കണ്ണുര്‍: പൊലീസ് നിക്ഷ്പക്ഷവും നീതിപൂര്‍വമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു കുറ്റവാളികളെയും അവര്‍ സംരക്ഷിക്കില്ലെന്നും നിയമം അതിന്റെ വഴിക്ക് പോകുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍. വിമാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ വധശ്രമ കേസില്‍ കെ.എസ്. ശബരിനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അക്രമികളെ സംരക്ഷിക്കാനുള്ള നിലപാട് കോണ്‍ഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുണ്ടെന്നും ആ കാര്യം അവര്‍ എപ്പൊഴും നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഈ സംഭവത്തില്‍ ജയിലില്‍ പോയി വന്ന പ്രവര്‍ത്തകരെ ഷാളിട്ട് സ്വീകരിച്ചവരാണ് അവരെന്നും ഇ.പി. കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിക്കെതിരായി ഇന്‍ഡിഗോ വിമാനത്തിലുണ്ടായ പ്രതിഷേധം ആസൂത്രിതമാണെന്ന് വ്യക്തമായെന്നും ഇന്‍ഡിഗോ കമ്പനി ബഹിഷ്‌കരിക്കാനുള്ള തന്റെ തീരുമാനത്തില്‍ പിശകില്ലെന്നും ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ നടത്തിയ പ്രതിഷേധത്തെത്തുടര്‍ന്ന് അവരെ തള്ളിയിട്ട സംഭവത്തില്‍ ഇന്‍ഡിഗോ കമ്പനി ഇ.പി.ജയരാജന് മൂന്ന് ആഴ്ചയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചയും യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
വിലക്കിന്റെ കാര്യം ഇന്‍ഡിഗോ തന്നെ ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ലെന്നും, മാധ്യമ പവര്‍ത്തകരായ സുഹൃത്തുക്കള്‍ വിളിച്ചു പറഞ്ഞെപ്പോഴാണ് താന്‍ വിവരം അറിഞ്ഞത്. ഇന്‍ഡിഗോ അവരുടെ വിമാനത്തില്‍ അക്രമം നടത്താന്‍ തയ്യാറായി വന്നവരെ എതിര്‍ത്തതിന് എനിക്ക് പുരസ്‌കാരം നല്‍കേണ്ടതായിരുന്നു, എന്നാല്‍ അവര്‍ ചെയ്തത് അക്രമിക്കാന്‍ വന്ന ക്രിമിനലുകള്‍ക്ക് രണ്ടാഴ്ച യാത്രാ വിലക്കും എനിക്ക് മൂന്നാഴ്ച്ച വിലക്കുമാണ് ഏര്‍പ്പെടുത്തിയത്. ഈ സംഭവത്തോടെ ഇന്‍ഡിഗോ കമ്പനി എത്ര തെറ്റായ നിലപാടാണ് സ്വീകരിച്ചത് എന്ന് പ്രഥമ ദൃഷ്ടിയാല്‍ മനസിലാകുമെന്നും ഇ.പി പറഞ്ഞു.