ഇനി വിരാടിന് ഈ റെക്കോഡ് നേടാനോ തകര്‍ക്കാനോ സാധിക്കില്ല; രണ്ട് റണ്ണിന്റെ ബലത്തില്‍ കോഹ്‌ലിയെ വെട്ടി ഒന്നാമന്‍
Sports News
ഇനി വിരാടിന് ഈ റെക്കോഡ് നേടാനോ തകര്‍ക്കാനോ സാധിക്കില്ല; രണ്ട് റണ്ണിന്റെ ബലത്തില്‍ കോഹ്‌ലിയെ വെട്ടി ഒന്നാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th September 2024, 7:53 am

കഴിഞ്ഞ ദിവസാണ് ഓസ്‌ട്രേലിയയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പര അവസാനിച്ചത്. ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ടില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയിച്ച് കങ്കാരുക്കള്‍ പരമ്പര സ്വന്തമാക്കിയിരിരുന്നു. ഡക്‌വര്‍ത്ത് – ലൂയീസ് – സ്റ്റേണ്‍ നിയമത്തിന്റെ ബലത്തില്‍ 49 റണ്‍സിനായിരുന്നു ഓസ്‌ട്രേലിയയുടെ വിജയം. ഇതോടെ 3-2നാണ് കങ്കാരുക്കള്‍ പരമ്പര സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 49.2 ഓവറില്‍ 309 റണ്‍സാണ് സ്വന്തമാക്കിയത്. ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയും ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിച്ചത്. ഡക്കറ്റ് 91 പന്തില്‍ 107 റണ്‍സ് നേടിയപ്പോള്‍ 52 പന്തില്‍ 72 റണ്‍സുമായാണ് ബ്രൂക് തിളങ്ങിയത്.

ഏഴ് സിക്‌സറും മൂന്ന് ഫോറും അടക്കം 138.46 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റിലായിരുന്നു ബ്രൂക്കിന്റെ പ്രകടനം.

അഞ്ചാം ഏകദിനത്തില്‍ നേടിയ 72 റണ്‍സിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും ബ്രൂക്കിനെ തേടിയെത്തി. ഓസ്‌ട്രേലിയക്കെതിരെ ഒരു ബൈലാറ്ററല്‍ പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ബ്രൂക്ക് തകര്‍ത്തത്. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് താരം തകര്‍ത്തത്.

അഞ്ച് മത്സരത്തില്‍ നിന്നും 312 റണ്‍സാണ് ബ്രൂക്ക് സ്വന്തമാക്കിയത്. വെറും രണ്ട് റണ്‍സിന്റെ കരുത്തിലാണ് ബ്രൂക് വിരാടിനെ മറികടന്നത്. 39 (31), 4 (9), 110* (94), 87 (58), 72 (52) എന്നിങ്ങനെയാണ് ബ്രൂക് ഈ പരമ്പരയില്‍ സ്‌കോര്‍ ചെയ്തത്.

2019ല്‍ വിരാട് നേടിയ 310 റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് വിരാടിന്റെ പേരില്‍ ഈ റെക്കോഡ് കുറിക്കപ്പെട്ടത്.

ഹൈദരാബാദില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ 45 പന്തില്‍ 44 റണ്‍സ് നേടിയ വിരാട് വിദര്‍ഭയില്‍ നടന്ന രണ്ടാം മത്സരത്തില്‍ 120 പന്തില്‍ 116 റണ്‍സും റാഞ്ചിയില്‍ നടന്ന മൂന്നാം മത്സരത്തില്‍ 95 പന്തില്‍ 123 റണ്‍സും നേടി.

എന്നാല്‍ പരമ്പരയില്‍ അടുത്ത രണ്ട് മത്സരത്തിലും വിരാടിന് തിളങ്ങാന്‍ സാധിച്ചില്ല. നാലാം മത്സരത്തില്‍ ആറ് പന്തില്‍ ഏഴ് റണ്‍സും അഞ്ചാം മത്സരത്തില്‍ 22 പന്തില്‍ 20 റണ്‍സുമാണ് താരത്തിന് കണ്ടെത്താന്‍ സാധിച്ചത്. വിരാട് മങ്ങിയ അവസാന രണ്ട് മത്സരങ്ങളും വിജയിച്ച് കങ്കാരുക്കള്‍ പരമ്പര സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കെതിരെ ഒരു ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന ക്യാപ്റ്റന്‍മാര്‍

(താരം – ടീം – റണ്‍സ് – വര്‍ഷം എന്നീ ക്രമത്തില്‍)

ഹാരി ബ്രൂക് – ഇംഗ്ലണ്ട് – 312 – 2024*

വിരാട് കോഹ്‌ലി – ഇന്ത്യ – 310 – 2019

എം.എസ്. ധോണി – ഇന്ത്യ – 285 – 2009

അതേസമയം, പാര്‍ട് ടൈമര്‍ ട്രാവിസ് ഹെഡാണ് ഇംഗ്ലണ്ടിനെ മുഴുവന്‍ ഓവറും ബാറ്റ് ചെയ്യാന്‍ അനുവദിക്കാതെ പുറത്താക്കിയത്. 6.2 ഓവര്‍ പന്തെറിഞ്ഞ താരം 28 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ബെന്‍ ഡക്കറ്റ്, യുവതാരം ജേകബ് ബേഥല്‍, ബ്രൈഡന്‍ ക്രേസ്, ആദില്‍ റഷീദ് എന്നിവരെയാണ് താരം മടക്കിയത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍, ആദം സാംപ, ആരോണ്‍ ഹാര്‍ഡി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ ഇംഗ്ലണ്ട് 309ന് പുറത്തായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ തുടക്കത്തിലേ തകര്‍ത്തടിച്ചു. എന്നാല്‍ രസംകൊല്ലിയായി മഴയെത്തിയതോടെ ഇംഗ്ലണ്ടിന്റെ തോല്‍വിയും കുറിക്കപ്പെടുകയായിരുന്നു.

20.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 165 എന്ന നിലയില്‍ നില്‍ക്കവെയാണ് മോശം കാലാവസ്ഥയെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെച്ചത്. മഴനിയമപ്രകാരം വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചപ്പോള്‍ ഓസീസ് 49 റണ്‍സിന് മുമ്പിലായിരുന്നു. ഇതോടെ സന്ദര്‍ശകര്‍ മത്സരവും പരമ്പരയും സ്വന്തമാക്കി.

 

Content Highlight: ENG vs AUS: Harry Brook surpassed Virat Kohli in a record achievement