ഓന്തിനെക്കൊണ്ട് പറ്റുമോ ഇതുപോലെ നിറം മാറാന്‍; പറഞ്ഞ വാക്കില്‍ നിന്നും യൂ ടേണ്‍ എടുത്ത് ഇംഗ്ലണ്ട് ഇതിഹാസം
Sports News
ഓന്തിനെക്കൊണ്ട് പറ്റുമോ ഇതുപോലെ നിറം മാറാന്‍; പറഞ്ഞ വാക്കില്‍ നിന്നും യൂ ടേണ്‍ എടുത്ത് ഇംഗ്ലണ്ട് ഇതിഹാസം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 4th July 2022, 3:20 pm

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ ടെസ്റ്റ് ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ പുരോഗമിക്കവേ പറഞ്ഞ വാക്കില്‍ നിന്നും യൂ ടേണ്‍ എടുത്ത് ഇംഗ്ലണ്ട് ഇതിഹാസം മൈക്കല്‍ വോണ്‍.

എന്തുവന്നാലും ഈ ടെസ്റ്റ് ഇംഗ്ലണ്ട് ജയിക്കുമെന്ന് പലയാവര്‍ത്തി പറഞ്ഞ വോണ്‍ ഇപ്പോള്‍ വാക്ക് മാറ്റി പറഞ്ഞിരിക്കുകയാണ്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ ടീം വമ്പന്‍ ലീഡ് തുടര്‍ന്നതോടെയാണ് മൈക്കല്‍ വോണ്‍ വാക്ക് മാറ്റാന്‍ നിര്‍ബന്ധിതനായത്.

മത്സരത്തില്‍ ഇന്ത്യയ്ക്കാണ് മേല്‍ക്കൈ എന്നും ഫലം ഇന്ത്യയ്ക്ക് അനുകൂലമാവാനാണ് സാധ്യതയെന്നുമാണ് താരം പറയുന്നത്.

‘257 റണ്‍സിന്റെ ലീഡ് പിന്തുടരുന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് ഏറെ ദുഷ്‌കരമാകും. ഇനി ഒരു 150 റണ്‍സ് കൂടിയെടുത്താല്‍ അത് 400 ആവും, അത് ഒരിക്കലും എളുപ്പമല്ലെന്ന് ഞാന്‍ കരുതുന്നു.

വിചിത്രമായ ഒരു ബൗണ്‍സുണ്ട്, സ്പിന്നിനെയും അത് തുണയ്ക്കും. ഷമിക്കായിരിക്കും അതിന്റെ മുഴുവന്‍ ഫലവും ലഭിക്കാന്‍ പോവുന്നത് എന്നാണ് ഞാന്‍ കരുതുന്നത്,’ വോണ്‍ പറയുന്നു.

ക്രിക് ബസ്സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയ ചേതേശ്വര്‍ പൂജാരയെ അഭിനന്ദിക്കാനും താരം മറന്നില്ല. ജോണി ബെയര്‍സ്‌റ്റോയും റിഷബ് പന്തും ഒരു ടീമിന് എത്രത്തോളം പ്രധാനമാണോ അതേ പ്രാധാന്യം തന്നെയാണ് പൂജാരയും അര്‍ഹിക്കുന്നതെന്നും വോണ്‍ പറഞ്ഞു.

നേരത്തെ മത്സരം എന്തുതന്നെ വന്നാലും ഇന്ത്യന്‍ നിര ജയിക്കാന്‍ പോവുന്നില്ലെന്നും, ഇംഗ്ലണ്ട് അത്രത്തോളം ശക്തരാണ് എന്നുമായിരുന്നു വോണ്‍ പറഞ്ഞിരുന്നത്.

അതേസമയം, മൂന്നാം ദിവസം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 125 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് കയ്യിലിരിക്കെ 150+ റണ്ണെടുത്ത ശേഷം ഡിക്ലയര്‍ ചെയ്യാനായിരിക്കും ഇന്ത്യ ശ്രമിക്കുന്നത്.

ഓപ്പണര്‍ ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ഹനുമ വിഹാരി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായിരിക്കുന്നത്. ആദ്യ ഇന്നിങ്സില്‍ നേടിയ ലീഡ് അടക്കം 257 റണ്‍സാണ് ഇപ്പോള്‍ ഇന്ത്യയ്ക്കുള്ളത്.

അഞ്ചാം ടെസ്റ്റ് ജയിക്കുകയോ സമനിലയില്‍ അവസാനിപ്പിക്കുകയോ ചെയ്താല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം. അങ്ങനെയെങ്കില്‍ 2007ന് ശേഷം ഇംഗ്ലണ്ടില്‍ ഇന്ത്യ നേടുന്ന ആദ്യത്തെ പരമ്പരയായും ഇത് മാറും.

 

Content Highlight: England Legend Michael Vaughn says India will win the 5th test