ഇപ്പോള്‍ ഇറങ്ങുന്ന തമിഴ് മാസ് മൂവിക്ക് വേണ്ട എലമെന്റുകള്‍ എന്തൊക്കെയാണെന്ന് ലിസ്റ്റ് ചെയ്താല്‍, നിങ്ങളുടെ മനസില്‍ വരുന്നതെല്ലാമുള്ള ഒരു സിനിമയാണ് സൂര്യയുടെ എതിര്‍ക്കും തുനിന്തവന്‍.
നീതിക്ക് വേണ്ടി പോരാടുന്ന നായകന്‍, അയാളുട അടി, ഇടി, മാസ് ഡയലോഗ്, പാട്ട്, ഡാന്‍സ്, ഒരു ചിന്ന ഫ്ളാഷ് ബാക്ക്, പിന്നെ, ഫുള്‍ സപ്പോര്‍ട്ട് കൊടുക്കുന്ന ഫാമിലി, അതു കഴിഞ്ഞാല്‍, വില്ലനും ഒരു കാര്യവുമില്ലാതെ ഒരു നായികയും.
പിന്നെ ഇപ്പോഴത്തെ കണ്ടംപററി ഐറ്റമായ സ്ത്രീകളെ സംരക്ഷിക്കാനായി നായകന്‍ ഏതറ്റം വരെയും പോകുന്നു. സ്ത്രീകളെ എംപവര്‍ ചെയ്യാനുള്ള പ്രസംഗങ്ങളും. ഇതെല്ലാം കാണാന്‍ തയ്യാറാണെങ്കില്‍ എതിര്‍ക്കും തുനിന്തവന് തിയേറ്ററില്‍ പോകാം.
റിലീസിന് മുന്‍പിറങ്ങിയ ട്രെയ്ലറിലും പാട്ടുകളിലുമൊക്കെ എന്താണോ സൂചന നല്‍കിയത് ആ സൂചനകളിലൊന്ന് പോലും എതിര്‍ക്കും തുനിന്തവന്‍ തെറ്റിക്കുന്നില്ല. അതിന് മുകളിലേക്ക് പോകുന്നുമില്ല. സ്ഥിരമായി ഇറങ്ങുന്ന മാസ് പടങ്ങളുടെ അച്ചില്‍ വാര്‍ത്ത അടുത്ത സിനിമയാണിത്.
കോളേജ് വിദ്യാര്‍ത്ഥികളായ പെണ്‍കുട്ടികളെ പ്രണയം നടിച്ചോ ഭീഷണിപ്പെടുത്തിയോ നഗ്‌ന വീഡിയോസ് എടുക്കുകയും പിന്നീട് അത് പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി അവരെ സെക്സ് റാക്കറ്റില്‍ യൂസ് ചെയ്യുകയും ചെയ്യുന്നതാണ് സിനിമയുടെ പ്രമേയം. ഇതേ കുറിച്ച് അറിയുന്ന വക്കീല്‍ കൂടിയായ നായകന്‍ അതിനെതിരെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ നിര്‍ബന്ധിതനാകുന്നതാണ് പ്ലോട്ട്. ഇതിനിടയില്‍ മെയിന്‍ വില്ലന്‍, രാഷ്ട്രീയക്കാര്‍, പൊലീസ്, പണക്കാര്‍ തുടങ്ങിയവരുടെ നെക്സസ് വര്‍ക്ക് ചെയ്യുന്നതൊക്കെ വരുന്നുണ്ട്.
പിന്നെ ഈ പെണ്‍കുട്ടികളുടെ നഗ്‌ന വീഡിയോസ് പുറത്തുവിടുന്നവരെ ഏത് രീതിയില്‍ നേരിടണമെന്നത് സംബന്ധിക്കുന്ന പല പല മാര്‍ഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നുണ്ട്. സ്ത്രീകള്‍ ഇതിനെ കാണേണ്ട രീതിയടക്കം. സത്യത്തില്‍ വളരെ ഗൗരവമുള്ള വിഷയത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. പക്ഷെ നായകന്റെ മാസിനപ്പുറത്തേക്ക് മറ്റൊന്നും സിനിമയില്‍ കാണാന്‍ സാധിക്കില്ല.
പിന്നെ സ്ത്രീകളെ സംരക്ഷിച്ചേ അടങ്ങൂവെന്ന വാശിയാണ് കഴിഞ്ഞ കുറെ നാളായി ഏത് ഭാഷയിലേയും മാസ് നായകന്മാരുടെ ഒരു ലൈന്‍. പാട്രിയാര്‍ക്കിയേയും സ്ത്രീവിരുദ്ധതയേയും കുറിച്ചൊക്കെ ചര്‍ച്ചകള്‍ നടക്കുന്നത് കൊണ്ടാകാം. എന്നാല്‍ സ്ത്രീകളെ ബഹുമാനിക്കേണ്ടതിന്റെയും അവര്‍ സ്വയം ശക്തരാകേണ്ടതിന്റെയും സ്വന്തം കാലില്‍ നില്‍ക്കേണ്ടതിന്റെയും ആവശ്യകതയേ കുറിച്ചുള്ള നായകന്മാരുടെ വാചകമടിയല്ലാതെ സ്വന്തമായ അഭിപ്രായങ്ങളുള്ള ഒരു സ്ത്രീ കഥാപാത്രം പോലും ഈ സിനിമകളിലുണ്ടാകാറില്ല.
ഇത്തരം സിനിമകള്‍ ഡയലോഗുകളിലൂടെ പറയുന്ന കാര്യങ്ങളുടെ നേര്‍ വിപരീതമാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമകളില്‍ ചെയ്യുന്നത്. സ്ത്രീകള്‍ വീക്കര്‍ സെക്സും നായകന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകേണ്ടവരുമാണെന്ന ബോധം തന്നെയാണ് ഇത്തരം സിനിമകള്‍ സൃഷ്ടിക്കുന്നത്. അണ്ണാ വിളിയില്ലാതെ നോ രക്ഷ എന്ന ലൈന്‍ തന്നെ. പിന്നെ, തങ്കച്ചി പാസവും സിനിമയില്‍ എവിഡന്റാണ്.
ഒരു മാസ് പടമെന്ന നിലയില്‍ ഇക്കാര്യങ്ങളൊക്കെ അത്രക്ക് ശ്രദ്ധിക്കേണ്ടതില്ലല്ലോ, ജസ്റ്റ് എന്‍ജോയ് ചെയ്ത് പോരാമല്ലോ എന്ന് ആലോചിക്കാമെങ്കിലും സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണലാണ് ഞങ്ങളുടെ മുഖ്യ അജണ്ട എന്ന് കൊട്ടിഘോഷിച്ചെത്തുന്ന സിനിമകളില്‍ ഈ പോര്‍ട്രെയ്ലിനെ കുറിച്ചു കൂടി സംസാരിക്കേണ്ടതുണ്ട്.
പിന്നെ ഈ കാര്യങ്ങളൊക്കെ മാറ്റി നിര്‍ത്തിയാല്‍ പോലും ശരാശരി നിലവാരം മാത്രം പുലര്‍ത്തുന്ന തിരക്കഥയും സംവിധാനവുമാണ് സിനിമയെ പുറകോട്ട് അടിപ്പിക്കുന്നത്. രണ്ട് ഊരുകള്‍ തമ്മിലുള്ള തിരുവിഴയും മറ്റും ഉള്‍ക്കൊള്ളിച്ചുള്ള പ്ലോട്ടും വരുന്ന പ്രശ്നങ്ങള്‍ തമ്മിലുള്ള കണക്ഷനുമൊക്കെ വളരെ വീക്കായാണ് തോന്നിയത്. ക്ലൈമാക്സ് സീനിലെ ചില ഭാഗങ്ങള്‍ മാത്രം മാസ് ഫീലിനോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. നീയൊക്കെ എന്തിനാടാ ജീവിച്ചിരിക്കുന്നേ എന്ന ഒരു ക്യാരക്ടറിന്റെ ഡയലോഗാണിതില്‍ പറയാനുള്ളത്. സിനിമയുടെ അതുവരെയുള്ള ലാഗിന്റെ അറ്റമായാണ് ഈ ക്ലൈമാക്സ് സീന്‍ ഫീല്‍ ചെയ്തത്. അതു ഒന്ന് ക്രിസ്പാക്കി പിടിച്ചിരുന്നില്ലെങ്കില്‍ സിനിമ കുറച്ച് മികച്ചതായേനെ.
കണ്ണഭിരാന്‍ എന്ന ക്യാരക്ടറിനെയാണ് സൂര്യ സിനിമയില്‍ അവതരിപ്പിക്കുന്നത്. അടിമുടി മാസ് നായകനാണ് സൂര്യ ഇതില്‍. സൂരരൈ പോട്രു, ജയ് ഭീം എന്നീ സമീപകാലത്ത് ഏറെ ജനപ്രീതി നേടിയ ഒ.ടി.ടിയിലിറങ്ങിയ സിനിമകള്‍ക്ക് ശേഷം തിയേറ്ററിലെത്തുന്ന സൂര്യ ചിത്രമാണിത്. ഈ രണ്ട് പടങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ റോളാണ് സൂര്യ ഇതില്‍ കൈകാര്യം ചെയ്യുന്നത്. ഈ സിനിമയും സ്റ്റീരിയോടൈപ്പ് മാസ് റോളും ഡിമാന്‍ഡ് ചെയ്യുന്ന പെര്‍ഫോമന്‍സ് സൂര്യ നല്‍കിയിട്ടുണ്ട്. ഏത് റോളിലാണെങ്കിലും മികച്ച സ്‌ക്രീന്‍ പ്രസന്‍സില്‍ ആ റോള്‍ ചെയ്യാന്‍ സാധിക്കുന്ന സൂര്യ എന്ന നടനെ ഇവിടെയും കാണാം.
ശരണ്യ പൊന്‍വര്‍ണന്റെ പെര്‍ഫോമന്‍സാണ് സിനിമ കാണാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. അവര്‍ സാധാരണ ചെയ്യുന്ന റോളാണെങ്കിലും കോമഡി മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ട്. ദേവദര്‍ശിനി അഞ്ചുമണിയായി എത്തുന്ന ഭാഗങ്ങളെല്ലാം മികച്ചതാക്കിയിട്ടുണ്ട്. സത്യരാജ്, ഇളവരസ് എന്നിവരാണ് അടുത്തതായി പ്രധാന വേഷങ്ങളിലെത്തുന്നത്.
വിനയ് റായിയുടെ ഇമ്പ പ്രത്യേക ആക്ടിങ്ങ് സ്‌റ്റൈലൊക്കെ കൊണ്ടുവന്ന് കുറച്ച് സൈക്കോ ആയ വില്ലനായാണ് എത്തുന്നത്. ഇയാള്‍ യൂസ് ചെയ്യുന്ന ഡ്രഗ്സിന്റെയും ആല്‍ക്കഹോളിന്റെയും ചെയ്യുന്ന ക്രിമിനല്‍ പ്രവര്‍ത്തനങ്ങളുടെയും വിവരണം കേട്ടാല്‍ പക്ഷെ ഒരു സമയം കഴിയുമ്പോള്‍ ബോറടിക്കും. പിന്നെ ഇയാളെ മൊത്തം കാണിച്ചിരിക്കുന്ന സെറ്റപ്പും ഓവര്‍ ഡ്രാമയാണ്. വിനയ് റായ് തന്റെ റോള്‍ മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.
ആധിനി എന്ന നായിക കഥാപാത്രമാണ് സിനിമയില്‍ ഒരു കാര്യവുമില്ലാത്തയാളെന്ന് തോന്നിയത്. പാട്ടിനും ഡാന്‍സിനും വന്‍ ക്ലീഷേയായ റൊമാന്‍സിനും വേണ്ടി ഒരു നായിക. പ്രിയങ്ക അരുള്‍ മോഹനാണ് ഈ വേഷം ചെയ്തിരിക്കുന്നത്. പുഷ്പയിലെ ശ്രീവള്ളിയെ പോലെ ഈ പടം കണ്ടപ്പോഴും എന്തിനാണ് ആ നായിക എന്ന് മനസിലായില്ല.
ഫൈറ്റ് സീനുകളും പാട്ടുകളുമാണ് സിനിമയിലെ അടുത്ത ഹൈലെറ്റ്. ഫൈറ്റ് സീനുകളെല്ലാം മികച്ചതാക്കാന്‍ സംവിധായകന്‍ പാണ്ടിരാജ് ശ്രദ്ധിച്ചിട്ടുണ്ട്. ആ സമയത്തെ ക്യാമറയും ബി.ജി.എമ്മും തിയേറ്റര്‍ എക്സ്പീരിയന്‍സ് നല്ലതാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ചിത്രത്തില്‍ സാമൂഹ്യ സന്ദേശം ഉള്‍ക്കൊള്ളിച്ച ഒരു പാട്ടും, പിന്നെ ഇഷ്ടം പോലെ നായിക നായകന്റെ ഡാന്‍സ് പാട്ടുകളുമുണ്ട്. ഇതെല്ലാം ഒരുപക്ഷെ ഹിറ്റായേക്കാം.
സൂര്യയുടെ എതിര്‍ക്കും തുനിന്തവന്‍ ഒരുപക്ഷെ തിയേറ്ററുകളില്‍ ആഘോഷമാകാന്‍ സാധ്യതയുണ്ട്. അതിന്റെ മാസ് മൂവി എലമെന്റുകള്‍ അതിന് തീര്‍ച്ചയായും ഹെല്‍പ്പ് ചെയ്യുമെന്ന് തന്നെയാണ് കരുതുന്നത്. പക്ഷെ ഒരു മാസ് മൂവിക്കപ്പുറം മറ്റെന്തെങ്കിലും പ്രതീക്ഷച്ചാണ് തിയേറ്ററിലെത്തുന്നതെങ്കില്‍ കടുത്ത നിരാശയായിരിക്കും ഈ സിനിമ പ്രേക്ഷകര്‍ക്ക് നല്‍കുന്നത്.
Content Highlight: Etharkkum Thunindhavan Movie Review| Suriya |Pandiraj