യു.പിയില്‍ ഏറ്റുമുട്ടല്‍ കൊല; ആതിഖ് അഹമ്മദിന്റെ മകനെ എസ്.ടി.എഫ് വധിച്ചു
national news
യു.പിയില്‍ ഏറ്റുമുട്ടല്‍ കൊല; ആതിഖ് അഹമ്മദിന്റെ മകനെ എസ്.ടി.എഫ് വധിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th April 2023, 4:04 pm

ലഖ്‌നൗ: യു.പിയില്‍ മുന്‍ എം.പിയും ഉമേഷ് പാല്‍ കൊലപാതക കേസില്‍ ജയിലില്‍ കഴിയുന്നതുമായ ആതിഖ് അഹമ്മദിന്റെ മകന്‍ ആസദിനെ ഏറ്റുമുട്ടലില്‍ വധിച്ചു. ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സാണ്(എസ്.ടി.എഫ്) ആസദിനെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

ആതിഖ് അഹമ്മദിന്റെ അടുത്ത അനുയായിയായ മുഹമ്മദ് ഗുലാമും കൊല്ലപ്പെട്ടതായി വിവിധ ദേശീയ മധ്യമങ്ങളുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഉമേഷ് പാല്‍ കൊലക്കേസില്‍ പൊലീസ് അന്വേഷണം നേരിടുന്ന വ്യക്തികളാണ് ആസദും ഗുലാമും.

ഉമേഷ് പാലിന്റെ കൊലപാതകത്തിന് പിന്നാലെ ആസദിനെ കണ്ടുകിട്ടുന്നവര്‍ക്ക് യു.പി പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികവും ഇയാളെ കൊുടുംകുറ്റവാളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഒന്നര മാസമായി അസദിനെയും ഗുലാമിനെയും നിരീക്ഷിച്ചു വരികയാണെന്നും ഇതിനിടയില്‍ കണ്ടുമുട്ടിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നും
യു.പി എസ്.ടി.എഫ് എ.ഡി.ജി അമിതാഭ് യാഷ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ ഫെബ്രുവരി 24ന് ഉമേഷ് പാല്‍ വെടിയേറ്റ് മരിച്ച കേസിലാണ് ആതിഖ് അഹമ്മദും മകനും അടക്കമുള്ളവര്‍ അറസ്റ്റിലായിരുന്നത്. 2005ല്‍ ബി.എസ്.പി എം.എല്‍.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസാക്ഷിയായിരുന്നു ഉമേഷ് പാല്‍. ഇതിന് ശേഷമാണ് ഇദ്ദേഹം ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെടുന്നത്.

അതേമസയം, കേസിലെ മറ്റൊരു പ്രതിയായിരുന്ന അഖ്ലാഖ് അഹമ്മദിനെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ആതിഖിന്റെ ഭാര്യാസഹോദരനാണ് അഖ്ലാഖ് അഹമ്മദ്.