തലക്കേറ്റ അടിയില്‍ നിന്നും ഇംഗ്ലണ്ടിന് ആശ്വാസം; ശത്രുക്കള്‍ സ്വന്തം മടയിലെത്തുമ്പോള്‍ അവനില്ലാതെ എങ്ങനെ
Sports News
തലക്കേറ്റ അടിയില്‍ നിന്നും ഇംഗ്ലണ്ടിന് ആശ്വാസം; ശത്രുക്കള്‍ സ്വന്തം മടയിലെത്തുമ്പോള്‍ അവനില്ലാതെ എങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st June 2023, 9:13 am

വരാനിരിക്കുന്ന ആഷസ് പരമ്പരയില്‍ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ടീമിനൊപ്പമുണ്ടാകുമെന്ന് കോച്ച് ബ്രണ്ടന്‍ മക്കെല്ലം. ആഷസ് പരമ്പരക്ക് മുമ്പ് തന്നെ ജിമ്മി ഫിറ്റ്‌നെസ് വീണ്ടെടുക്കുമെന്നും എന്നാല്‍ അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ താരം ടീമിനൊപ്പമുണ്ടായേക്കില്ല എന്നും മക്കെല്ലം വ്യക്തമാക്കി. പരിക്കിന്റെ പിടിയിലായ ഒലി റോബിന്‍സണും ആഷസില്‍ സ്‌ക്വാഡിന്റെ ഭാഗമാകുമെന്നും മക്കെല്ലം കൂട്ടിച്ചേര്‍ത്തു.

‘ആഷസ് ടെസ്റ്റില്‍ അവര്‍ ഇരുവരും (ആന്‍ഡേഴ്‌സണ്‍, റോബിന്‍സണ്‍) ഇരുവരും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ അയര്‍ലന്‍ഡിനെതിരായ ടെസ്റ്റ് മത്സരത്തില്‍ അവര്‍ ടീമിനൊപ്പമുണ്ടായേക്കില്ല.

 

 

കുറച്ച് ദിവസങ്ങളിലേക്ക് അവരുടെ ആരോഗ്യ നിലയും ഫിറ്റ്‌നെസ്സും കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. മറ്റു പല മികച്ച ഓപ്ഷനുകളും സ്‌ക്വാഡിന്റെ ഭാഗമാണ്,’ മക്കെല്ലം പറഞ്ഞതായി ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

കൗണ്ടിയില്‍ കളിക്കുന്നതിനിടെയാണ് ആന്‍ഡേഴ്‌സണും റോബിന്‍സണും പരിക്കേല്‍ക്കുന്നത്. ഗ്ലാമര്‍ഗണിനെതിരായ ചാമ്പ്യന്‍ഷിപ്പ് മാച്ചിനിടെയാണ് സസക്‌സ് താരമായ റോബിന്‍സണ് പരിക്കേറ്റത്. കാല്‍ മടമ്പിനേറ്റ പരിക്കിന് പിന്നാലെ താരം മുടന്തി വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

മെയ് മാസമാദ്യം സോമര്‍സെറ്റിനെതിരായ മത്സരത്തിലാണ് ലങ്കാഷെയര്‍ താരമായ ജെയിംസ് ആന്‍ഡേഴ്‌സണ് പരിക്കേറ്റത്. നടുവേദനയനുഭവപ്പെട്ട താരം മത്സരത്തില്‍ നിന്നും പിന്നോട്ട് വലിക്കപ്പെടുകയായിരുന്നു.

 

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സിന്റെ ഫിറ്റ്‌നെസ്സിനെ കുറിച്ചും മക്കെല്ലം സംസാരിച്ചു.

‘ സ്റ്റോക്‌സിയും വളരെ വേഗം മെച്ചപ്പെടുന്നുണ്ട്. അവന്‍ പൂര്‍ണ ആരോഗ്യവാനായാണ് കാണപ്പെടുന്നത്. അവന്റെ മുഖത്ത് നിറഞ്ഞ ചിരി കാണാന്‍ സാധിക്കുന്നുണ്ട്. ഈ ഗ്രൂപ്പിനൊപ്പം, അവരുടെ ക്യാപ്റ്റനായി തിരിച്ചെത്തിയതില്‍ അവന്‍ ഏറെ സന്തോഷവാനാണ്. അവന്‍ ടീമിന് നല്‍കുന്ന എനര്‍ജി അതിശയകരമാണ്,’ മക്കെല്ലം കൂട്ടിച്ചേര്‍ത്തു.

ജൂണ്‍ ഒന്ന് മുതല്‍ നാല് വരെയാണ് ഇംഗ്ലണ്ടും അയര്‍ലാന്‍ഡും തമ്മിലുള്ള ഒരു ടെസ്റ്റിന്റെ പരമ്പര അരങ്ങേറുന്നത്. ലോര്‍ഡ്‌സാണ് വേദി. ഇന്ത്യന്‍ സമയം വൈകീട്ട് 3.30നാണ് മത്സരം ആരംഭിക്കുന്നത്.

ജൂണ്‍ 16നാണ് ചരിത്രപ്രസിദ്ധമായ ആഷസ് പരമ്പരക്ക് തുടക്കമാകുന്നത്. എഡ്ജ്ബാസ്റ്റണാണ് ആദ്യ ടെസ്റ്റിന് വേദിയാകുന്നത്.

ജൂണ്‍ 28ന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സിലും ജൂലൈ ആറിലെ മൂന്നാം ടെസ്റ്റ് യോര്‍ക്‌ഷെയര്‍ ക്രിക്കറ്റ് ഗ്രൗണ്ടിലുമാണ് നടക്കുക. നാലാം ടെസ്റ്റിന് ഓള്‍ഡ് ട്രാഫോര്‍ഡും അവസാന ടെസ്റ്റിന് ഓവലുമാണ് വേദിയാകുന്നത്.

 

Content highlight: England coach Brendon McCullum says James Anderson and Ollie Robinson will be available for Ashes test