ന്യൂദല്‍ഹി: കശ്മീരിലെ മുസ്‌ലീങ്ങളുടെ അവസ്ഥയില്‍ ആശങ്ക രേഖപ്പെടുത്തി ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനി. ഇന്ത്യാ സര്‍ക്കാര്‍ ‘ജമ്മുകശ്മീര്‍ ജനതയ്ക്കുവേണ്ടി നീതിയുക്തമായ നയം സ്വീകരിക്കും’ എന്നാണ് ഇറാന്‍ പ്രതീക്ഷിക്കുന്നതെന്നും ഖമേനി പറഞ്ഞു.
‘ കശ്മീരിലെ മുസ്‌ലീങ്ങളുടെ അവസ്ഥയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. ഞങ്ങള്‍ക്ക് ഇന്ത്യയുമായി നല്ല ബന്ധമുണ്ട്. കശ്മീരി ജനതയ്ക്കുനേരെ ഇന്ത്യന്‍ സര്‍ക്കാര്‍ നീതിയുക്തമായ നയം സ്വീകരിക്കുമെന്നും ഈ മേഖലയിലെ മുസ്‌ലീങ്ങള്‍ക്കെതിരെ നടക്കുന്ന അടിച്ചമര്‍ത്തല്‍ തടയുമെന്നുമാണ് ഇറാന്‍ പ്രതീക്ഷിക്കുന്നത്.’ എന്നും അദ്ദേഹം പറഞ്ഞു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഖമേനി യു.കെയെ കുറ്റപ്പെടുത്തുകയും ചെയ്തു.
‘ ഇന്ത്യന്‍ ഉപഭൂഖണ്ഡം ഉപേക്ഷിക്കുന്നതിനു മുമ്പ് ബ്രിട്ടീഷ് സര്‍ക്കാര്‍ സ്വീകരിച്ച ക്രൂരമായ നടപടികളുടെ ഭാഗമാണ് ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള തര്‍ക്കങ്ങളും കശ്മീരിലെ ഇപ്പോഴത്തെ അവസ്ഥയും. കശ്മീരിലെ സംഘര്‍ഷങ്ങള്‍ നിലനിര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ബോധപൂര്‍വ്വം ഇത്തരമൊരു അവസ്ഥ ബാക്കിവെച്ചതാണ്.’ എന്നും ഖമേനി പറഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ ഇന്ത്യന്‍ നടപടിയ്‌ക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് പാക്കിസ്ഥാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് ഇറാനിയന്‍ പരമോന്നത നേതാവിന്റെ പ്രതികരണം വന്നിരിക്കുന്നത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ആഗസ്റ്റ് അഞ്ചിനാണ് ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതിനു മുന്നോടിയായി കശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാരടക്കമുള്ള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ വിച്ഛേദിക്കുകയും ആശയവിനിമയ സംവിധാനങ്ങളെല്ലാം തന്നെ തടസപ്പെടുത്തുകയും ചെയ്തിരുന്നു. കശ്മീരില്‍ സ്വതന്ത്രമായി സഞ്ചരിക്കുന്നതിനും മറ്റും മാധ്യമങ്ങള്‍ക്കും നിയന്ത്രണമുള്ളതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
പ്രത്യേക പദവി കശ്മീരിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതായി ബി.ബി.സി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തത്.