ആനന്ദ് തെൽതുംദെയേയും നവലേഖയേയും വിട്ടയക്കണം; അമിത് ഷായോട് യൂറോപ്യൻ പാർലമെന്റ് സബ്കമ്മിറ്റി
national news
ആനന്ദ് തെൽതുംദെയേയും നവലേഖയേയും വിട്ടയക്കണം; അമിത് ഷായോട് യൂറോപ്യൻ പാർലമെന്റ് സബ്കമ്മിറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th May 2020, 6:33 pm

ന്യൂദൽഹി: ആക്റ്റിവിസ്റ്റുകളായ ആനന്ദ് തെൽതുംദെയുടെയും ​ഗൗതം നവലേഖയുടെ അറസ്റ്റിൽ വിമർശനവുമായി മനുഷ്യാവകാശത്തിനായുള്ള യൂറോപ്യൻ പാർലമെന്റ് സബ്കമ്മിറ്റി. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഭീമ കൊറേ​ഗാവ് സംഭവത്തിലാണ് ദേശീയ അന്വേഷണ ഏജൻസി  ആനന്ദ് തെൽതുംദെയേയും ​ഗൗതം നവലേഖയേയും അറസ്റ്റ് ചെയ്യുന്നത്.

ഇന്ത്യയിലെ പാർശ്വവത്കരിക്കപ്പെട്ടതും ദരിദ്രരുമായ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ മനുഷ്യാവകാശ പ്രവർത്തകർക്ക് സാധിക്കുന്നില്ല എന്നത് തീർത്തും നിരാശാജനകമാണെന്ന് യൂറോപ്യൻ യൂണിയൻ സ്പെഷ്യൽ റപ്രസന്റേറ്റീവ് ഫോർ ഹ്യൂമൺ റൈറ്റ്സ് മരിയ അരീന പറഞ്ഞു.

പൗരത്വ ഭേ​ദ​ഗതി നിയമത്തിനെതിരെ സമരം ചെയ്തവരെ യു.എ.പി.എ നിയമം ചുമത്തി അറസ്റ്റുചെയ്യുന്ന സർക്കാർ നടപടിക്കെതിരെയും സബ്കമ്മിറ്റി വിമർശനം ഉന്നയിച്ചു. ഭേദ​ഗതി ചെയ്ത യു.എ.പി.എ വ്യക്തികളെ തീവ്രവാദികളായി മുദ്രകുത്താൻ സർക്കാരിനെ അനുവദിക്കുകയും കേസുകൾ അന്വേഷിക്കാൻ ദേശീയ അന്വേഷണ ഏജൻസിയെ അധികാരപ്പെടുത്തുകയും ചെയ്യുന്നു. യു.എ.പി.എ നിയമപ്രകാരം കുറ്റം ചുമത്തിയ ഒരാളെ എഴു വർഷം വരെ തടവിലാക്കാം.

മനുഷ്യാവകാശ പ്രവർത്തകരായ സഫൂറ സർ​ഗാർ, ​ഗൾഫിഷ ഫാത്തിമ, ഖാലിദ് സൈഫി, മീരൻ ഹൈദർ, ഷിഫ-ഉർ-റഹ്മാൻ, ഡോ.കഫീൽ ഖാൻ എന്നിവരെ നിശബ്ദരാക്കാൻ തീവ്രവാദ ആരോപണം നടത്തിയത് ആശങ്കയുളവാക്കുന്നതാണെന്നും സബ്കമ്മിറ്റി നിരീക്ഷിച്ചു. ദേശീയ സുരക്ഷ നിയമത്തിലൂടെ മനുഷ്യാവകാശ പ്രവർത്തകരെ തടസ്സപ്പെടുത്തുന്നതിനെതിരെയും കമ്മിറ്റി വിമർശനം ഉന്നയിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക