പാലക്കാട്: പാലക്കാട്ടെ ബി.ജെ.പിയില്‍ ആഭ്യന്തര തര്‍ക്കം. ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ ആറ് നേതാക്കള്‍ രാജി സന്നദ്ധ അറിയിച്ചതായാണ് വിവരം. രാജി സന്നദ്ധത അറിയിച്ചവരില്‍ പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്നു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് ആക്കാനുള്ള തീരുമാനത്തിന് പിന്നാലെയാണ് പാർട്ടിക്കുള്ളിൽ പൊട്ടിത്തെറിയുണ്ടായത്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടിയവരെ മാറ്റിനിര്‍ത്തി ഏകപക്ഷീയമായി അധ്യക്ഷനെ തെരഞ്ഞെടുത്തെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ഒരു വിഭാഗം പറയുന്നത്. പ്രശാന്ത് സി. കൃഷ്ണകുമാറിന്റെ നോമിനിയാണെന്നും ആരോപണമുണ്ട്. നിലവിൽ തെരഞ്ഞെടുപ്പിനായി പ്രശാന്ത് പത്രിക കൈമാറിയിട്ടുമുണ്ട്.
എന്നാൽ യാക്കരയില്‍ ഇടഞ്ഞുനില്‍ക്കുന്ന ബി.ജെ.പി നേതാക്കളുടെ യോഗം ഇപ്പോഴും തുടരുകയാണ്. യോഗത്തിന് ശേഷം കൗണ്‍സിലര്‍മാര്‍ രാജിവെക്കുകയാണെങ്കില്‍ പാലക്കാട് നഗരസഭയിൽ ബി.ജെ.പിക്ക് ഭരണം നഷ്ടമാകും.
ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍, സ്മിതേഷ്, സാബു, നഗരസഭാ അധ്യക്ഷ പ്രമീള ശശീധരന്‍ ഉള്‍പ്പെടെയാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍ മുഖേന ബി.ജെ.പി നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയതായും വിവരമുണ്ട്. രാജി സന്നദ്ധത അറിയിച്ചവര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും സൂചനയുണ്ട്.
നിലവിൽ 16 പേരുടെ പിന്തുണ കോൺഗ്രസിനുണ്ട്. രാജിവെക്കുന്ന നേതാക്കളുടെ പിന്തുണയും കൂടി ലഭിക്കുകയാണെങ്കിൽ കോൺഗ്രസിന് നഗരസഭയിൽ ഭരണം പിടിക്കാം.
Content Highlight: Explosion in Palakkad BJP; Councilors move to resign