ഹയ സോഫിയക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യന്‍ പള്ളിയും മസ്ജിദാക്കാന്‍ എര്‍ദൊഗാന്‍?
World News
ഹയ സോഫിയക്കു പിന്നാലെ മറ്റൊരു ക്രിസ്ത്യന്‍ പള്ളിയും മസ്ജിദാക്കാന്‍ എര്‍ദൊഗാന്‍?
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th August 2020, 1:29 pm

അങ്കാര: ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ തുര്‍ക്കിയിലെ മറ്റൊരു ഓര്‍ത്തഡോക്‌സ് ക്രിസ്ത്യന്‍ പള്ളിയായിരുന്ന മ്യൂസിയവും മുസ്ലിം പള്ളിയും നീക്കം നടക്കുന്നതായി സൂചന.

പടിഞ്ഞാറന്‍ ഇസ്താംബൂളിലുള്ള ബൈസന്റൈന്‍ മധ്യകാലഘട്ടത്തിലെ ദേവാലയമായിരുന്ന ചോറ ഇപ്പോള്‍ മ്യൂസിയമാണ്. ഈ മ്യൂസിയം പള്ളിയാക്കാനാണ് എര്‍ദൊഗാന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓട്ടോമന്‍ പടനായകര്‍ 1453 ല്‍ കോണ്‍സ്റ്റന്റിനോപ്പിള്‍ പിടിച്ചടക്കി അര നൂറ്റാണ്ടിനു ശേഷം ഈ ചര്‍ച്ചിനെ മുസ്ലിം പള്ളിയക്കുകയായിരുന്നു. പിന്നീട് ആധുനിക, മതേതര തുര്‍ക്കി സ്ഥാപിതമായ ശേഷമാണ് ഈ ചര്‍ച്ച് മ്യൂസിയമാക്കുന്നത്. ഓട്ടോമന്‍ കാലഘട്ടത്തില്‍ എടുത്തു കളഞ്ഞ ആരാധന ശില്‍പങ്ങളും മറ്റും വീണ്ടും സ്ഥാപിക്കുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷം നവംബറില്‍ ഈ മ്യൂസിയം പള്ളിയാക്കണമെന്ന് തുര്‍ക്കി സ്റ്റേറ്റ് കൗണ്‍സില്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഈ നീക്കം ഇതുവരെയും നടപ്പാക്കിയിരുന്നില്ല. വിസ്മയകരമായ ശില്‍പങ്ങളും ചരിത്ര സ്മാരകങ്ങളും കാരണം ഈ മ്യൂസിയം ഇസ്താബൂളില്‍ പ്രശസ്തമാണ്. അതേ സമയം ഇതു സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യപനമൊന്നും എര്‍ദൊഗാന്‍ നടത്തിയിട്ടില്ല.