ലീഗ് വണ്ണിനേക്കാള്‍ മികച്ച ലീഗാണ് സൗദി പ്രോ ലീഗെന്ന് അടുത്തിടെ അല്‍ നസര്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞിരുന്നു. 2023 ഗ്ലോബല്‍ സോക്കര്‍ അവാര്‍ഡ് നേടിയതിനുശേഷം ആയിരുന്നു പോര്‍ച്ചുഗീസ് സൂപ്പര്‍താരം തന്റെ അഭിപ്രായം പറഞ്ഞത്.
ഈ സാഹചര്യത്തില്‍ റൊണാള്‍ഡോയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് ഫ്രഞ്ച് ക്ലബ്ബായ സ്റ്റേഡ് ബ്രെസ്റ്റോയിസിന്റെ പരിശീലകന്‍ എറിക് റോയ്.
റൊണാള്‍ഡോയുമായി തനിക്ക് വിയോജിപ്പുകളില്ലെന്നും എന്നാല്‍ ഫ്രഞ്ച് ലീഗില്‍ കളിക്കാത്ത റൊണാള്‍ഡോക്ക് എങ്ങനെ ആ ലീഗിനെ വിമര്‍ശിക്കാന്‍ സാധിക്കും എന്നാണ് റോയ് പറഞ്ഞത്. ജി.എഫ്.എഫ്.എന്നിലൂടെ പ്രതികരിക്കുകയായിരുന്നു ഫ്രഞ്ച് ക്ലബ്ബ് പരിശീലകന്‍.
‘റൊണാള്‍ഡോ ഇതുവരെ ലീഗ് വണ്‍ കളിച്ചിട്ടില്ല. പിന്നെയെങ്ങനെ അദ്ദേഹത്തിന് ഇങ്ങനെ പറയാന്‍ സാധിക്കും. ഇവിടെ ഒരിക്കല്‍ പോലും കളിക്കാത്ത റൊണാള്‍ഡോക്ക് എങ്ങനെ ഫ്രഞ്ച് ലീഗിനെ വിലയിരുത്താന്‍ സാധിക്കും. രണ്ട് ലീഗുകളും തമ്മില്‍ താരതമ്യങ്ങളുടെ ആവശ്യമില്ല. എനിക്കിപ്പോള്‍ ഇതിനെതിരെ പ്രതികരിക്കാന്‍ സമയമില്ല. കാരണം ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാവും ശരിക്കുമുള്ള കാര്യങ്ങള്‍ എന്താണെന്ന്. റൊണാള്‍ഡോ എന്തുകൊണ്ടാണ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല,’ റോയ് പറഞ്ഞു.
റൊണാള്‍ഡോയുടെ ഈ പരാമര്‍ശത്തിനെതിരെ ലീഗ് വണ്ണില്‍ കളിക്കുന്ന ക്ലബ്ബുകളുടെ പല പരിശീലകരും റൊണാള്‍ഡോക്കെതിരെ പ്രതികരിച്ചിരുന്നു. റോയിയുടെ നേതൃത്വത്തില്‍ ലീഗ് വണ്ണില്‍ 18 മത്സരങ്ങളില്‍ നിന്നും പത്ത് വിജയവും നാല് സമനിലയും നാല് തോല്‍വിയും അടക്കം 34 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് ബ്രെസ്റ്റ്.
അതേസമയം പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ വരവോടുകൂടി സൗദി പ്രോ ലീഗിന് കൃത്യമായ ശ്രദ്ധ പിടിച്ചുപറ്റാന്‍ സാധിച്ചിരുന്നു. റൊണാള്‍ഡോയുടെ വരവിനു പിന്നാലെ യൂറോപ്പിലെ ഒരു പിടി മികച്ച താരങ്ങളും സൗദിയിലേക്ക് കൂടുമാറിയിരുന്നു.
സീസണല്‍ സൗദി വമ്പന്മാര്‍ക്ക് വേണ്ടി മിന്നും ഫോമിലാണ് റൊണാള്‍ഡോ കളിക്കുന്നത്. 24 ഗോളുകളും 11 അസിസ്റ്റുകളും നേടിക്കൊണ്ട് പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് റൊണാള്‍ഡോ നടത്തുന്നത്.
സൗദി ലീഗില്‍ നിലവില്‍ 19 റൗണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 15 വിജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും അടക്കം 46 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റൊണാള്‍ഡോയും കൂട്ടരും.
Content Highlight: Eric Roy react against Cristaino Ronaldo.