Sports News
35 റണ്‍സിനിടെ തകര്‍ന്നത് അഞ്ച് വിക്കറ്റ്; മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തിരിച്ചടി!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Sep 07, 01:28 pm
Saturday, 7th September 2024, 6:58 pm

ശ്രീലങ്കക്കെതിരെയുള്ള മൂന്നാം ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന് തിരിച്ചടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 69.1 ഓവറില്‍ 325 റണ്‍സിനാണ് ഓള്‍ ഔട്ട് ആയത്.

ടീമിനുവേണ്ടി മിന്നും പ്രകടനം കാഴ്ചവച്ചത് ക്യാപ്റ്റന്‍ ഒല്ലി പോപ്പാണ്. 156 പന്തില്‍ നിന്ന് രണ്ട് സിക്‌സറും 19 ഫെറും ഉള്‍പ്പെടെ 154 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. 98.72 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്. പോപ്പിന് പുറമെ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് 79 പന്തില്‍ നിന്ന് 86 റണ്‍സും നേടിയിരുന്നു.

ഇംഗ്ലണ്ടിന്റെ സ്‌കോര്‍ 45ല്‍ നില്‍ക്കുമ്പോള്‍ ആണ് 5 റണ്‍സ് നേടിയ ഡാന്‍ ലോറന്‍സിനെ പുറത്താക്കി ലങ്ക ആദ്യ വിക്കറ്റ് നേടുന്നത്. ലഹിരു കുമാരയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് ബെന്‍ ഡക്കറ്റിനും ജോ റൂട്ടിനും (13) ഹാരി ബ്രൂക്കിനും (19) ക്രീസില്‍ പിടിച്ചു നില്‍ക്കാന്‍ ആയില്ല.

വിക്കറ്റ് കീപ്പര്‍ ജാമി സ്മിത്ത് 16 റണ്‍സും ഒല്ലി സ്റ്റോണ്‍ പുറത്താകാതെ 15 റണ്‍സും നേടിയിരുന്നു. ടീം സ്‌കോര്‍ 290 നില്‍ക്കവെ അഞ്ച് വിക്കറ്റുകള്‍ നഷ്ടപ്പെട്ടപ്പോള്‍ ഇംഗ്ലണ്ടിന്റെ മധ്യ നിര പിന്നീട് തകര്‍ന്നടിയുകയായിരുന്നു.

വെറും 35 റണ്‍സ് നേടുന്നതിനിടയില്‍ അഞ്ച് വിക്കറ്റുകള്‍ ആണ് ടീമിന് നഷ്ടപ്പെട്ടത്. ശ്രീലങ്കന്‍ ബൗളര്‍മാരുടെ അറ്റാക്കില്‍ തകരുകയായിരുന്നു ഇംഗ്ലീഷ് പട.

ലങ്കയ്ക്ക് വേണ്ടി മിലാന്‍ രത്‌നയാകെ മൂന്നു വിക്കറ്റും ക്യാപ്റ്റന്‍ ധനഞ്ജയ ഡി സില്‍വ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ എന്നിവര്‍ രണ്ട് വിക്കറ്റും നേടിയപ്പോള്‍ അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റും നേടി. നിലവില്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിംഗിന് ഇറങ്ങിയ ലങ്ക ഒന്നും നഷ്ടപ്പെടാതെ 27 റണ്‍സ് നേടിയിട്ടുണ്ട്.

 

Content Highlight: England Vs Sri Lanka Third Test Update