മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ വിമാന അപകടത്തില്‍ മരിച്ചതായി വാര്‍ത്ത. യൂറോപ്യന്‍ ന്യൂസ് നെറ്റ്‌വര്‍ക്കായ ഇ.ഐ പെയ്‌സ് ടിവിയാണ് വ്യാജവാര്‍ത്ത പുറത്തുവിട്ടത്. ഷാരൂഖ് സഞ്ചരിച്ചിരുന്ന സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്നുവെന്നും അപകടത്തില്‍ താരവും അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന ആറുപേരും മരിച്ചുവെന്നുമായിരുന്നു വാര്‍ത്ത. ചാനല്‍ ബ്രേക്കിങ് ന്യൂസായാണ് വാര്‍ത്ത പുറത്തുവിട്ടത്.
കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് അപകടത്തിനു കാരണമെന്നും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ജി550 ജെറ്റിലാണ് ഷാരൂഖ് തന്റെ സഹായിക്കൊപ്പം യാത്ര ചെയ്തതെന്നും വിമാനത്തിലെ മറ്റു യാത്രക്കാര്‍ പാരിസിലെ ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നുവെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു. വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ ലോകമാകമാനമുളള ഇന്ത്യക്കാര്‍ അമ്പരന്നിരുന്നു.
ജോയിന്റ് കമ്മിഷണര്‍ ഓഫ് മുംബൈ പൊലീസ് ദേവന്‍ ഭാരതി വാര്‍ത്ത കേട്ട് ഷാരൂഖിന്റെ സഹായിയെ വിളിച്ചപ്പോള്‍ ഷാരൂഖിനു യാതൊരുവിധ കുഴപ്പവുമില്ലെന്നും മുംബൈയിലെ ഷൂട്ടിങ്ങിലാണ് അദ്ദേഹം ഉളളതെന്നും വാര്‍ത്ത വ്യാജമാണെന്നും കമ്മിഷണറോട് സഹായി മറുപടി നല്‍കിയതായ് മുംബൈ മിററിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ താന്‍ മരിച്ചതായുളള വാര്‍ത്തകള്‍ കേട്ട് ഷാരൂഖിന് ഫോണ്‍ കോളുകള്‍ എത്തുന്നത് ഇതാദ്യമായല്ല. ഇത്തവണ കാര്യങ്ങള്‍ കൂടുതല്‍ വഷളായെന്നു മാത്രം. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി പ്രചരിച്ച വാര്‍ത്ത മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുപോലും ലഭിച്ചു. മാത്രമല്ല ഇന്ത്യയിലെ ചില വെബ്‌സൈറ്റുകളും ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതു കൂടി ആയപ്പോള്‍ ആ ദിവസം മുഴുവന്‍ ഫോണ്‍ കോളുകളുടെ ബഹളമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.