ഇംഗ്ലണ്ടില്‍ ജനനം, ഇന്ത്യയില്‍ മരണം, ഇതാ പാകിസ്ഥാനില്‍ ഉയിര്‍ത്തെഴുന്നേല്‍പ്; മുന്നേറി ത്രീ ലയണ്‍സ്
Sports News
ഇംഗ്ലണ്ടില്‍ ജനനം, ഇന്ത്യയില്‍ മരണം, ഇതാ പാകിസ്ഥാനില്‍ ഉയിര്‍ത്തെഴുന്നേല്‍പ്; മുന്നേറി ത്രീ ലയണ്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 11th October 2024, 1:15 pm

ഇംഗ്ലണ്ടിന്റെ പാകിസ്ഥാന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ സന്ദര്‍ശകര്‍ക്ക് പടുകൂറ്റന്‍ വിജയം. മുള്‍ട്ടാന്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 47 റണ്‍സിനുമാണ് ഇംഗ്ലണ്ട് വിജയിച്ചുകയറിയത്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 267 റണ്‍സിന്റെ ലീഡ് മറികടന്ന് സ്‌കോര്‍ ഉയര്‍ത്താനെത്തിയ പാകിസ്ഥാന്‍ രണ്ടാം ഇന്നിങ്‌സില്‍ 220ന് പുറത്തായതോടെയാണ് ഇംഗ്ലണ്ട് തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്ന് സ്വന്തമാക്കിയത്.

സ്‌കോര്‍

പാകിസ്ഥാന്‍: 556 & 220

ഇംഗ്ലണ്ട്: 823/7d

റണ്ണൊഴുകിയ മത്സരവും മുള്‍ട്ടാനിലെ പിച്ചും

പരമ്പരയിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ മുള്‍ട്ടാന്‍ ബൗളര്‍മാരുടെ ശവപ്പറമ്പായിരുന്നു. ഒരു ട്രിപ്പിള്‍ സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും മൂന്ന് സെഞ്ച്വറിയുമാണ് ഇരു ടീമുകളുടെയും ആദ്യ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ പിറന്നത്.

ബാറ്റര്‍മാര്‍ക്ക് സകല ആനുകൂല്യവും നല്‍കിയ പക്കാ ബാറ്റിങ് ട്രാക്കാണ് മത്സരത്തിനായി ഒരുക്കിയത്. രണ്ട് ടീമുകളും ചേര്‍ന്ന് മൂന്നര ദിവസം കൊണ്ട് 1379 റണ്‍സാണ് അടിച്ചുനേടിയത്. പാകിസ്ഥാന്‍ ആദ്യ ഇന്നിങ്സില്‍ 556 റണ്‍സടിച്ചപ്പോള്‍ 823 റണ്‍സ് നേടിയാണ് ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തത്.

പാകിസ്ഥാനായി ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (177 പന്തില്‍ 151), സല്‍മാന്‍ അലി ആഘാ (119 പന്തില്‍ 104*), അബ്ദുള്ള ഷഫീഖ് (184 പന്തില്‍ 102) എന്നിവര്‍ സെഞ്ച്വറി നേടിയപ്പോള്‍ ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ച്വറിയുടെയും ജോ റൂട്ടിന്റെ ഇരട്ട സെഞ്ച്വറിയുടെയും കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്.

മസൂദ്, ആഘാ സല്‍മാന്‍, അബ്ദുള്ള ഷഫീഖ് എന്നിവര്‍ക്ക് പുറമെ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സൗദ് ഷക്കീലും സ്‌കോറിങ്ങില്‍ തുണയായി. 177 പന്തില്‍ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിനായി ജാക് ലീച്ച് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബ്രൈഡന്‍ ക്രേസും ഗസ് ആറ്റ്കിന്‍സണും രണ്ട് വിക്കറ്റ് വീതവും നേടി. ക്രിസ് വോക്സ്, ഷോയ്ബ് ബഷീര്‍, ജോ റൂട്ട് എന്നിവരാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തിലേ പിഴച്ചു. ക്യാപ്റ്റന്‍ ഒലി പോപ്പ് സില്‍വര്‍ ഡക്കായി മടങ്ങി. എന്നാല്‍ ഓപ്പണര്‍ സാക്ക് ക്രോളിയെയും നാലാം നമ്പറിലെത്തിയ ബെന്‍ ഡക്കറ്റിനെയും ഒപ്പം കൂട്ടി ജോ റൂട്ട് സ്‌കോര്‍ ഉയര്‍ത്തി. ഇരുവര്‍ക്കുമൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ റൂട്ട് അഞ്ചാം നമ്പറില്‍ കളത്തിലിറങ്ങിയ ഹാരി ബ്രൂക്കിനൊപ്പം ക്വാഡ്രാപ്പിള്‍ സെഞ്ച്വറിയുടെ പടുകൂറ്റന്‍ പാര്‍ട്ണര്‍ഷിപ്പും പടുത്തുയര്‍ത്തി.

ക്രോളി 85 പന്തില്‍ 78 റണ്‍സ് നേടി മടങ്ങി. 75 പന്തില്‍ 84 റണ്‍സാണ് ഡക്കറ്റിന്റെ സമ്പാദ്യം.

ഹാരി ബ്രൂക്കിനെ ഒപ്പം കൂട്ടി 454 റണ്‍സാണ് ജോ റൂട്ട് ടോട്ടലിലേക്ക് സംഭാവന ചെയ്തത്. ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന ടെസ്റ്റ് പാര്‍ട്ണര്‍ഷിപ്പിന്റെ റെക്കോഡും സ്വന്തമാക്കിയാണ് താരം കളം വിട്ടത്.

ഒടുവില്‍ 267 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി 823 റണ്‍സില്‍ നില്‍ക്കവെ ഡിക്ലയര്‍ ചെയ്തു.

തൊട്ടതെല്ലാം പിഴച്ച രണ്ടാം ഇന്നിങ്‌സ്

267 റണ്‍സിന്റെ കടവുമായി ഇറങ്ങിയ പാകിസ്ഥാന് ആദ്യ പന്തില്‍ തന്നെ ഒന്നാം ഇന്നിങ്സിലെ സെഞ്ചൂറിയന്‍മാരില്‍ ഒരാളെ നഷ്ടമായി. പിന്നാലെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ആതിഥേയര്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കുന്ന കാഴ്ചയാണ് മുള്‍ട്ടാനില്‍ കണ്ടത്.

തൊട്ടതെല്ലാം പിഴച്ച പാകിസ്ഥാന്‍ നിരയില്‍ ആഘാ സല്‍മാനും ആമിര്‍ ജമാലും മാത്രമാണ് ചെറുത്തുനിന്നത്. സല്‍മാന്‍ അലി ആഘാ 84 പന്തില്‍ 63 റണ്‍സ് നേടിയപ്പോള്‍ 104 പന്തില്‍ പുറത്താകാതെ 55 റണ്‍സാണ് ജമാല്‍ സ്വന്തമാക്കിയത്.

ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റ് നേടി. ഗസ് ആറ്റ്കിന്‍സണും ബ്രൈഡന്‍ ക്രേസും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. അബ്രാര്‍ അഹമ്മദ് ആബ്സന്റ് ഹര്‍ട്ടായപ്പോള്‍ ക്രിസ് വോക്സാണ് ശേഷിച്ച വിക്കറ്റും നേടിയത്.

ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ന് ലീഡ് നേടാനും ഇംഗ്ലണ്ടിനായി. ഈ വര്‍ഷമാദ്യം ഇന്ത്യയോട് തോറ്റ് പരമ്പര അടിയറവ് വെക്കേണ്ടി വന്നതോടെ ബാസ്‌ബോളിന്റെ അന്ത്യമായെന്ന് പലരും വിധിയെഴുതിയിരുന്നു. എന്നാല്‍ മക്കെല്ലം വളര്‍ത്തിയ അറ്റാക്കിങ് ക്രിക്കറ്റിന്റെ തിരിച്ചുവരവിനാണ് പാകിസ്ഥാന്‍ സാക്ഷ്യം വഹിച്ചത്.

ഒക്ടോബര്‍ 15നാണ് പരമ്പരയിലെ അടുത്ത മത്സരം. മുള്‍ട്ടാന്‍ തന്നെയാണ് വേദി.

 

Content Highlight: ENG vs PAK: England defeated Pakistan