ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിക്കെതിരായ ഇ.ഡി അന്വേഷണത്തിന് പിന്നാലെ വീണ്ടും വിവാദത്തിലായി ടി.എം.സി. ബി.ജെ.പിയില്‍ നിന്നും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറിയ എം.എല്‍.എ കൃഷ്ണ കല്യാണിക്ക് എതിരെയാണ് ഇ.ഡിയുടെ പുതിയ നടപടി.
കൃഷ്ണ കല്യാണിയുടെ സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും കൊല്‍ക്കത്തയിലെ രണ്ട് ടെലിവിഷന്‍ ചാനലുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി സംബന്ധിച്ച സംശയങ്ങളെത്തുടര്‍ന്നാണ് നോട്ടീസെന്ന് ഇ.ഡി വ്യക്തമാക്കി.
2018 മുതല്‍ 2022 വരെയുള്ള കാലയളവിലെ കൊല്‍ക്കത്ത ടെലിവിഷന്‍, റോസ് ടി.വി തുടങ്ങിയ ചാനലുകളിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട് നടന്ന എല്ലാ രേഖകളും സമര്‍പ്പിക്കാനും ഇ.ഡി നിര്‍ദേശിച്ചിട്ടുണ്ട്.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥിയായാണ് കല്യാണി മത്സരിച്ചത്. വിജയിച്ച ശേഷം നിയമസഭയിലെത്തിയ കല്യാണി രാജിവെക്കാതെ തന്നെ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് കൂറുമാറുകയായിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് കല്യാണി.
2002ലാണ് കല്യാണി സോള്‍വെക്സ് പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. ഭക്ഷ്യ വസ്തുക്കള്‍ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് സോള്‍വെക്‌സ്.
പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ വിവാദത്തിലായിരിക്കെയാണ് ടി.എം.സി എം.എല്‍.എക്കെതിരെയും ഇ.ഡിയുടെ നോട്ടീസ് വന്നിരിക്കുന്നത്. പശ്ചിമ ബംഗാള്‍ മുന്‍ വിദ്യഭ്യാസ മന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജിയേയും അവരുടെ അനുയായിയായ അര്‍പിത മുഖര്‍ജിയേയും ഇ.ഡി ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ശനിയാഴ്ചയാണ് ചാറ്റര്‍ജിയെ എന്‍ഫോഴസ്്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.
Content Highlight: Enforcement directorate sends notice to trinamool congress mla as scam case against education minister partha chatterjee is trending in west bengal