ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്കു നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി. സവര്‍ക്കര്‍ ‘വീര്‍’ ആയിരുന്നെന്നും രാജ്യസ്‌നേഹിയായിരുന്നെന്നും ബി.ജെ.പി വക്താവ് സാംപിത് പത്ര അഭിപ്രായപ്പെട്ടു.
‘എന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ല, രാഹുല്‍ ഗാന്ധിയെന്നാണ്. മാപ്പ് പറയില്ല’ എന്ന രാഹുലിന്റെ പ്രസ്താവനയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘രാഹുല്‍ ഗാന്ധിക്കു നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ല. സവര്‍ക്കര്‍ ‘വീര്‍’ ആണ്, രാജ്യസ്‌നേഹിയും രാജ്യത്തിനു വേണ്ടി ത്യാഗം ചെയ്തയാളുമാണ്. ആര്‍ട്ടിക്കിള്‍ 370-ലും വ്യോമാക്രമണത്തിലും മിന്നലാക്രമണത്തിലും പൗരത്വ ഭേദഗതി ബില്ലിലും രാഹുല്‍ ഉപയോഗിച്ച ഭാഷ പാക്കിസ്ഥാന്റെ ഭാഷയാണ്.
അദ്ദേഹത്തിന് ‘വീര്‍’ ആവാനോ സവര്‍ക്കര്‍ക്ക് ഒപ്പമെത്താനോ കഴിയില്ല. മേക്ക് ഇന്‍ ഇന്ത്യയെ റേപ്പ് ഇന്ത്യയുമായി താരതമ്യം ചെയ്തതിലൂടെ രാഹുല്‍ ലജ്ജയുടെയും അന്തസ്സിന്റെയും എല്ലാ പരിധികളും ലംഘിച്ചു. ഒരു മനുഷ്യന് അല്‍പ്പമെങ്കിലും ലജ്ജ വേണം.’- പത്ര പറഞ്ഞു.
വീര്‍ സവര്‍ക്കര്‍ ഒരു ഭീരുവാണെന്ന രാഹുലിന്റെ പ്രസ്താവനയെ ശിവസേന പിന്തുണയ്ക്കുമോ എന്നറിയാനാണു കാത്തിരിക്കുന്നതെന്നായിരുന്നു ബി.ജെ.പി ഐ.ടി വിഭാഗം ഇന്‍ ചാര്‍ജായ അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചത്. ദല്‍ഹിയിലെ ഭാരത് ബച്ചാവോ റാലിയിലായിരുന്നു രാഹുലിന്റെ പ്രസ്താവന.
‘രാജ്യസഭയില്‍ ബി.ജെ.പിക്കാര്‍ എന്റെ മാപ്പിന് വേണ്ടി ബഹളം വെക്കുന്നത് നിങ്ങള്‍ കേട്ടു. ഞാന്‍ മാപ്പ് പറഞ്ഞേ തീരുവെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍ അവരോട് എനിക്ക് പറയാനുള്ള കാര്യം ഇതാണ്.
എന്റെ പേര് രാഹുല്‍ ഗാന്ധിയെന്നാണ്, രാഹുല്‍ സവര്‍ക്കര്‍ എന്നല്ല. ഞാന്‍ മാപ്പ് പറയില്ല. കോണ്‍ഗ്രസില്‍ നിന്ന് ഒരാള്‍ പോലും മാപ്പ് പറയില്ല’- രാഹുല്‍ ഗാന്ധി പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായുമാണ്. മോദി സര്‍ക്കാര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞു. നോട്ട് നിരോധനം നമ്മുടെ സമ്പദ് വ്യവസ്ഥയെ ഇല്ലാതാക്കി.
മോദി നോട്ട് നിരോധനം എന്ന പേരില്‍ കള്ളം പറഞ്ഞു. മോദി ഇന്ത്യയെ തകര്‍ത്തിരിക്കുകയാണ്. അദാനിക്കും അനില്‍ അംബാനിക്കും വേണ്ടി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. ജി.എസ്.ടിയുടെ കാര്യത്തില്‍ നല്‍കിയ എല്ലാ നിര്‍ദേശവും മോദി തള്ളിക്കളഞ്ഞെന്നും രാഹുല്‍ പറഞ്ഞു.