റൊണാള്‍ഡോയുമായും റൂണിയുമായും അവനെ താരതമ്യം ചെയ്യേണ്ട; പ്രതികരണവുമായി ടെന്‍ ഹാഗ്
Football
റൊണാള്‍ഡോയുമായും റൂണിയുമായും അവനെ താരതമ്യം ചെയ്യേണ്ട; പ്രതികരണവുമായി ടെന്‍ ഹാഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 27th November 2023, 1:23 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞദിവസം എവര്‍ട്ടനെതിരെ നടന്ന മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീനന്‍ യുവതാരം അലജാന്‍ഡ്രോ ഗാര്‍നാച്ചോ ഒരു തകര്‍പ്പന്‍ ബൈസിക്കിള്‍ ഗോള്‍ നേടിയിരുന്നു.

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം റൊണാള്‍ഡോയും ഇംഗ്ലീഷ് ഇതിഹാസം വെയ്ന്‍ റൂണിയും ഇതിന് സമാനമായ ഗോളുകള്‍ നേടിയിരുന്നു. ഈ തകര്‍പ്പന്‍ ഗോളോടെ ഗാര്‍നാച്ചോയെ റൂണിയും റൊണാള്‍ഡോയുമായെല്ലാം താരതമ്യം ചെയ്തിരുന്നു.

ഈ സാഹചര്യതില്‍ പ്രതികരണവുമായി രംഗത്തെത്തിരിക്കുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ എറിക് ടെന്‍ ഹാഗ്.

ഗാര്‍നാച്ചോയെ റൂണിയും റൊണാള്‍ഡോയുമായി താരതമ്യം ചെയ്യരുതെന്നും അവന് ആ വഴി വരാന്‍ ഒരുപാട് സമയം നല്‍കണമെന്നുമാണ് ടെന്‍ ഹാഗ് പറഞ്ഞത്.

‘അവനെ റൊണാള്‍ഡോ, റൂണി എന്നിവരുമായി താരതമ്യം ചെയ്യരുത്. എല്ലാവര്‍ക്കും അവരുടേതായ ഐഡന്റിറ്റി ഉണ്ട്. അവന് ഇവരുടെയെല്ലാം അടുത്ത് വരണമെങ്കില്‍ നന്നായി കഠിനാധ്വാനം ചെയ്യണം അതിലൂടെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ നടത്തണം. അവന്‍ മികച്ച കഴിവുള്ള താരമാണ്. ഞങ്ങള്‍ അവന്റെ മികച്ച പ്രകടനം ആദ്യമായിട്ടല്ല കാണുന്നത്. അവന് റൊണാള്‍ഡോയെ പോലെയോ റൂണിയെ പോലെയോ ആവണമെങ്കില്‍ ഒരു പ്രീമിയര്‍ ലീഗ് സീസണില്‍ 20-25 ഗോളുകള്‍ നേടണം. ഇത് അത്ര എളുപ്പമുള്ള കാര്യമല്ല അതിനു നന്നായി അവന്‍ കഠിനാധ്വാനം ചെയ്യണം,’ ടെന്‍ ഹാഗ് മത്സരശേഷം പറഞ്ഞു.

മത്സരം തുടങ്ങി മൂന്നാം മിനിട്ടില്‍ ആയിരുന്നു ഗാര്‍നാച്ചോയുടെ അവിസ്മരണീയ ഗോള്‍ പിറന്നത്. 56ാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി കൃത്യമായി ലക്ഷ്യത്തിലെത്തിച്ചുകൊണ്ട് മാര്‍ക്കസ് റാഷ്ഫോഡ് യൂണൈറ്റഡിന്റെ രണ്ടാം ഗോള്‍ നേടി. മത്സരത്തിന്റെ 75ാം മിനിട്ടില്‍ ആന്റണി മാര്‍ഷ്യല്‍ മൂന്നാം ഗോളും നേടിയതോടെ യുണൈറ്റഡ് മത്സരം പൂര്‍ണമായും സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ 13 മത്സരങ്ങളില്‍ നിന്നും 24 പോയിന്റുമായി ആറാം സ്ഥാനത്താണ് റെഡ് ഡെവിള്‍സ്.

ചാമ്പ്യന്‍സ് ലീഗില്‍ നവംബര്‍ 29ന് ഗലാറ്റസരെക്കെതിരെയാണ് റെഡ് ഡെവിള്‍സിന്റെ അടുത്ത മത്സരം.

Content Highlight: Erik ten Haag has responded to Alejandro Garnacho’s comparisons to Cristiano Ronaldo and Wayne Rooney.