ ഭാവിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള നല്ല പാഠങ്ങള്‍ മറ്റു സംസ്ഥാനങ്ങളുമായി പങ്കുവെക്കുന്നത് പോലെ തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള അനുഭവങ്ങളും പാഠങ്ങളും (അത് എന്ത് ചെയ്യരുത് എന്നതിനെ പറ്റിയാണെങ്കിലും) നമ്മള്‍ പഠിച്ചിരിക്കണം.
9. യൂറോപ്യന്‍ രാജ്യങ്ങള്‍ കൊറോണയുടെ ഒന്നാമത്തെ തിരമാലയില്‍ നിന്നും പതുക്കെ പുറത്തു വരികയാണ്. നമ്മള്‍ നമ്പര്‍ വണ്‍ ആണെന്നുള്ള വിശ്വാസത്തില്‍ അകത്തേക്ക് നോക്കി ഇരിക്കരുത്. ആയിരക്കണക്കിന് ആളുകള്‍ മരിച്ചെങ്കിലും അനവധി നല്ല പാഠങ്ങള്‍ അവിടെ നിന്നും വരുന്നുണ്ട്. ഇവയൊക്കെ പഠിക്കാനുള്ള ഒരു സംവിധാനം നമുക്ക് ഉണ്ടാകണം.
10. മറ്റ് ഏതൊരു വിഷയത്തേയും പോലെ കൊറോണക്കാര്യത്തിലും തീരുമാനം എടുക്കുന്നതില്‍ രാഷ്ട്രീയവും സാമ്പത്തികവും ഒക്കെ കടന്നുവരുന്നത് സ്വാഭാവികമാണ്. അതേസമയം പരമാവധി തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ആരോഗ്യ രംഗത്തും മറ്റു വിഷയങ്ങളിലും ഉള്ള വിദഗ്ദ്ധരുടെയും അഭിപ്രായങ്ങള്‍ തേടേണ്ടതും അറിയേണ്ടതും ആണ്.